ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപ്പ’ത്തോട് ഇഷ്ടക്കേടുണ്ട്, കാരണം?

Sreekumaran Thampi
ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)
SHARE

എല്ലാം ഓർമിക്കാനാവുന്നത് അസാധാരണ കഴിവാണ്. പലപ്പോഴും എല്ലാം ഓർമിക്കാതിരിക്കുന്നതാണ് നല്ലതെങ്കിലും. ‘ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പേരിൽ തലച്ചോറിന്റെ പ്രഹേളികകളെക്കുറിച്ചു പുസ്തകമെഴുതിയ ഡോ. കെ. രാജശേഖരൻ നായർ ‘ഓർമകൾ മറക്കാനുള്ളതാണെ’ന്ന് മുന്നറിയിപ്പു നൽകുന്നയാളാണ്.

കണ്ണനുണ്ണീ കരയരുതേ

ധിഷണാശാലിയായ ശ്രീകുമാരൻ തമ്പിക്ക് ഈ വൈദ്യോപദേശം സ്വീകരിക്കാനെളുപ്പമല്ല. ഓർമകളുമായി അത്രയ്ക്കുണ്ട് ചങ്ങാത്തം. 

കുഞ്ഞുന്നാളിൽ അമ്മ പാടിയ താരാട്ടുപാട്ടിൽ അതു തുടങ്ങും. തൊട്ടിലിൽ കിടന്നു കേട്ട പാട്ടുകൾ പിൽക്കാലത്തു പലപ്പോഴും പാട്ടെഴുത്തിൽ തുണയായി. ദക്ഷിണാമൂർത്തി ഉൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞരിൽ നിന്നു കേൾവിജ്ഞാനവും വഴിപ്പാഠങ്ങളും പകർന്നുകിട്ടിയതു പിന്നീടാണ്. 

രണ്ട്, രണ്ടര വയസ്സിൽ അമ്മ താരാട്ടിയ പാട്ടുകൾ തമ്പിക്ക് ഇന്നും കാണാതറിയാം. ഇടയ്ക്കിടെ ഇവ മൂളുമ്പോൾ അമ്മ ചോദിക്കും. എന്റെ മക്കളേ, ഇതൊക്കെ നീയെങ്ങനെ ഓർത്തിരിക്കുന്നു? 

അമ്മയിൽനിന്ന് ആദ്യം കേട്ട രാഗം ആനന്ദഭൈരവി. അമ്മയുടെ താരാട്ടിലേറെയും കഥകളിപ്പദങ്ങളായിരുന്നു. 

‘കണ്ണനുണ്ണീ കരയരുതേ നീയിനിയേവം

ഉണ്ണുവാനിരിക്ക സുമതേ 

വെണ്ണനെയ്യും പാലും കൂട്ടി 

അന്നമിതു ഞാനുരുട്ടി

ഏട്ടനെക്കാൾ മുൻപേ ഉരുള 

കിട്ടുവാനായി പോരൂ കുട്ടീ’ 

തുടങ്ങി കേട്ടതൊന്നും മകൻ മറന്നിട്ടില്ല. 

ജീവിതം ഒരു ചോദ്യോത്തരം

ജീവിതത്തെക്കുറിച്ചൊരു ക്വിസ് മത്സരം നടത്തുന്നുവെന്നു കരുതുക. 

യേശുദാസിനു വേണ്ടി എത്ര പാട്ടെഴുതി എന്നു നാം ശ്രീകുമാരൻ തമ്പിയോടു ചോദിക്കുന്നു. 501 എന്ന് അദ്ദേഹം മറുപടി പറയുന്നു. 

ജയചന്ദ്രൻ? 250. യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവർക്കു വേണ്ടി ഏറ്റവും കൂടുതൽ പാട്ടെഴുതിയതു ഞാനാണ്. 

നിർമിച്ച സിനിമകൾ? 26 

ഭാസ്കരൻ മാസ്റ്ററുടെ നവലോകത്തിലെ പാട്ടുകൾ കേട്ടതെന്ന്? 11–ാം വയസ്സിൽ. 

ക്വിസ് മത്സരങ്ങളിൽ ഉത്തരം പറയാനുള്ള പ്രാവീണ്യത്തിനപ്പുറം അനുദിന സംഭവങ്ങളുടെ തെളിഞ്ഞ ചിത്രങ്ങൾ എഴുത്തുകാരനും സംവിധായകനും ഗാനരചയിതാവും നിർമാതാവുമായ ഈ സിവിൽ എൻജിനീയറുടെ മനസ്സിൽ തെളിയും. 

നസീർ: ആദ്യ രംഗം 

മെറിലാൻഡ് സ്റ്റുഡിയോയുടെ ആർട്ടിസ്റ്റ്സ് ലോഡ്ജിൽ പ്രേംനസീറുമായുണ്ടായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ‘കുളികഴിഞ്ഞ് മുണ്ടുടുത്ത് നനഞ്ഞ ടവൽ കൊണ്ടു കഴുത്തും മുഖവും തുടച്ചുകൊണ്ടു നടന്നുവരുന്ന നസീർ’ എന്ന് ‘കറുപ്പും വെളുപ്പും മായാവർണങ്ങളും’ എന്ന തന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം എഴുതുന്നതു കാണുക.  

sreekumaran-thampi-book
ശ്രീകുമാരൻ തമ്പി

എഴുത്തുകാരന്റെ ഭാവന കല‍ർന്ന വിവരണമാവില്ലേ? അല്ലെന്നാണ് ശ്രീകുമാരൻ തമ്പിയെ അടുത്തറിയുന്നവരുടെ ഉത്തരം. അടുത്തകാലത്തു ജീവിതത്തെയും സിനിമയെയും കുറിച്ചെഴുതിയ പുസ്തകങ്ങൾക്കു വേണ്ടി ഡയറിയെയോ പഴയ കുറിപ്പുകളെയോ ആശ്രയിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി തന്നെ സാക്ഷ്യപ്പെടുത്തും. എങ്കിൽ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ജീവിതം ഒരു പെൻഡുല’ത്തിൽ കുടുംബബന്ധങ്ങൾ വെളിവാക്കുന്ന സംഭാഷണങ്ങൾ, അതിന്റെ അവസാന ഭാഗത്ത് പുത്രവിയോഗത്തെക്കുറിച്ചുള്ള വേദനാജനകമായ വിവരണങ്ങൾ, മനോരമ ബുക്സ് പുറത്തിറക്കിയ ‘കറുപ്പും വെളുപ്പും മായാവർണങ്ങളും’ എന്ന കൃതിയിൽ വന്നുപോകുന്ന ചലച്ചിത്ര ജീവിതചിത്രങ്ങൾ എന്നിവയെല്ലാം ഓർമയിൽനിന്നു നേരിട്ട് അപ്‌ലോഡ് ചെയ്തവ. 

‘എനിക്കു കുറിപ്പു വേണ്ട, ഇതാണെന്റെ കംപ്യൂട്ടർ’, കുറച്ചുനാൾ മുൻപൊരു കൂടിക്കാഴ്ചയിൽ തലയിൽ വിരൽതൊട്ട് ശ്രീകുമാരൻ തമ്പി പറഞ്ഞു. അന്ന് അദ്ദേഹം രണ്ടു കാര്യങ്ങൾ കൂടി വെളിപ്പെടുത്തി. തന്റെ ചില ഹിറ്റ് പാട്ടുകൾക്കു താൻ കണ്ട താളവും സംഗീതസംവിധായകൻ നൽകിയ ഈണവും രണ്ടായിരുന്നു. പാട്ടുകൾ ഹിറ്റായെങ്കിലും മനസ്സിലെ താളം അടർത്തിമാറ്റിയതുകൊണ്ട് അവ തനിക്ക് ഇഷ്ടമായില്ല.   

ഉദാഹരണത്തിന് ‘ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപ്പ’ത്തോട് ഇഷ്ടക്കേടുണ്ട്. കാരണം, തന്റെ മനസ്സിലെ താളം അതല്ല. 

അപ്പോൾ, സുന്ദരീശിൽപ്പത്തിൽ ശ്രീകുമാരൻ തമ്പി തൊട്ടുചാലിച്ച താളം എന്തായിരുന്നു? ഇത് ഉൾപ്പെടെ തെറ്റാത്ത ഓർമയിൽനിന്ന് അദ്ദേഹം ചികഞ്ഞെടുക്കുന്ന ഈണങ്ങൾ ഓഥേഴ്സ് കോപ്പിക്കൊപ്പമുള്ള വിഡിയോയിൽ കേൾക്കുക. ദീർഘസംഭാഷണത്തിനിടെ ഒരിക്കൽ മാത്രം പ്രിയ സുഹൃത്ത് യേശുദാസിനെക്കുറിച്ചെഴുതിയ കവിതയുടെ ചില വരികൾ മറന്നുപോയെന്ന കുറ്റസമ്മതമൊഴിയുമുണ്ട്. ന്യൂറോളജിസ്റ്റിന്റെ സദുപദേശം കേട്ട ആ വരികൾ ശ്രീകുമാരൻ തമ്പിയുടെ കണ്ണുവെട്ടിച്ച് മറവിയുടെ സുരക്ഷിതത്വത്തിലേക്ക് തൽക്കാലത്തേക്കെങ്കിലും ഒളിച്ചോടിയിരിക്കണം. 

Content Summary: Author's Copy - Column on Sreekumaran Thampi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS