കൊറോണ ഫോബിയ

corona-phobia-main
SHARE

ഇന്ന് എല്ലാ മനുഷ്യരുടെയും ഹൃദയത്തെ നുറുക്കുന്ന ഒന്ന് കൊറോണ എന്ന മാരണമാണ്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരാശിയെ ഒരുപോലെ ഭയത്തിന്റെയും ആശങ്കയുടെയും ഉത്കണ്ഠയുടെയും ദുഃസ്ഥിതിയിൽ എത്തിച്ചിരിക്കുന്നതിനെ ‘കൊറോണ ഫോബിയ’ എന്നു നമുക്കു വിശേഷിപ്പിക്കാം. ഫോബിയ (അർഥം – ഭയം) ചേർന്നുള്ള ഒട്ടേറെ പദങ്ങൾ ഇംഗ്ലിഷ് ഭാഷയിൽ പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ ഇതുമാകട്ടെ.

ശാസ്ത്രവിജ്‍ഞാനത്തിൽ അഭിമാനാർഹവും അഭൂതപൂർവവു മായ നേട്ടങ്ങൾ കൈവരിക്കുകയും സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ പ്രശംസാർഹമായ മുന്നേറ്റങ്ങൾ നടത്തി, താൻപോരിമയുടെയും അഹന്തയുടെ യും ഗരിമയിൽ എത്തിനിൽക്കുമ്പോഴാണ് ഏറ്റവും നിസ്സാരമായ ഒരു വൈറസ് മനുഷ്യന്റെ നിസ്സാരതയും നിസ്സഹായാവസ്ഥയും വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കടന്നാക്രമണം ഉണ്ടായിട്ട് മാസങ്ങൾ പലതു പിന്നിട്ടു. പക്ഷേ, ഇതിന്റെ ഉദ്ഭവത്തെപ്പറ്റിയോ വ്യാപന സ്വഭാവത്തെപ്പറ്റിയോ വേണ്ടത്ര അറിവു നേടാൻ കഴിഞ്ഞിട്ടില്ല. 

ഔഷധത്തിനു വേണ്ടി ഗവേഷണം നടക്കുന്നുവെങ്കിലും നാളിതുവരെ ഒന്നും ലഭ്യമായിട്ടില്ല. അനുദിനം ആയിരങ്ങൾ മരണത്തിനിരയാകുന്നു. പതിനായിരങ്ങൾ രോഗത്തിനു വിധേയരാകുന്നു. ജീവിതം ആകെ സ്തംഭനാവസ്ഥയിലാണ്. വ്യവസായ മേഖല, ഉൽപാദനരംഗം, വിദ്യാഭ്യാസ മേഖല എന്നുവേണ്ട ജീവിത ത്തിന്റെ സമസ്തമേഖലകളും അടച്ചുപൂട്ടലിന്റെ കെടുതിയിലാണ്. തൊഴിൽരംഗം നിശ്ചലമായതോടെ താഴെത്തട്ടിലുള്ള തൊഴിലാളിവർഗം പട്ടിണിയുടെ പടുകുഴിയിലാണ്.

ഈ ദുഃസ്ഥിതിക്ക് എന്നൊരു പരിഹാരം വരുമെന്ന് പറയാൻ ആർക്കും കഴിയാത്ത അവസ്ഥ. എല്ലാവരും ഒന്നുപോലെ അസന്ദിഗ്ധതയിൽ നട്ടംതിരിയുന്നു. സാമൂഹികമണ്ഡലത്തിൽ രസാവഹങ്ങളായ പല മാറ്റങ്ങളും വന്നിരിക്കുന്നു. മുൻപു മുഖംമൂടി അണിഞ്ഞവരെ ഭയപ്പെടുമായിരുന്നു. ആലങ്കാരികമായും മുഖംമൂടി എന്ന വാക്ക് ഉപയോഗിക്കും – ആത്മാർഥതയില്ലാതെ വർത്തിക്കുന്നവരെ വിശേഷിപ്പിക്കാൻ. പക്ഷേ, ഇന്നു മുഖംമൂടി അണിയാത്തവർ കുറ്റവാളികളും ശിക്ഷാർഹരുമാണ്. കൊറോണ വരുത്തിയ മാറ്റം എത്ര വിചിത്രമായിരിക്കുന്നു.

മുൻപു തോളോടുതോൾ ചേർന്ന്, കൈകോർത്തുപിടിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് എല്ലാ രംഗത്തുമുള്ള നേതാക്കൾ നൽകിയിരുന്നത്. ഇന്നു കേൾക്കുന്ന ശബ്ദം, അടുത്തു വരരുത്, അകലം പാലിക്കണം. സൗഹൃദത്തിന്റെ അടയാളമായി ഹസ്തദാനം ചെയ്യുമായിരുന്നു. ഇന്നതു പാടില്ല. കൈകൾ കൂപ്പിയാൽ മതി. നല്ലതുതന്നെ. 

ഈ പശ്ചാത്തലത്തിൽ ഓർക്കുന്നത് യേശുവിനെ വിസ്തരിച്ച റോമൻ ഗവർണർ പീലാത്തോസ് അനുവർ ത്തിച്ച കാര്യമാണ്. യേശു നിർദോഷിയാണെന്ന് ബോധ്യപ്പെട്ട അയാൾ  യേശുവിനെ മോചിപ്പിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു. അതിനു പലവിധത്തിൽ ശ്രമിക്കുകയും ചെയ്തു. പക്ഷേ, യഹൂദ മതമേധാവികളും അധികാര വർഗവും എങ്ങനെയും യേശുവിനെ നിഗ്രഹിക്കണമെന്നു നിശ്ചയിച്ചുവച്ചിരുന്നു. 

പീലാത്തോസിന്റെ ശ്രമങ്ങൾക്കൊന്നും അവർ വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ തന്റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ഒരു കാര്യം ചെയ്തു. അതു സുവിശേഷകൻ വിട്ടുപോകാതെ എഴുതിവച്ചിട്ടുണ്ട്: ‘‘പീലാത്തോസ് വെള്ളമെടുത്ത് പുരുഷാരം കാൺകെ കൈകഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല...’’ എന്നു പറഞ്ഞു. അന്നു നിരപരാധിത്വം വെളിപ്പെടുത്താൻ കൈകൾ കഴുകി എങ്കിൽ ഇന്നു കൊറോണയെ അകറ്റിനിർത്താൻ കൈകൾ കഴുകുന്നതു നിർബന്ധമാക്കിയിരിക്കുന്നു. 

കുടുംബജീവിതത്തെ കോവിഡ് എപ്രകാരം സ്വാധീനിച്ചു എന്നതു സ്മരിച്ചേ മതിയാവൂ. താഴ്ന്നവരുമാനക്കാ രുടെ ജീവിതം വളരെ ക്ലേശപൂർണമാക്കി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഗവൺമെന്റിൽ നിന്നും ചില സാമൂഹിക സംഘടനകളിൽ നിന്നും ലഭിച്ച കിറ്റുകൾ ഏറെ സഹായകമായി എന്നു പറയാം. ഇന്നത്തെ അവസ്ഥയെപ്പറ്റി ചില നല്ലവശങ്ങൾ പ്രസ്താവിക്കേണ്ടതുതന്നെ. ഒന്നാമത്തെ കാര്യം ലോക്ഡൗൺ മൂലം കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു കഴിയാനും ആശയവിനിമയം നടത്താനും ഐക്യം കൂടുതൽ ദൃഢപ്പെടുത്താനും സാധിക്കുന്നുണ്ട്. 

നേരത്തേ പലയിടത്തും കുഞ്ഞുങ്ങൾ ഉണരുന്നതിനു മുൻപേ ജോലിക്കായി പോകേണ്ടിയിരുന്നു മാതാപിതാക്കൾക്ക്. അവർ മടങ്ങിയെത്തുന്നതു പലപ്പോഴും കുഞ്ഞുങ്ങൾ ഉറങ്ങിക്കഴിഞ്ഞും. എന്നാൽ, ഈ ദിവസങ്ങളിൽ മുഴുവൻ സമയവും ഒരുമിച്ച് എല്ലാ കാര്യങ്ങളിലും പങ്കുചേർന്ന് സ്നേഹം ഊട്ടിയുറപ്പിക്കാൻ സൗകര്യമായി. കുടുംബം എന്നത് ഏറ്റവും വലിയ കൂട്ടായ്മയുടെ നിദർശനമാണ്. ആ കൂട്ടായ്മയുടെ ആത്മാവാണു സാമൂഹികബന്ധങ്ങളിൽ പ്രതിഫലിക്കേണ്ടത്.

പലരും പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും  വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനും വിസ്മരിക്കപ്പെട്ടു കിടന്ന പല കാര്യങ്ങളും കൃത്യമായി നിറവേറ്റുന്നതിനും ഈ സമയം വിനിയോഗിച്ചു. മുൻപ് അഭിമുഖം ദർശിക്കുന്നതിനും സൗഹൃദം സംരക്ഷിക്കുന്നതിനും സാധിച്ചെങ്കിൽ ഇന്നു മൊബൈൽ ഫോൺ ഏറ്റവും വലിയ സഹായിയായി വർത്തിക്കുന്നു.

പല കുടുംബങ്ങളിലും ഈ പ്രതിസന്ധി ദൈവത്തിലുള്ള സമ്പൂർണ ആശ്രയത്തിനു പ്രേരകമായിട്ടുണ്ട്. Man's extremity is Gods opportunity. മനുഷ്യൻ അവന്റെ നിസ്സഹായതയിൽ എത്തുമ്പോഴാണ് കരുണാമയനായ ദൈവത്തിങ്കലേക്കു തിരിയാൻ പ്രേരിതനാകുന്നത്. ആരാധനയെപ്പറ്റിത്തന്നെ പുതിയ കാഴ്ചപ്പാടും സമീപനവും ഉൾക്കൊള്ളാൻ നിർബന്ധിതമായിരിക്കുന്നു. 

ദൈവത്തിന്റെ കരുണയും സഹായവും വിടുതലും ലഭിക്കാൻ മുട്ടിപ്പായി പ്രാർഥിക്കേണ്ട അവസരം വന്നിരിക്കുന്നു.കോവിഡ് ഫോബിയ നമ്മെ നിരാശപ്പെടുത്താനോ നിസ്സഹായതാ ബോധത്തിലേക്കു തള്ളിവിടാനോ ഇടയാക്കാതെ, കൂടുതൽ വിശ്വാസത്തോടും നിറഞ്ഞ പ്രത്യാശയോടും ദൈവത്തിൽ ശരണപ്പെടാൻ സഹായിക്കട്ടെ.

English Summary : How Corona Phophia Changes Human Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA