നൽകുന്നതിന്റെ സംതൃപ്തി

joy-of-giving-845
പ്രതീകാത്മക ചിത്രം
SHARE

‘‘സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണു ശ്രേയസ്കരം എന്ന് കർത്താവായ യേശുവിന്റെ വാക്കുകൾ നിങ്ങളെ ഞാൻ അനുസ്മരിപ്പിക്കുന്നു.’’ പൗലോസ് അപ്പോസ്തലൻ ഒരു സഭയിലെ ചുമതലക്കാരായ നേതാക്കളെ സംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രബോധനത്തിന്റെ സമാപന വാക്കുകളാണു മുകളിൽ ഉദ്ധരിച്ചത്. അതിൽ യേശുക്രിസ്തുവിന്റെ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടില്ലാത്ത വാക്കുകളാണവ. ഒരുപക്ഷേ, യേശു പൗലോസിനോടു നേരിട്ടു നടത്തിയ സംഭാഷണത്തിൽ കേട്ടതാവാം; അല്ലെങ്കിൽ രേഖപ്പെടുത്താത്ത, ക്രിസ്തുവിന്റെ ഒട്ടേറെ പ്രബോധനങ്ങൾ വാമൊഴിയായി വന്ന പാരമ്പര്യത്തിൽനിന്നു ലഭിച്ചതാവാം.

ക്രിസ്തുവിന്റെ വാക്കുകളാണു ശ്രദ്ധിക്കപ്പെടേണ്ടത്. ലഭിക്കുന്നതാണു വിശിഷ്ടമെന്നു സാധാരണ ചിന്തിക്കാറുണ്ട്. അതിൽനിന്നു വ്യത്യസ്തമായി, നൽകുന്നതിന്റെ വൈശിഷ്ട്യത്തെ ഉയർത്തിക്കാണിക്കുന്നു. യേശു തന്റെ ജീവിതകാലത്ത് ഒട്ടേറെ ശിഷ്യരെ തിരഞ്ഞെടുത്തു. അവർക്ക് അനുഗ്രഹങ്ങൾ നൽകി വിവിധ ദേശങ്ങളിലേക്ക് അയച്ചു. അവശതയനുഭവിക്കുന്നജനങ്ങൾക്ക് ആശ്വാസം പകർന്നുകൊടുക്കാനുള്ള വരവും ശക്തിയും പ്രദാനം ചെയ്തുകൊണ്ട് അവിടുന്നു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ‘‘നിങ്ങൾക്ക് ഇവ ദാനമായി ലഭിച്ചു. നിങ്ങൾ ഇവ ദാനമായി കൊടുക്കുവിൻ.’’ 

പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രാർഥനയ്ക്കായി പോവുകയായിരുന്നു. ജന്മനാ മുടന്തനായ ഒരാൾ ദേവാലയ കവാടത്തിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നു. അയാൾ അപ്പോസ്തലന്മാരോടു ഭിക്ഷ യാചിച്ചു. പത്രോസിന്റെ മറുപടി: ‘‘വെള്ളിയോ സ്വർണമോ എന്റെ കയ്യിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസ്രായനായ യേശുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.’’ ഉടൻതന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലം പ്രാപിച്ചു.

ഒരു സഭാസമൂഹത്തെ പ്രശംസിച്ചും അഭിനന്ദിച്ചും പൗലോസ് രേഖപ്പെടുത്തുന്നു: ‘‘അവർ തങ്ങളുടെ ക്ലേശങ്ങളുടെ തീവ്രമായ പരീക്ഷയിൽ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുക്കി. അവർ തങ്ങളുടെ കഴിവനുസരിച്ചും അതിൽ കവിഞ്ഞും തുറന്ന മനസ്സോടെ ദാനം ചെയ്തു.’’ ഒരു കാര്യം വ്യക്തമാണ് – സ്നേഹത്തിൽനിന്നുയരുന്ന പ്രചോദനമാണു സഹായം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്. സ്വജീവൻ പോലും നൽകാൻ സന്നദ്ധനായ യേശുവിലുള്ള വിശ്വാസവും ആശ്രയവുമാണു ദാനം ചെയ്യാൻ അനേകരെ പ്രേരിപ്പിക്കുന്നത്.

പലസ്തീനിലെ രണ്ടു തടാകങ്ങൾ ഈ വിഷയത്തോടു ബന്ധപ്പെടുത്തി ദൃഷ്ടാന്തങ്ങളാക്കാം. കേവലം തടാകങ്ങൾ മാത്രമെങ്കിലും അവയെ ‘കടൽ’ എന്നു വിശേഷിപ്പിക്കാറുണ്ട്. ഒന്ന് ‘ഗലീലക്കടൽ’ മറ്റേത് ‘ചാവുകടൽ’. ഗലീലത്തടാകത്തിനു മറ്റു രണ്ടു പേരുകൾ കൂടിയുണ്ട്. ‘തിബര്യോസ് തടാകം’, ‘ഗന്നസരേത്ത് തടാകം’. ചാവുകടൽ, ‘കിഴക്കേ തടാകം’ എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതുതന്നെയാണ് ഉപ്പുകടൽ എന്നു വിളിക്കപ്പെട്ടിരുന്നതും. 

ഗലീലക്കടലിലേക്ക് ഒഴുകിവരുന്ന വെള്ളം ഹെർമോൻ മലയിൽനിന്നു മഞ്ഞുരുകിയും മറ്റു ചെറിയ സ്രോതസ്സുകളിൽനിന്നുമൊക്കെ എത്തുന്നതാണ്. ഗലീലക്കടൽ സ്വീകരിച്ചു സംഭരിച്ചുവയ്ക്കുകയല്ല. ലഭിക്കുന്നത്, അപ്പാടെ ജോർദാൻ നദിയിലൂടെ ഒഴുക്കിവിടുകയാണ്. ഈ പ്രക്രിയ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ഗലീലക്കടലിലെ വെള്ളം ശുദ്ധമായിത്തുടരുന്നു. വൈവിധ്യമാർന്ന ഒട്ടേറെ മത്സ്യങ്ങളുടെ വിഹാരരംഗമായിത്തീരുകയും ചെയ്യുന്നു. തടാകത്തിന്റെ (കടലിന്റെ) ചുറ്റിലും അനേകം നഗരങ്ങൾ സ്ഥിതിചെയ്യുന്നു. അവിടെ എത്തുന്നവരെ ആഹ്ലാദഭരിതരാക്കുകയും ചെയ്യുന്നു.

എന്നാൽ, മറ്റേ കടൽ (ചാവുകടൽ) എന്താണു ചെയ്യുന്നത്? ജോർദാൻ വഴി വന്നെത്തുന്ന ജലം അതിൽ സംഭരിച്ചുവയ്ക്കുകയാണ്. ബഹിർഗമനം ഒന്നുമില്ല. നൽകുക എന്ന ക്രിയ അതിന് അജ്ഞാതവും അപ്രിയവുമാണ്. സംഭരിക്കുക; സൂക്ഷിച്ചുവയ്ക്കുക – അതാണ് അതിന്റെ ശൈലി. ഗലീലക്കടൽ സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നു. അതു ശുദ്ധവും ചൈതന്യപ്രദവുമായി നിലകൊള്ളുന്നു. ‘ചാവുകടൽ’ സ്വീകരിക്കുക മാത്രം; ഒട്ടും കൊടുക്കുന്നില്ല. അതിനു ലഭിച്ചിരിക്കുന്ന പേര് ‘ചത്തത്’ (The Dead) എന്നാണ്. ആ ജലാശയത്തിൽ ഒരു ജീവിയും വസിക്കുന്നില്ല. 

വലിയൊരു ജീവിതസത്യം, ഈ ജലാശയങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ലഭിച്ചതല്ലാതെ നമുക്ക് ഒന്നുമില്ല. ലഭിക്കുന്നതു മറ്റുള്ളവരിലേക്കും പകർന്നുകൊടുക്കുമ്പോൾ നമ്മിലേക്കുള്ള ഒഴുക്കു കുറയുകയില്ല; നമ്മിലുള്ളത് ശുദ്ധവും സജീവവുമായിരിക്കും. സ്വീകരിക്കുക മാത്രം ചെയ്ത്, സ്വാർഥപരമായി സൂക്ഷിച്ചുവച്ചാൽ അതു നിർജീവത്വത്തിലേക്കു നയിക്കുകയും നിഷ്പ്രയോജനാവസ്ഥയിൽ എത്തിക്കുകയും ചെയ്യും. ഔദാര്യമില്ലാത്ത ധനവാനു സ്വയം ശാന്തി കണ്ടെത്താനാവില്ല. അന്യർക്കു സൗഭാഗ്യം പകർന്നുകൊടുക്കാനുമാവില്ല. സ്വാർഥതകൊണ്ടു സ്വരുക്കൂട്ടുന്ന ധനം നമുക്കും നമ്മോട് ഇടപെടുന്ന സകലർക്കും ദുഃഖമേ നൽകൂ.

പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമ്മുടെ പേരിൽ പതിച്ചുകിട്ടിയെന്നിരിക്കട്ടെ. വൈജ്ഞാനിക, കലാ,  സാംസ്കാരിക രംഗങ്ങളിൽ കറയറ്റ പ്രാഗല്ഭ്യം കൈവന്നു എന്നിരിക്കട്ടെ. സഹജരുടെ ജീവിതം ധന്യമാക്കാൻ പോരുന്ന വിശാലഹൃദയവും മനസ്സും നമുക്കില്ലെങ്കിൽ, ആ നേട്ടങ്ങളെല്ലാം നിരർഥകമാണ്. ജോൺ ബോണൽ പറയുന്നു: ‘‘ആധുനിക ജീവിതത്തിലെ വിധിവൈപരീത്യമാണ് അനേകർക്കും, നൽകുക എന്ന പ്രക്രിയ ഒരു വലിയ ഭാരമാണ്. അത്തരക്കാർ ദാനം ചെയ്യുക എന്നത് അചിന്ത്യമാണ്. എന്നാൽ, ഒരുവൻ ദൈവത്തിന് ആത്മാർഥതയോടെ സ്വയം നൽകിക്കഴിഞ്ഞാൽ മറ്റു ദാനംചെയ്യൽ സുഗമമാണ്.’’

‘‘കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവിടുത്തെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.’’

English Summary: The Joy of giving

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.