കൈപ്പടക്കാലം

Kadhakkottu
പി. കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴീക്കോട്
SHARE

കൈപ്പട മോശമായവരുടെ കാര്യം പണ്ട് മഹാകഷ്ടമായിരുന്നു. അങ്ങനെയാണ്, പരിഹാരക്രിയകൾ ആരംഭിച്ചത്. കൈപ്പട മെച്ചപ്പെടുത്തുന്ന ക്ലിനിക്കുകൾ പലയിടത്തും മുളച്ചു പൊന്തി. അവയൊക്കെ കച്ചവടം പൊടിപൊടിക്കുമ്പോഴാണ് കൈപ്പട വേണ്ടാത്ത കാലം വന്നത്. ഇന്ന് ഒരാളുടെ കൈപ്പട മറ്റാരു കാണുന്നു? എഴുത്തെല്ലാം മൊബൈൽ ഫോണിലെ അച്ചടിയക്ഷരങ്ങളിൽ കൂടിയായില്ലേ?

പണ്ട് അക്ഷരങ്ങൾ, അത് എഴുതിയവരെ എന്തെല്ലാം ഏടാകൂടങ്ങളിൽ കൊണ്ടു ചാടിച്ചിട്ടുണ്ട്! സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് അദ്ദേഹത്തോടു വളരെ അടുപ്പമുള്ള ഒരു വിദ്യാഭ്യാസ ഓഫീസർ ഉണ്ടായിരുന്നു. ഹരിഹരശാസ്ത്രികൾ. അദ്ദേഹം മുഖ്യാതിഥിയായ ഒരു ചടങ്ങിന്റെ റിപ്പോർട്ട് മനോരമയിൽ വന്നപ്പോൾ പേര് പിരാപിരാ ശാസ്ത്രികൾ എന്നായിപ്പോയി. ലേഖകന്റെ കൈപ്പട പറ്റിച്ച പണി. 

ശാസ്ത്രിയുടെ ശിക്ഷാനടപടികൾ നേരിട്ടിട്ടുള്ളവരെല്ലാം ചേർന്ന് ഇത് അദ്ദേഹത്തിന്റെ മാറാപ്പേരാക്കിയതോടെ സംഗതി ചൂടു പിടിച്ചു. ചീഫ് എഡിറ്റർ കെ.സി. മാമ്മൻ മാപ്പിള കോട്ടയം എംഡി സെമിനാറി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കൂടി ആയിരുന്നതിനാൽ അദ്ദേഹത്തിനായിരുന്നു. ഏറെ പ്രശ്നങ്ങൾ. 

എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2009 ൽ വിദ്യാഭ്യാസ വകുപ്പു പ്രസിദ്ധീകരിച്ച അധ്യാപക സഹായിയിൽ ഗുരുതരമായ ഒരു അച്ചടിപ്പിശകു വന്നു. 

ഇക്ബാലിന്റെ പ്രസിദ്ധമായ ‘സാരേ ജഹാംസെ അച്ഛാ’യുടെ അവസാനഭാഗത്ത് 

മസ്ഹബ് നഹീ സിഖാതാ

ആപസ് മേ ബൈർ രഖ്നാ

എന്നൊരു വരിയുണ്ട്. എഴുതിക്കൊടുത്തവരുടെ കൈപ്പടയുടെ വിശേഷം കാരണം അത് അച്ചടിച്ചു വന്നത്.

മുഹമ്മദ് നബി സിഖാതാ

ആപസ് ബൈർ രഖ്നാ

എന്നാണ് അതായത് പ്രവാചകൻ മുഹമ്മദ് നബി മതവിശ്വാസികൾക്കിടയിൽ വൈരം വളർത്താൻ ശ്രമിക്കുന്നുവെന്ന്. പുസ്തകം ഗവൺമെന്റ് പിൻവലിക്കുകയും പുസ്തകം തയാറാക്കാൻ സഹായിച്ച ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. 

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ഷഷ്ടി പൂർത്തി മനോരമ പത്രാധിപ സമിതി അംഗമായ സി. പി. ശ്രീധരന്റെ ഉത്സാഹത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ആഘോഷിച്ചു. കോഴിക്കോട്ടെ അനുമോദനയോഗത്തില്‍ കൈപ്പട ഒരു വിഷയമായതിനെപ്പറ്റി ഇയ്യങ്കയോടു ശ്രീധരൻ എഴുതിയിട്ടുണ്ട്. 

ആ യോഗത്തിൽ കുട്ടികൃഷ്ണമാരാർ പറഞ്ഞു: ഈ കവിയെക്കൊണ്ട് ഏറ്റവും വിഷമിച്ച പ്രൂഫ് റീഡറാണു ഞാൻ. ചെളിയിൽ താറാവു നടന്നപോലെയാണ് കുഞ്ഞിരാമൻ നായരുടെ എഴുത്ത്. ഇതിൽ നിന്ന് കവിതയിലെ വരികൾ വേർതിരിച്ച്, ചേറിക്കൊഴിച്ചെടുക്കുക എന്നത് സാഹസം തന്നെയാണ്. 

മറുപടിയിൽ കു‍ഞ്ഞിരാമൻ നായർ വിട്ടു കൊടുത്തില്ല. മാരാർ ചിലരുടെ എഴുത്തു സഹായിയായതിനിട്ട് ഒരു കൊട്ടു കൊടുത്തു.

‘‘മാരാർ എന്റെ ആശാനാണ്. അദ്ദേഹം പറഞ്ഞതു സത്യമാണ്. ചിലപ്പോൾ എഴുതിയതെന്താണെന്ന് എനിക്കു പോലും തിരിച്ചറിയാൻ പറ്റില്ല. പക്ഷേ, അത് എന്റെ സ്വന്തം കൈയക്ഷരമാണ്. എന്നാൽ എന്റെ ഗുരു കുറേക്കാലം നാലപ്പാടന്റെ കൈയക്ഷരത്തിലാണെഴുതിയത്. പിന്നീടദ്ദേഹം ആ കൈയക്ഷരം മാറ്റി വള്ളത്തോളിന്റേതാക്കി. സ്വന്തമായി കൈയക്ഷരം ഗുരുവിനില്ലാതായി. എനിക്കു സ്വന്തമായി കൈയക്ഷരമുണ്ട്.  അതു നന്നല്ല എന്നതു മറ്റൊരു കാര്യം.’’

കൈപ്പടയുടെ വ്യക്തിത്വം കാരണം പിടിക്കപ്പെട്ട പണ്ഡിത നിരൂപകനാണ് സി. അന്തപ്പായി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം കൊച്ചി രാജ്യത്തെ റജിസ്ട്രേഷൻ സൂപ്രണ്ടും സഹകരണ സംഘം റജിസ്ട്രാറുമായിരിക്കെ കൊച്ചി ഭരണകൂടത്തിനെതിരെ മദ്രാസിലെ ‘യുണൈറ്റഡ് ഇന്ത്യ’ പത്രത്തിൽ പേരു വയ്ക്കാതെ ലേഖനമെഴുതി. ഇത് എഴുതിയത് അന്തപ്പായിയാണെന്നു കൈപ്പടകൊണ്ടു കണ്ടുപിടിച്ച് ദിവാൻ ബാനർജി അദ്ദേഹത്തെ സർവീസിൽ നിന്നു പിരിച്ചയച്ചു. 

വിവരം തന്നത് ആരാണെന്നു വെളിപ്പെടുത്തുകയില്ലെന്ന പത്രപ്രവർത്തനത്തിലെ പ്രതിജ്ഞ തെറ്റിച്ചയാളാണു ‘യുണൈറ്റഡ് ഇന്ത്യ’യുടെ പത്രാധിപർ ഇന്നു പാഠപുസ്തകങ്ങളിലുള്ളത്. 

എങ്ങനെയാണ് വായിക്കപ്പെടുന്നതെന്നത് പല നർമരംഗങ്ങൾക്കും വഴിയൊരുക്കും. പരിശുദ്ധ ദിദിമോസ് പ്രഥമൻ കതോലിക്ക ബാവാ കോഴിക്കോട്ടു മെത്രാപ്പൊലീത്തയായിരിക്കുമ്പോൾ ചാത്തമംഗലത്തെ അരമനയില്‍ ലാൻഡ് ഫോണിന് അപക്ഷ നൽകി. കുറേനാളായിട്ടും മണിയൊച്ച അടുത്തെത്തുന്നില്ലെന്നായപ്പോൾ തിരുമേനി ഒരു അച്ചനെയും കൂട്ടി ടെലിഫോൺസ് ഡിവിഷനൽ ഓഫീസിലെത്തി. തിരുമേനിയുടെ പേരിൽ ഫോണിനുള്ള അപേക്ഷ കിട്ടിയിട്ടില്ലല്ലോ എന്ന് ഉദ്യോഗസ്ഥൻ.

His Grace Thomas Mar Thimotheose എന്ന അപേക്ഷകന്റെ പേരുമാത്രമല്ല,  അപേക്ഷിച്ച തീയതിവരെ അച്ചൻ കുറിച്ചു നൽകി. അയാൾ അപേക്ഷ കണ്ടെത്തിക്കൊണ്ടു വന്നു പറഞ്ഞു; ‘‘ഓ ഞങ്ങൾ ഇതു വായിച്ചത് Miss Grace Thomas എന്നാണ്.’’

അറുപതുകളിൽ മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് തലയോലപ്പറമ്പുകാരനായ വി. എം. മരങ്ങോലി ആയിരുന്നു. Marangoly എന്ന് അദ്ദേഹം ഇംഗ്ലീഷിൽ എഴുതിക്കൊടുത്തത് marrying only now എന്നു വായിച്ച ഒരാളെങ്കിലുമുണ്ട്.

കൈപ്പടകളെപ്പറ്റിയുള്ള ഏറ്റവും മനോഹരമായ കഥ, കഥകളുടെ ഉസ്താദായ വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്: ‘സുകുമാർ അഴീക്കോടിന്റെ കത്തിൽ എഴുതിയിരിക്കുന്നതു വായിക്കാൻ കഴിയാതെ ഒരു മരുന്നുകടയിൽ കൊടുത്തയച്ചപ്പോൾ അവർ വയറിളക്കത്തിനും ശ്വാസംമുട്ടലിനുമുള്ള ഗുളികകള്‍ തന്നയച്ചു.’

English Summary : Handwriting Stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ