ക്ഷമാപണം ഒരു വിശിഷ്ട ഔഷധം

forgiveness
Representative Image. Photo Credit: justesfir / Shutter Stock
SHARE

ശിഥിലമാകുന്ന ബന്ധങ്ങളും അതുമൂലമുളവാകുന്ന സംഘർഷങ്ങളും സമ്മർദങ്ങളും ഇല്ലാതാക്കുവാനും വ്യക്തിബന്ധങ്ങൾ ഭദ്രമാക്കാനും സ്നേഹാന്തരീക്ഷം സംജാതമാക്കാനും ഏറെ സഹായിക്കുന്ന ഒരു ഔഷധമെന്നു ക്ഷമാപണത്തെ വിശേഷിപ്പിക്കാം. ഒരാൾ എഴുതുന്നു: ‘‘I am sorry’’ – these two little words play a big part in our daily vocabulary. അനുദിനവ്യാപാരങ്ങളിലും ബന്ധങ്ങളിലും പലപ്പോഴും ഉയരുന്ന വാക്കുകളാണ്. പക്ഷേ, അതു കേവലം അധരജൽപനമായി മാത്രം മാറിപ്പോകുന്നു. ഹൃദയത്തിൽ നിന്നും ആത്മാർഥ വികാരത്തോടെ ഉയരുന്നതെങ്കിൽ അതു പറയുന്ന ആളിനും കേൾക്കുന്ന ആളിനും, സംതൃപ്തിയും സന്തോഷവും ഉളവാക്കും. തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

വളരെ ചെറുതും നിസ്സാരവുമായ കാരണമാകും പലപ്പോഴും വാഗ്‌വാദത്തിനും ശണ്ഠയ്ക്കും വഴിവയ്ക്കുന്നത്. ക്ഷമിച്ചുകൊടുക്കാൻ മനസ്സില്ലാത്ത സമീപനമാണ് രണ്ടു കൂട്ടരും തുടരുന്നതെങ്കിൽ വലിയ പ്രശ്നങ്ങൾക്കു വഴി തെളിക്കാം. ഭവനത്തിലായാലും സമൂഹത്തിലായാലും ക്ഷമയും അതു പ്രകടിപ്പിക്കാനുള്ള സന്മനസ്സും ഉദിച്ചാൽ മഞ്ഞുമല ഉരുകുംപോലെ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിനു മാറ്റമുണ്ടാകും. ക്ഷമയുടെ ആവശ്യകതയും പ്രയോജനവും വളരെ മനസ്സിലാക്കിയ ധന്യാത്മാവാണ് യേശുക്രിസ്തു. അവിടുത്തെ പ്രബോധനങ്ങളിൽ ആവർത്തിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. പല ഉപമകളുടെയും പ്രമേയം ക്ഷമയാണ്. അവിടുന്നു പഠിപ്പിച്ച ഒരു പ്രാർഥനയിൽ (കർതൃപ്രാർഥന) ഏഴ് അപേക്ഷകളാണുള്ളത്. അതിൽ ഒന്ന് ക്ഷമയെ കുറിക്കുന്നതാണ്. ‘‘ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ.’’

ഒരാൾ എഴുതുന്നു: നമ്മുടെ സമൂഹത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങളും സംഘർഷങ്ങളും ചിന്താശൂന്യവും ക്ഷിപ്രജന്യവുമായ പ്രതികരണത്തിൽ നിന്നുളവാകുന്നതാണ്. പ്രതികാരത്തിനു പകരം ഒരു ചെറിയ ക്ഷമാപണത്തിനു സന്നദ്ധമായാൽ അനവധി സംഘട്ടനങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ. എന്താണ് അതിനു തടസ്സമായി നിൽക്കുന്നത്? ഇരു കൂട്ടരുടെയും ഉള്ളിലുയരുന്ന അഹന്തയും അൽപത്വവുമാണ്. കുടുംബങ്ങളിലെ അസ്വസ്ഥതകൾക്കും അവ തന്നെയാണ് കാരണമാകുന്നത്.

ശലോമോന്റെ സൂക്തങ്ങൾ ഇവിടെ പ്രസക്തമാണ്. അദ്ദേഹം നിർദേശിക്കുന്നു: ‘‘നീ പറഞ്ഞ വാക്കുകൾമൂലം നീ കുടുങ്ങിപ്പോയാൽ, അതുകൊണ്ടു നിന്റെ വായിലെ വാക്കുകൾ നിനക്കു കെണിയായിത്തീർന്നാൽ നീ ഇപ്രകാരം ചെയ്യണം. നീ നിന്റെ കൂട്ടുകാരന്റെ കൈകളിൽ അകപ്പെട്ടുപോയതിനാൽ എന്റെ മകനേ, നീ സ്വയം മോചിതനാകാൻ പോയി വിനയപ്പെട്ട് അയാളോടു മാപ്പു ചോദിക്കുക.’’

അന്യോന്യം സമാധാനവും രമ്യതയും നല്ല ബന്ധവും പുലർത്തുവാൻ ഉപകരിക്കുന്ന ചില നിർദേശങ്ങൾ അവതരിപ്പിക്കുന്നു:

(1) പറയുന്ന വാക്കുകൾ സൂക്ഷിക്കുക. വായാടിത്തമാണ് പല തെറ്റുകൾക്കും വീഴ്ചകൾക്കും വഴിവയ്ക്കുന്നത്. സൂക്ഷ്മത പാലിച്ചാൽ പിന്നീട്, നമ്മുടെ വാക്കുകൾ വിഴുങ്ങേണ്ടി വരികയില്ല.

(2) വസ്തുതകൾ വിലയിരുത്താൻ ജാഗ്രത വേണം. അതിനു ക്ഷമാശീലം പരിശീലിക്കുക.

(3) തമ്മിൽ തർക്കമുയരുമ്പോൾ സമചിത്തതയും മര്യാദയും കൈവിടാതെ സൂക്ഷിക്കുക. ഏത് അടവും പ്രയോഗിച്ച് അപരനെ പരാജയപ്പെടുത്താമെന്ന സങ്കുചിതചിന്തയെ അതിജീവിക്കുക.

(4) വിവാദവും ഭിന്നതയുമുണ്ടായാൽ ആദ്യം ക്ഷമചോദിക്കുന്നത് നിങ്ങൾ ആയിരിക്കട്ടെ. അവിടെ അഹന്തയും, സ്വാർഥതയും വെടിഞ്ഞ് വിനയത്തിന്റെയും പ്രതിപക്ഷബഹുമാനത്തിന്റെയും ആത്മാവ് വ്യാപരിക്കട്ടെ.

(5) ചിലർ സ്വീകരിക്കുന്ന സമീപനം, ‘‘ഞാൻ ക്ഷമിക്കാം; പക്ഷേ, മറക്കുകയില്ല.’’ അതു ശരിയായ ക്ഷമയല്ല. വാക്കിൽ ഒതുങ്ങുന്ന അനുഭവമായിപ്പോകും.

(6) ക്ഷമാപണം വാക്കിൽ ഒതുക്കാതെ എന്തെങ്കിലും പ്രവൃത്തിയിലും വെളിപ്പെടുത്തുവാൻ ശ്രമിക്കുക.

(7) ആരെങ്കിലും നിങ്ങളെ വിഷമിപ്പിക്കുകയോ നൊമ്പരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ദൈവമായിരിക്കട്ടെ പരിഹാരകൻ. പ്രാർഥനയിൽ അക്കാര്യം ദൈവമുമ്പാകെ സമർപ്പിക്കുക. 

പ്രതിപക്ഷത്തുള്ള വ്യക്തിക്കുവേണ്ടി പ്രാർഥിക്കയും ചെയ്യുക.

(8) ആർക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ സകല മനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

(9) ക്രിസ്തുവിന്റെ വാക്കുകൾ: ‘‘സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും’’. ദൈവമക്കൾ എന്ന് അവകാശപ്പെട്ടതുകൊണ്ടായില്ല. അതു തെളിയിക്കേണ്ടത് ഏതു സാഹചര്യത്തിലും സമാധാനവും ശാന്തിയും കൈവരുത്തുന്ന അനുഭവംകൂടി ഉണ്ടാകണം.

(10) സഹോദരനോട് എത്ര വട്ടം ക്ഷമിക്കണം എന്ന് യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവൻ ചോദിച്ചു. 

യഹൂദന്മാരുടെ കണക്ക് മൂന്നു വട്ടം ക്ഷമിക്കുക എന്നാണ്. അതിന്റെ ഇരട്ടിയും പിന്നെ ഒന്നുംകൂടി ചേർത്ത് ഏഴുവട്ടം മതിയോ എന്നായിരുന്നു ചോദ്യം. മറുപടി: ‘‘ഏഴല്ല, ഏഴ്, എഴുപതുവട്ടം’’ എന്നായിരുന്നു. അതിന്റെ അർഥം എണ്ണമില്ലാത്തവണ്ണം ക്ഷമിക്കുക എന്നാണ്.

(11) ഭവനത്തിലും, നാം പ്രവർത്തിക്കുന്ന സ്ഥലത്തും, നമ്മുടെ എല്ലാ ബന്ധങ്ങളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം കാത്തുസൂക്ഷിക്കുവാൻ യത്നിക്കുക.

നമ്മുടെ സാമൂഹികജീവിതം ഭദ്രവും, സുഗമവുമാക്കാൻ ക്ഷമയെന്ന സുകൃതം നിലനിർത്തണം. ക്ഷമയ്ക്കുള്ള സ്രോതസ്സ് സ്നേഹമാണ്. സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്നു സ്നേഹത്തെപ്പറ്റിയുള്ള വർണനയിൽ പൗലോസ് വ്യക്തമാക്കുന്നു.

Content Summary: Innathe chintha vishayam column on the power of forgiveness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS