എല്ലാം കാണുന്ന കണ്ണുകൾ

Thought Of The Day
പ്രതീകാത്മക ചിത്രം
SHARE

അദൃശ്യനും, ദൃശ്യാദൃശ്യങ്ങൾക്കുടയവനുമായ ഈശ്വരൻ എന്നെ ദർശിക്കുന്നുണ്ടോ? ഉണ്ട് എന്ന് അർഥശങ്കയ്ക്കിടയില്ലാതെ, ഈശ്വരവിശ്വാസി ഉത്തരം കൊടുക്കും. പക്ഷേ, വ്യക്തിപരമായ സങ്കീർണപ്രശ്നങ്ങളുടെ നടുച്ചുഴിയിൽ അകപ്പെട്ടു നട്ടംതിരിയുമ്പോൾ നാമൊക്കെ പതറും. ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന കാര്യം സഫലമാകാതെ വരുമ്പോൾ നിരാശപ്പെടും. ഈശ്വരവിശ്വാസം പുലർത്തിയ ചിലരെങ്കിലും ഈശ്വരൻ ഇല്ലെന്നോ, ഈശ്വരൻ എല്ലാം കാണുന്നു എന്നും അറിയുന്നുവെന്നും ഇല്ലെന്നു ചിന്തിച്ചുപോകും.

ഒരിക്കൽ ഒരു കാലിച്ചെറുക്കൻ പൈക്കളെ മേയിച്ചു മടങ്ങുകയായിരുന്നു. വീട്ടിലെത്തി പൈക്കളെ എണ്ണിനോക്കി. ഒരെണ്ണം കുറവുണ്ട്. അവൻ വീണ്ടും വീണ്ടും എണ്ണി. ഒരെണ്ണമില്ല. അവനു സങ്കടമായി. പോയതും വന്നതുമായ വഴികളെല്ലാം തിരഞ്ഞു. പശുക്കുട്ടിയെ കണ്ടെത്തിയാൽ ഒരാടിനെ നേർച്ച കൊടുക്കാമെന്ന് ഈശ്വരനോടു പ്രാർഥിച്ചു. അത്തരം സാഹചര്യത്തിൽ നമ്മിൽ അനേകരും ചെയ്യുന്ന കാര്യമാണ് നേർച്ച നേരുക എന്നുള്ളത്.

ഏറെനേരം തിരഞ്ഞിട്ടും പശുക്കുട്ടിയെ കാണാതിരുന്ന ആ പയ്യൻ ഇങ്ങനെ പറഞ്ഞു: ‘‘എന്റെ പ്രാർഥന കേൾക്കാൻ കഴിയാത്ത ഈശ്വരൻ പൊട്ടച്ചെവിയനാണ്.’’ ഇതുപറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ തന്റെ പശുക്കുട്ടിയെ കൊന്ന് അതിന്റെ മേൽ പൂത്ത പാച്ചോറ്റിമരംപോലെ ജടാവികടനായ ഒരു സിംഹം നിൽക്കുന്നതു കണ്ടു. അവന്റെ പ്രാണനിൽ തീ ആളി. ഈ സിംഹത്തിന്റെ വായിൽ നിന്ന് ഈശ്വരാ നീ എന്നെ രക്ഷിച്ചാൽ അങ്ങേയ്ക്ക് ഞാൻ ഒരു കാളയെ തന്നേക്കാം–എന്നു പറഞ്ഞുകൊണ്ട് നേർച്ച നേർന്നു.

ഈശ്വരൻ പ്രാർഥന കേൾക്കുന്നില്ല എന്നു പരാതിപ്പെട്ടവൻ അടുത്തനിമിഷം തന്നെ ഈശ്വരനോടു മുട്ടിപ്പായി പ്രാർഥിക്കുവാനും നിർബന്ധിതനായി. മനുഷ്യനു ഭാഗികമായ വീക്ഷണമേയുള്ളൂ. അവന്റെ ഇരുകണ്ണുകളും മുൻവശത്തേക്കു തുറന്നിരിക്കുന്നു. കണ്ണു തുറന്നിരുന്നാൽ തന്നെ മുമ്പിലുള്ളതു മാത്രമേ കാണുകയുള്ളൂ. ദൃഷ്ടിപഥം സങ്കുചിതമാണ്. വർത്തമാനകാലത്തിന്റെ ചെറിയ ഒരംശം മാത്രം ദർശിക്കുന്ന മനുഷ്യൻ എല്ലാം ദർശിക്കുന്നു എന്നു ഭാവിക്കുകയും കരുതുകയും ചെയ്യുന്നു. ഭാവികാലം അവനു ഗോചരമല്ല. ഭൂതകാലം മറവിയെന്ന വെളിയടയ്ക്കുള്ളിലാണ്. ഇത്തരത്തിലുള്ള പരിമിതി അംഗീകരിക്കാത്ത ഭാവമാണ് പലപ്പോഴും പ്രകടിപ്പിക്കുന്നത്.

നാം നന്മ ആഗ്രഹിക്കുന്നു. ശരിയാണ്. പക്ഷേ, ആത്യന്തികമായ നന്മ എന്താണെന്നു നാം പലപ്പോഴും അറിയുന്നില്ല. ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യം നിവൃത്തിയായാൽ എല്ലാം ശുഭമായി എന്നു കരുതുന്നു. അതുകൊണ്ടാണ് നാം പ്രാർഥിക്കുന്ന കാര്യം അപ്പാടെ നടന്നില്ലെങ്കിൽ കോപവും നിരാശയും നമുക്കുണ്ടാകുന്നത്. ദൈവം തന്നെ കാണുന്നില്ലെന്നും തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും അയാൾ ചിന്തിച്ചുവശാകുന്നു.

മനുഷ്യന്റെ ഭാഗികവീക്ഷണമോ, പാർശ്വദർശനമോ അല്ല ഈശ്വരനുള്ളത്. അവിടുന്നു സമഗ്രമായി ദർശിക്കുന്നു. ഭൂതം–ഭാവി–വർത്തമാനങ്ങൾ ഋജുരേഖയിലെന്നോണം അവിടുന്നു കാണുന്നു. ആത്യന്തികമായ നന്മയേതെന്നു നമ്മേക്കാളധികമായി ഈശ്വരൻ അറിയുന്നു. ഈശ്വരന്റെ സർവജ്ഞതയെക്കുറിച്ചു ഭക്തനായ സങ്കീർത്തകന് ഉത്തമബോധ്യമായിരുന്നു. അദ്ദേഹം എഴുതി: ‘‘ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ നിരൂപണം ദൂരത്തുനിന്നു തന്നെ അങ്ങ് അറിയുന്നു. എന്റെ നടപ്പും കിടപ്പും അവിടുന്ന് ശോധന ചെയ്യുന്നു. എന്റെ വഴികളൊക്കെയും അങ്ങേയ്ക്കു മനസ്സിലായിരിക്കുന്നു. കർത്താവേ, അവിടുന്ന് അറിയാതെ ഒരു വാക്കുപോലും എന്റെ നാവിന്മേൽ ഇല്ല.’’

സകലതും കാണുകയും അറിയുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ചു സങ്കീർത്തകൻ അനുധ്യാനം ചെയ്യുകയാണ്. തമിഴ് ഭാഷയിൽ ഈശ്വരനെ സംബോധന ചെയ്യുന്ന നാമമാണ് ‘മീൻകണ്ണ്’ എന്നത്. പ്രസിദ്ധമായ മധുര ശ്രീകോവിലിലെ ദേവി മീനാക്ഷിയാണല്ലോ. മൽസ്യത്തിന്റെ കണ്ണുകൾ ഉള്ളവൾ എന്നർഥം.മൽസ്യത്തിന്റെ കണ്ണിനു എന്താണു പ്രത്യേകത?. അവയ്ക്ക് അടയ്ക്കുവാനും തുറക്കുവാനും കൺപോളകളില്ല. രാപകൽ അവ തുറന്നുതന്നെയിരിക്കും. ഈശ്വരന്റെ നയനങ്ങൾ അതുപോലെയാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ ബൂത്ത്പോലെ ഈശ്വരൻ തന്നെ വിളിക്കുന്ന ആരെയും കൈവിടാതെ അവരുടെ പ്രാർഥന സദാ ശ്രദ്ധിക്കുന്നു. സങ്കീർത്തകൻ അനുസ്മരിക്കുന്നു: ‘‘യിസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.’’ സദാ ജാഗരൂകനായിരിക്കുന്നു എന്നു വ്യംഗ്യം.

നാം ആശിക്കുന്ന രീതിയിൽ, ആശിക്കുന്ന സമയത്ത് ഉത്തരം കിട്ടിയില്ലെങ്കിൽതന്നെ നമ്മുടെ ആത്യന്തിക നന്മ ലക്ഷ്യമാക്കുന്ന ഈശ്വരന്, നമ്മെക്കാൾ നമ്മുടെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്ന് അറിയണം. ശിൽപകല, ചിത്രകല, സാഹിത്യം എന്നിവയൊക്കെ ഈശ്വരാനുഗ്രഹങ്ങളാണെന്നു പറയുന്നതിന്റെ കാരണം ഈശ്വരനുള്ള സമഗ്രദർശനം അവിടെ കാണുന്നതുകൊണ്ടാണ്. ഒരു മാർബിൾകല്ലിൽ ശിൽപവിദ്യ ചെയ്യാനൊരുങ്ങുന്ന ശിൽപിയും കാൻവാസിന്റെ മുന്നിലിരിക്കുന്ന ചിത്രകാരനും ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ സമഗ്രദർശനം ഉള്ളവരാണ്. അല്ലാതെ യാദൃശ്ചികമായി ലക്ഷ്യം വന്നുപോകുന്നതല്ല. ശരാശരി മനുഷ്യനിൽനിന്ന് ഏറിയ ദർശനം കലാകാരനുണ്ടെങ്കിൽ, ഈ കാണുന്ന പ്രപഞ്ചത്തിലെ പരമാണുവിനെയും സൃഷ്ടിച്ചു തൃകാലങ്ങളെയും ഉൾക്കൊള്ളുന്ന ദർശന സൂക്ഷ്മതയോടെ എല്ലാം ക്രമീകരിക്കുന്ന ഈശ്വരനാണ് ഏറ്റവും വലിയ കലാകാരൻ.

നമ്മുടെ അർഥനകളും അഭിലാഷങ്ങളും ക്ഷിപ്രസാധ്യങ്ങളാകുന്നില്ലെങ്കിൽ, നമ്മുടേതിനേക്കാൾ ദീർഘമായ സൂക്ഷ്മദർശനം ഈശ്വരനുണ്ട് എന്നുകൂടി നാം മനസ്സിലാക്കണം. ഈശ്വരൻ എല്ലാം കാണുന്നു എന്ന ചിന്ത ഒരു വശത്ത്, ധൈര്യവും പ്രത്യാശയും നൽകുമ്പോൾ മറുവശത്ത് ജാഗ്രതയും കരുതലും വരുത്തുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

English Summary : Lord Sees Everything

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ