മക്കൾ കഥ

HIGHLIGHTS
  • ‘‘ഇതുവരെ കുട്ടികളായില്ലേ? നിങ്ങളിൽ ആർക്കാണു പ്രശ്നം?’’
  • ‘‘ഇത്ര വൈകിയിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ ഇനി ഉണ്ടാകാൻ പ്രയാസമാ’’
kadhakkoottu-makkal-kadha
SHARE

നമ്മുടെ നാട്ടിൽ കല്യാണംകഴിച്ച് ഒന്നുരണ്ടു വർഷത്തിനുള്ളിൽ മക്കളായില്ലെങ്കിൽ വലിയ പ്രശ്നംതന്നെയാണ്. ‘‘ഇതുവരെ കുട്ടികളായില്ലേ? നിങ്ങളിൽ ആർക്കാണു പ്രശ്നം?’’ എന്നൊക്കെ പലരിൽനിന്നും ചോദ്യം വരും. ‘‘ഇത്ര വൈകിയിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ ഇനി ഉണ്ടാകാൻ പ്രയാസമാ’’ എന്നു മുഖത്തു നോക്കി തീർപ്പുകൽപിക്കുന്നവർവരെയുണ്ട്.

ആദിമമനുഷ്യനായ കായീൻ, ഹാബേൽ എന്നീ പേരുകളിൽ രണ്ടു മക്കളുണ്ടായശേഷം നൂറ്റിമുപ്പതാം വയസ്സിൽ ശേത്ത് എന്ന പേരിൽ ഒരു മകനുണ്ടായി  എന്നു ബൈബിൾ പറയുന്നു. ആദാമിന്റെ വംശപരമ്പരയിൽപെട്ട നോഹയ്ക്ക് അഞ്ഞൂറാം വയസ്സിനു ശേഷമാണ് മക്കളുണ്ടാകുന്നത്.  അക്കാലത്തുള്ളവർക്ക് ആയുസ്സും കൂടുതലായിരുന്നു. ശേത്തിന്റെ ജനനത്തിനുശേഷം എണ്ണൂറു വർഷംകൂടി ആദാം ജീവിച്ചു. കൂടുതൽ മക്കൾ ഉണ്ടാവുകയും ചെയ്തു.

ആധുനിക കാലഘട്ടത്തിലേക്കു വന്നാൽ മാധ്യമചക്രവർത്തി റൂപർട്ട് മർഡോക്കിന് ആറാമത്തെ കുട്ടിയുണ്ടാകുന്നത് എഴുപത്തൊന്നാം വയസ്സിലാണ്. അന്ന് മുപ്പത്തഞ്ചു വയസ്സുള്ള ചൈനക്കാരിയായ ഭാര്യ വെൻഡി ഡെംഗിൽ മർഡോക്കിന് നേരത്തേ ഒരു കുട്ടിയുണ്ടായിരുന്നു. ആദ്യ വിവാഹത്തിലും രണ്ടാം വിവാഹത്തിലുമായി വേറെ നാലു കുട്ടികളും. 

മാങ്കുളങ്ങര വാരിയത്ത് രാമവാരിയർക്കും കുഞ്ഞിക്കുട്ടി വാരസ്യാർക്കും ഒരു കുട്ടിയുണ്ടായത് വളരെ വൈകിയാണ്. 1869 ൽ പി.എസ്. വാരിയർ ജനിക്കുന്നതിനു മുമ്പുതന്നെ കുട്ടി അതിപ്രശസ്തനാകുമെന്ന് ജോത്സ്യന്മാർ പ്രവചിച്ചിരുന്നു. അമ്മ ആയിരത്തൊന്നു തെച്ചിപ്പൂവ് ആരു കളഞ്ഞ് ഒരു കൊല്ലം ശിവനു പുഷ്പാഞ്ജലി ചെയ്ത ശേഷമാണ് താൻ ഉണ്ടായതെന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകൻപി.എസ്.വാരിയർ പറയുമായിരുന്നു.

രണ്ടു പെൺമക്കളാണു തറവാട്ടിൽ ഉണ്ടായിരുന്നത്. പി.എസ്. വാര്യരുടെ അമ്മയും അനിയത്തിയും. ഇരുവർക്കും മക്കളില്ലാത്തതിനാൽ കാരണവന്മാർ വിഷമിച്ചു. തറവാട് അന്യംനിന്നു പോകാതിരിക്കാൻ അവർ ഒട്ടേറെ വഴിപാടുകൾ കഴിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം 1867 ൽ ഇളയ സഹോദരി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. രണ്ടു കൊല്ലംകൂടി കഴിഞ്ഞാണ് പി.എസ്. വാരിയരുടെ ജനനം.

ലോക ചെസ് ചാംപ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനും അരുണയ്ക്കും ഒരു പുത്രൻ, അഖിൽ, പിറന്നത് വിവാഹത്തിന്റെ പതിനഞ്ചാം വർഷത്തിലാണ്.

യേശുദാസിന്റെ അനുഭവം ഗാനരചയിതാവ് ബിച്ചുതിരുമല പറഞ്ഞിട്ടുണ്ട്. ‘‘ അന്നു റിക്കോർഡിങ്ങിനെത്തിയ  യേശുദാസ് പതിവില്ലാത്ത സന്തോഷത്തിലായിരുന്നു. സ്റ്റുഡിയോയിൽ അദ്ദേഹം വന്നുകഴിഞ്ഞാൽ എല്ലാവരും നിശ്ശബ്ദരാവുകയാണു പതിവ്. ഗൗരവത്തോടെ വന്നു പാട്ടുപാടി പോവുകയാണ് യേശുദാസിന്റെ രീതി. പക്ഷേ അന്ന് ദാസിനു ഭയങ്കര ചിരിയും തമാശയും. ഉച്ചയ്ക്ക് എന്നെ വിളിച്ച് എന്തോ പറയാനൊരുങ്ങി. അല്ലെങ്കിൽ പാട്ടു കഴിയട്ടെ എന്നു പറഞ്ഞു. പിന്നീടു പാട്ടു മാറ്റിവച്ച് ദാസ് കാര്യം പറഞ്ഞു. ‘‘ഭാര്യ പ്രസവിക്കാറായിരിക്കുകയാണ്. പതിനൊന്നു വർഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷമാണ് ഭാര്യ ഗർഭിണിയാവുന്നത്. ഇന്നു വെളുപ്പിനു ഞാൻ പാതിമയക്കത്തിൽ കിടക്കുമ്പോൾ ഒരു കുഞ്ഞയ്യപ്പൻ എന്റെ മുട്ടിലൂടെ ഇഴഞ്ഞുവന്നു  നെഞ്ചിൽ കയറിയിരുന്നിട്ടു പറഞ്ഞു: പപ്പാ ഞാൻ വരുന്നുണ്ട്, കേട്ടോ.

ഇതു സംബന്ധിച്ചു താനൊരു പാട്ടെഴുതിത്തരാമെന്നും അതു ദേവസന്നിധിയിൽ പാടണമെന്നും ബിച്ചുതിരുമല പറഞ്ഞു. പിറ്റേന്ന് ദാസ് മൂകാംബിക്കു പോകും. പിന്നെ ഒരു പള്ളിയിൽ. അതുകഴിഞ്ഞ് ശബരിമലയ്ക്ക്. പിറ്റേന്ന് ബിച്ചു കൊടുത്ത പാട്ടുവായിച്ചുനോക്കിയ യേശുദാസ്

 ഈ ദാസന്റെ ജീവിത  ചക്രവാളത്തിലെ പ്രഭയിൽ പിറന്നാലും എന്ന ഭാഗത്തെത്തിയപ്പോൾ നിശ്ശബ്ദനായി. മുഖം വിവർണമായി.

ബിച്ചു തുടരുന്നു: ‘‘ശബരിമലയിലെത്തിയ ദാസ് ഈ ഗാനം അവിടെ പാടി, പിന്നെ ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്. യേശുദാസ് ഇവിടെയെവിടെയെങ്കിലുമുണ്ടെങ്കിൽ ദയവായി ദേവസ്വം ഓഫിസിലെത്തണം. അദ്ദേഹത്തിന് ആൺകുഞ്ഞു പിറന്നതായി അറിയിപ്പു വന്നിരിക്കുന്നു.’’

കുട്ടികളില്ലാതെ വർഷങ്ങൾ കഴിയുമ്പോൾ ഒരു കുട്ടിയെ ദത്തെടുത്ത് സന്തോഷമായി ജീവിക്കുന്ന അനേകം ദമ്പതികളുണ്ട്. അവരിൽ ചിലർക്ക് ഈ ദത്തെടുക്കലിനുശേഷം കുട്ടികളുണ്ടായിട്ടുമുണ്ട്.  ആ ദമ്പതികളിലെ ഭാര്യയ്ക്ക് ദത്തെടുക്കലിനു ശേഷമുണ്ടാകുന്ന മാതൃചോദനകളും  ഹോർമോണിലുണ്ടാവുന്ന മാറ്റങ്ങളുമാണ് പിന്നീടുള്ള ഗർഭധാരണത്തെ സഹായിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന വൻ ഗുജറാത്തി വ്യവസായിക്കു കുട്ടികളില്ലാതിരുന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ അനാഥശാലയിൽനിന്ന് ഒരു പെൺകുട്ടിയെ ദത്തെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ വ്യവസായിയുടെ ഭാര്യ ഗർഭിണിയായി. ഈ മകളാണ് ഭാഗ്യം കൊണ്ടുവന്നതെന്നു പറഞ്ഞ് ആദ്യമകളോട് അവർക്കുള്ള സ്നേഹം വർധിച്ചതേയുള്ളൂ.

മനോരമ പത്രാധിപ സമിതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഒരു യുവാവിനും ഇതുപോലൊരു കഥ പറയാനുണ്ട്. ഒരു കുഞ്ഞിക്കാൽ കാണാതെ കരഞ്ഞു പ്രാർഥിച്ചു ജീവിച്ച നാളുകളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കൾക്ക്. ഒടുവിൽ അവർ ഒരു പെൺകുട്ടിയെ ദത്തെടുത്തു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ വീട്ടിലെ അമ്മ ഗർഭിണിയായി. ഒരു മകളെ പ്രസവിച്ചു. എന്റെ മുൻ സഹപ്രവർത്തകന്റെ ഭാര്യയായ ഈ മകളും ആദ്യമകളും  വിവാഹിതരായി സന്തോഷമായി കഴിയുന്നു.

കേരളത്തിലെ ഒരു മുൻ ചീഫ് എൻജിനീയർക്കും ഭാര്യയ്ക്കും ഇതുപോലെ മക്കളില്ലാത്ത കാലത്തെ ദത്തെടുക്കലിനുശേഷം ഒരു മകളുണ്ടായി. ദത്തെടുത്ത മകളെ അദ്ദേഹം   ‘മോളേ....’ എന്നു വിളിക്കുന്നതിന്റെ ഇമ്പം കേട്ടാൽ അതാണ് യഥാർഥ മകളെന്നു നമുക്കു തോന്നും. ഈ മകൾ വിവാഹത്തിനു ശേഷം കുറേക്കാലം കോഴിക്കോട്ട് എന്റെ അയൽവാസിയായിരുന്നതുകൊണ്ടാണ് എനിക്ക് ഈ വിളി കേൾക്കാൻ ഭാഗ്യമുണ്ടായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ