പേരിലാണെല്ലാം

HIGHLIGHTS
  • ഒരു പാട്ട്, പേരിന്റെ ഭാഗമായ ഒരു പാട്ടുകാരനുണ്ട്
  • അങ്ങനെയാണ് കവിയൂർ പൊന്നമ്മ എന്ന പേര് ഉറച്ചത്
birth-place-and-name-of-famous-people
SHARE

സ്വന്തം പേരൊന്നു മാറ്റാൻ തീരുമാനിച്ചപ്പോൾ കവിയൂർ പൊന്നമ്മ എന്നതിനുപകരം പൊൻകുന്നം പൊന്നമ്മ എന്നായിപ്പോയിരുന്നെങ്കിലോ? പൊൻകുന്നം വർക്കി എന്നതിനുപകരം എടത്വ വർക്കി എന്നായിപ്പോ യിരുന്നെങ്കിലോ?

പൊന്നമ്മ ജനിച്ചത് കവിയൂരിലാണെന്നേയുള്ളൂ. ഒരു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരോടൊത്ത് പൊൻകുന്നത്തു താമസമാരംഭിച്ചതാണ്. പിന്നെ കുറെ വർഷം പൊൻകുന്നത്തായിരുന്നു.

അരങ്ങേറ്റം ജന്മനാടായ കവിയൂരിൽവച്ചാകട്ടെ എന്നു തീരുമാനിച്ചു. ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതജ്ഞ ഡോ. കവിയൂർ രേവമ്മ. നടൻ ജയറാമിന്റെ ഭാര്യ കവിയൂർക്കാരിയായ പാർവതിയുടെ മുത്തച്ഛനായിരുന്നു അധ്യക്ഷൻ, സ്ഥലത്തെ പ്രവർത്തിയാരായിരുന്ന അദ്ദേഹം പറഞ്ഞു: ഈ പെൺകുട്ടി അതിപ്രശസ്തയായ സംഗീതജ്ഞയാവട്ടെ, കവിയൂർ രേവമ്മയെപ്പോലെ നമ്മുടെ നാടിന് അഭിമാനമാവട്ടെ, ഈ പെൺകുട്ടി കവിയൂർ പൊന്നമ്മ എന്ന് അറിയപ്പെടട്ടെ...

അങ്ങനെയാണ് കവിയൂർ പൊന്നമ്മ എന്ന പേര് ഉറച്ചത്.

പൊന്നമ്മയെപ്പോലെ താമസിക്കുന്ന സ്ഥലത്തിന്റെ പേരല്ല, ജനിച്ച നാടിന്റെ പേരാണ് സ്വന്തം പേരിനോടു ചേർക്കേണ്ടതെങ്കിൽ വർക്കിസാറിന്റെ പേര് വർക്കി എടത്വ എന്നാകുമായിരുന്നു.

ഒരു പാട്ട്, പേരിന്റെ ഭാഗമായ ഒരു പാട്ടുകാരനുണ്ട്. പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിന്റെ ‘സ്വർഗം നാണിക്കുന്നു’ എന്ന നാടകത്തിനുവേണ്ടി വയലാർ രചിച്ച് എൽ.പി.ആർ വർമ സംഗീതം നൽകിയ

 ‘പറന്നു പറന്നു പറന്നു ചെല്ലാൻ 

പറ്റാത്ത കാടുകളിൽ

കൂടൊന്നുകൂട്ടി ഞാനൊരു 

പൂമരക്കൊമ്പിൽ’

പാടി ഹിറ്റാക്കിയത് കൊച്ചിക്കാരനായ മുഹമ്മദ് ബാബു ആയിരുന്നു. അതിനു ശേഷം പി.ജെ. ആന്റണിയുടെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിൽ 

‘ഓപ്പൺ സീറോ വന്നുകഴിഞ്ഞാൽ  

വാങ്ങും ഞാനൊരു മോട്ടോർകാർ’

എന്ന ഗാനമാണു പാടിയത്. അതു വലിയ ഹിറ്റായി. ഗാനമേളയിൽ ‘ഓപ്പൺ സീറോ പാടണം’ ആളുകൾ വിളിച്ചു പറയുമായിരുന്നു. അങ്ങനെ കെ.ജെ. മുഹമ്മദ് ബാബു  ‘സീറോ ബാബു’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. സിനിമാഗാനം അല്ലാതിരുന്നിട്ടുകൂടി എച്ച്എംവി കമ്പനി ‘ഓപ്പൺ സീറോ’ എന്ന പാട്ട് ഗ്രാമഫോൺ റിക്കോർഡാക്കി.

പങ്കജാക്ഷി എന്ന പേരു അടൂർ പങ്കജം എന്നാക്കിയത് പ്രമുഖ അബ്കാരിയും വ്യവസായിയുമായ മണർകാടു പാപ്പന്റെ പിതാവ് മണർകാടു    കുഞ്ഞുമത്തായിയാണ്. അന്നത്തെ പ്രശസ്ത നാടക കോൺട്രാക്ടറായിരുന്നു മണർകാടു കുഞ്ഞ്. പങ്കജത്തിന്റെ ജ്യേഷ്ഠത്തിക്ക് അടൂർഭവാനി എന്ന പേരു വന്നതും അടൂർഭാസിയും അടൂർ ഗോപാലകൃഷ്ണനുമൊക്കെ കട ന്നുവന്നതും പി ന്നീടാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരിൽ അറിയപ്പെടുന്ന നാടുകളായതുകൊണ്ട് ഊളൻപാറ, കുതിരവട്ടം എന്നിവയൊന്നും ആരും സ്വന്തം പേരിനൊപ്പം ചേർക്കാറില്ല. എന്നിട്ടും നമുക്കൊരു കുതിരവട്ടം പപ്പു ഉണ്ടായി. ആ പേരു നൽകിയതാകട്ടെ, വൈക്കം മുഹമ്മദു ബഷീറും.

ബഷീർ തിരക്കഥ എഴുതിയ ‘ഭാർഗവീനിലയ’ കഥാനായിക ഭാർഗവിയുടെ വീട്ടുവേലക്കാരനായി അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് പനങ്ങാട്ട് പത്മദളാക്ഷനാണ്. സിനിമയിൽ ആ വേലക്കാരന്റെ പേര് എം.പി. കുതിരവട്ടം  എന്നായിരുന്നു. ‘ഭാവിയിൽ ഈ നടന്റെ  പേര് കുതിരവട്ടം പപ്പു എന്നായിക്കോട്ടെ’ എന്ന് ബീഷീർ വിധിച്ചു.

ആലപ്പുഴക്കാരൻ ചെറിയാൻ വർഗീസിന്റെ പേര് ചെറിയാൻ കൽപകവാടി എന്നാക്കിയത് വേണുനാഗവള്ളിയാണ്. ‘‘മാർ ഈവാനിയോസ് കോളജിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവം വേണുവിനോടു പറഞ്ഞു. അതു സർവകലാശാല എന്ന സിനിമയുടെ തിരക്കഥയായി. സിനിമയുടെ പ്രിവ്യൂ കാണുന്നത് വേണുവിന്റെ കൂടെയാണ്. കണ്ടുകൊണ്ടിരിക്കെ സ്ക്രീനിൽ തെളിയുന്നു: കഥ– ചെറിയാൻ കൽപകവാടി. 

ചെറിയാൻ വർഗീസ് എന്ന ഞാനോ ഇത്? പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ പേരാണ് കൽപകവാടി. വേണു പറഞ്ഞു: ഇനി നിന്റെ പേര് അങ്ങനെയാണ്. ആ പേരിന് ഒരു ഐശ്വര്യമുണ്ട്.’’ 

കോവിലൻ എന്ന പേരുണ്ടായതെങ്ങനെയെന്ന്, വി.വി. അയ്യപ്പൻ. പറഞ്ഞിട്ടുണ്ട്: ‘‘പട്ടാളത്തിലായിരുന്നപ്പോൾ സ്വന്തം പേരുവച്ച്  എഴുതാൻ കഴിയാതിരുന്നപ്പോൾ നാട്ടുപേരായ കണ്ടാണശ്ശേരിയും വീട്ടുപേരായ വട്ടപ്പറമ്പും അച്ഛന്റെയും അമ്മയുടെയും പേരുമൊക്കെ കൂട്ടിക്കലർത്തി ഞാനൊരു പേരുണ്ടാക്കി. അതാണു കോവിലൻ.’’

അവിടം കൊണ്ടു നിർത്തിയില്ല കോവിലൻ, പട്ടാളത്തിലിരുന്നുകൊണ്ട് കുന്നംകുളം കൊള്ളന്നൂർ കെഎം മാത്യു കഥയെഴുത്തു തുടങ്ങിയത് കൊളംബസ് എന്ന പേരിലാണ്. വിദേശ പേരുവേണ്ടെന്നു പറഞ്ഞ് അദ്ദേഹത്തിന് ഏകലവ്യൻ എന്ന പേരു നൽകിയത് കോവിലനാണ്.

സി.വി. കുട്ടൻ ചന്ദ്രൻ എന്ന സി.വി.കെ. ചന്ദ്രൻ പേരു മാറ്റിയത് ഇരുപതു വയസ്സു കഴിഞ്ഞ് എഴുത്തു ഗൗരവമായി എടുത്തപ്പോഴാണ്. അദ്ദേഹത്തെ നാം ഇന്ന് സിവിക് ചന്ദ്രൻ എന്ന അപൂർവപേരിൽ അറിയുന്നു.

ഒ.എൻ. വേലുക്കുറുപ്പിന് അച്ഛനമ്മമാർ ആദ്യം ഇട്ട പേര് പരമേശ്വരൻ എന്നായിരുന്നു. അപ്പു എന്നു വിളിപ്പേര്. സ്കൂളിൽ ചേർത്തപ്പോൾ പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ് തന്റെ അച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേര് മകനു നൽകി. കുടുംബകാരണവരായ ഒറ്റപ്ലാക്കൽ നീലകണ്ഠക്കുറുപ്പിൽനിന്നാണ് ഒ.എൻ.

മകൻ അത് ‘ഓയെൻവി’ എന്നാക്കിയതിലല്ലേ കവിത?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ