പുഞ്ചിരിയുടെ ഔന്നത്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മറ്റും ഈ പംക്തിയിൽ പലപ്പോഴും പ്രതിപാദിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ പുഞ്ചിരിക്കു സാധിച്ചു എന്ന സാക്ഷ്യം ഹഠാദാകർഷിക്കുന്നതാണ്.
ജർമനിയിൽ നാത്‍സി ഭീകരവാഴ്ചയുടെ സന്ദർഭം: ഒരു സ്പെയിൻകാരൻ ബന്ധിക്കപ്പെട്ടു തടവറയിലായി. അയാൾ തന്നെ സ്വന്തം കഥ പറയട്ടെ: രണ്ടു ദിവസത്തിനുള്ളിൽ എന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു ജീവൻ അവസാനിക്കുമെന്നു ഭയപ്പെട്ടു നിമിഷങ്ങൾ എണ്ണി കഴിയുകയായിരുന്നു. എന്റെ ശരീരം മുഴുവൻ വിറയൽ ബാധിച്ചതു പോലെ തോന്നി. നല്ല വിയർപ്പുമുണ്ട്. പുകവലി പരിചയമുള്ള ഞാൻ ഒരു സിഗരറ്റ് വലിക്കാൻ ആഗ്രഹിച്ചു പോക്കറ്റിൽ തപ്പി. ഒരു സിഗരറ്റ് കണ്ടെത്തി. പക്ഷേ, ലൈറ്റർ കൂടെയില്ല. അതു വാതിൽക്കൽ വച്ചു സൂക്ഷിപ്പുകാർ നീക്കം ചെയ്തിരുന്നു. കമ്പികൾക്കിടയിൽ കൂടി ജയിൽ സൂക്ഷിപ്പുകാരനെ നോക്കി. അയാൾ വളരെ ഗൗരവത്തോടെ പുറത്തു കസേരയിൽ ഇരിക്കുന്നു. അയാളുടെ ശ്രദ്ധ ക്ഷണിക്കാൻ ചെറിയ ശബ്ദമുണ്ടാക്കി. ഫലം നാസ്തി. പിന്നീടു സിഗരറ്റ് ഉയർത്തിപ്പിടിച്ചു കൊണ്ട് ലൈറ്ററുടെ സഹായം അപേക്ഷിച്ചു. അപ്പോൾ അയാൾ ഗൗരവഭാവം വിടാതെ എന്റെ അടുത്തേക്കു വന്നു. ഏറ്റം അടുത്തു സമീപിച്ചപ്പോൾ ഭയം നിമിത്തമോ ഉത്കണ്ഠ ഉയർന്നതോ, എന്തായാലും ഞാൻ അയാളുടെ മുഖത്തേക്കു നോക്കി ഒന്നു പുഞ്ചിരിച്ചു. ആശ്ചര്യമെന്നു പറയട്ടെ, അപ്പോൾ അയാളും ഒന്നു പുഞ്ചിരിച്ചു. മഞ്ഞുമല ഉരുകിയ അനുഭവമെന്നു പറയാം. എന്റെ കണ്ണിൽകൂടി നീർത്തുള്ളികൾ വീണുകൊണ്ടിരുന്നു. ആസന്നമായ മരണത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. എന്റെ കണ്ണുനീർ അയാളുടെ മനസ്സിനെ ചലിപ്പിച്ചു. അയാൾ ചോദിച്ചു: താങ്കൾക്കു കുടുംബമുണ്ടോ? എത്ര കുട്ടികൾ ഉണ്ട്? ഞാൻ വേഗം എന്റെ പഴ്സ് പോക്കറ്റിൽ നിന്നെടുത്തു കുടുംബത്തിന്റെ ഫോട്ടോ കാണിച്ചുകൊണ്ട്, ‘‘ഇതാ എന്റെ മക്കൾ! എനിക്കവരെക്കുറിച്ചു വലിയ പ്രതീക്ഷ ആയിരുന്നു. അവരെ ഒന്ന് അവസാനമായി കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണല്ലോ എന്നു പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു. അപ്പോൾ എന്നെ സാന്ത്വനപ്പെടുത്താനെന്നവണ്ണം അയാളുടെ പഴ്സിൽ നിന്നു സ്വന്തം കുടുംബത്തിന്റെ ചിത്രമെന്നെ കാണിച്ചു. മക്കളെപ്പറ്റിയുള്ള പ്രതീക്ഷകളും എന്നോടു പറഞ്ഞു. അപ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ അടുത്ത ചേർച്ചയിലായി. അയാളുടെ കണ്ണുകളും നിറഞ്ഞു.
മറ്റൊരു വാക്കും പറയാതെ അയാൾ ജയിലിന്റെ വാതിൽ തുറന്നു നിശ്ശബ്ദമായി പിൻവശത്തു കൂടി എന്നെ പുറത്തേക്കു നയിച്ചു. ഞാൻ സ്വപ്നലോകത്തിൽ എന്ന പോലെ അയാളെ പിൻചെന്നു. നടന്നു നഗരത്തിനു പുറത്ത് എത്തിയപ്പോൾ എന്നെ സ്വതന്ത്രനാക്കി. അയാൾ തിരിഞ്ഞു പോലും നോക്കാതെ മടങ്ങിപ്പോയി. ഞാൻ അപ്പോഴും സ്വപ്നലോകത്തിൽ കഴിയുന്നതുപോലെ ആയി ഒരു മിനിറ്റിനുശേഷം ആരോട് എന്നില്ലാതെ ഞാൻ ഉറക്കെ പറഞ്ഞു: “My Life was saved by a smile”.
‘‘ഒരു പുഞ്ചിരിയാൽ എന്റെ ജീവൻ രക്ഷിക്കപ്പെട്ടു.’’ പിന്നീടു ഞാൻ പുഞ്ചിരിയുടെ പ്രാധാന്യത്തെപ്പറ്റിയും സാധ്യതകളെപ്പറ്റിയും ചിന്തിക്കാൻ തുടങ്ങി. ഞാൻ എന്റെ കഥ പറയുന്നതു ജനങ്ങൾ തങ്ങളുടെ ഗരിമയും ഗൗരവ ഭാവവും വെടിഞ്ഞു പരസ്പരം പുഞ്ചിരി കൈമാറിയാൽ സാമൂഹിക ബന്ധങ്ങൾ എത്ര മെച്ചപ്പെടുമായിരുന്നു എന്നോർത്തുകൊണ്ടാണ്!
മദർ തെരേസയുടെ വാക്കുകൾ ഇവിടെ ഓർത്തുപോകുന്നു: ‘‘പരസ്പരം പുഞ്ചിരിക്കുക; താങ്കളുടെ ജീവിത പങ്കാളിയോടു പുഞ്ചിരിക്കുക; താങ്കളുടെ മക്കളോടും പുഞ്ചിരിക്കുക. പരസ്പരം പുഞ്ചിരി കൈമാറുക, അതു നിങ്ങളെ പരസ്പരം കൂടുതലായ സ്നേഹബന്ധത്തിനു സഹായിക്കും.
സ്ഥാന മഹിമയിൽ പുകഴുന്നവർ പുഞ്ചിരി കൈമാറാൻ ഒരുമ്പെടുകയില്ല. തങ്ങളുടെ പൊങ്ങച്ചത്തിനു യോജിക്കുന്നതല്ല എന്ന മിഥ്യാബോധമാണ്. അതുപോലെ ഭക്തിയുടെ മൂടുപടം അണിയുന്നവരും പുഞ്ചിരി വിടർത്തുകയില്ല. അതു ഭക്തിക്കു നിരക്കാത്തതാണെന്നാണു ധാരണ.
നമ്മെ ആശ്‌ചര്യപ്പെടുത്തുന്ന ഒരു വസ്തുത യേശുക്രിസ്തുവിന്റെ എത്രയെത്ര ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. വിശ്രുതരായ ചിത്രകാരന്മാരും അല്ലാത്തവരും അവരുടെ കഴിവനുസരിച്ചു ക്രിസ്തുവിന്റെ ചിത്രം മിഴിവുറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നിൽ പോലും പുഞ്ചിരിതൂകുന്ന ക്രിസ്തുവിനെ കണ്ടിട്ടില്ല. അവിടുന്ന് ഇത്രമാത്രം കഠിന മനുഷ്യനായിരുന്നോ? അതോ ദൈവപുത്രനായ യേശുവിനു പുഞ്ചിരി അനുയോജ്യമല്ല എന്നുണ്ടോ? ശിശുക്കളെ കോരിയെടുത്തു മാറോടണച്ച അവസരത്തിൽ പോലും പുഞ്ചിരി വിരിയാതിരുന്നോ?
കർത്താവിനു കഷ്ടപ്പെടുന്ന ദാസൻ (Suffering Servant) എന്നു തിരുവെഴുത്തിൽ പേരുണ്ടെങ്കിലും അവിടുന്ന് സന്തോഷം അനുഭവിച്ച വ്യക്തിയുമായിരുന്നു. അവിടുന്നു ശിഷ്യന്മാരോട് അന്ത്യരാത്രിയിൽ പ്രസ്താവിച്ചു: ‘‘എന്റെ സന്തോഷം നിങ്ങളിൽ വസിക്കുവാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’’ ഹൃദയത്തിന്റെ നിർമലതയും സന്തോഷവുമാണു പുഞ്ചിരിയിൽ പ്രകാശിതമാകുന്നത്.
കുഞ്ഞുങ്ങളെ നാമെല്ലാം പ്രിയപ്പെടുന്നത് അവരുടെ നിഷ്കളങ്കമായ ചിരിയും പുഞ്ചിരിയും കാണുന്നതിലാണ്. മദർ തെരേസ പ്രസ്താവിച്ചതു പോലെ പുഞ്ചിരി മനുഷ്യബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. പരസ്പരമുള്ള സ്നേഹത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. ഫൊട്ടോഗ്രഫർമാർ അവരുടെ ക്യാമറ ഭദ്രമാക്കി വച്ചശേഷം പ്രവർത്തനക്ഷമമാക്കുമ്പോൾ പറയുന്ന വാക്കാണ് ‘‘Smile Please”! ആ നിർദേശം നമ്മുടെ കാതിൽ മുഴങ്ങട്ടെ!
Content Summary: Innathe chintha vishayam column on the power of smiling