വെടി,മറുവെടി!

HIGHLIGHTS
  • പ്രത്യാഖ്യാനങ്ങൾ കൊണ്ടു സജീവമായ സാഹിത്യ ചരിത്രം
Kumaranasan, Vallathol, Thoppilbhasi, P.M Antony
കുമാരനാശാൻ,വള്ളത്തോൾ,തോപ്പിൽഭാസി,പി.എം. ആന്റണി
SHARE

ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെങ്കിലും മഹാകവികളായ കുമാരനാശാനും വള്ളത്തോളും തമ്മിൽ കണ്ടിട്ടില്ല. അവർ തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല എന്നു കഥകളുണ്ട്. 

വള്ളത്തോളിന്റെ ‘ചിത്രയോഗ’ത്തെ ‘കവനകലയുടെ, അദ്ഭുതപൂർവമായ ഒരു ദർശനവിശേഷ’മെന്നു വാഴ്ത്തി സ്വദേശാഭിമാനി പത്രാധിപർ രാമകൃഷ്ണപിള്ള, ‘വിവോകോദയം’ പത്രാധിപരായ കുമാരനാശാൻ ആ കൃതിയെ താഴ്ത്തിക്കെട്ടിയത് ഇങ്ങനെയാണ്: ‘‘കൃഷി കൂടി തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന കരക്കാർ ചെറുപ്പക്കാർ കെട്ടിയെടുത്ത് ചുമലിലേറ്റി എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ബ്രഹ്മാണ്ഡവാഹനമായ നെടുങ്കുതിരപോലെ അപഹാസ്യമായ പഴഞ്ചൻ രീതി.’’

വള്ളത്തോളിന്റെ ശിഷ്യനായ കോഴിക്കോട്ടെ കവി. വി. ഉണ്ണിക്കൃഷ്ണൻ നായർക്ക് ഇതു പൊറുക്കാനായില്ല. അദ്ദേഹം ഒരു പ്രത്യാഖ്യാനമെഴുതി ‘വിവേകോദയ’ത്തിന്  അയച്ചു. അതിദീർഘമായ ഒരു മറുപടിക്കുറിപ്പോടു കൂടി ആശാൻ അതു പ്രസിദ്ധപ്പെടുത്തി. ആശാന്റെ സ്വരം ആദ്യനിരൂപണത്തിലേതിനെക്കാൾ പരുഷവും നിശിതവുമായി തോന്നുകയാൽ ഉണ്ണിക്കൃഷ്ണൻ നായർ അതിന് ഒരു മറുപടി എഴുതി അയച്ചു. 

ഇത്തവണ ആശാൻ അതു പ്രസിദ്ധപ്പെടുത്താൻ കൂട്ടാക്കിയില്ല. പകരം വള്ളത്തോൾ പത്രാധിപരായ ‘ആത്മപോഷിണി’ക്ക് അയച്ചുകൊടുത്തു. വള്ളത്തോളും അതിന് ഇടം കൊടുത്തില്ല. കുറെ കഴിഞ്ഞ് ‘കൈരളി’ മാസികയിലാണ് അതു പ്രസിദ്ധീകരിച്ചത്. 

പ്രത്യാഖ്യാനങ്ങൾ പുസ്തകരൂപത്തിലും നാടകരൂപത്തിലും വന്ന അനേകം ഉദാഹരണങ്ങളുണ്ട്.

ഏറ്റവും കൂടുതൽ പ്രതിനാടകങ്ങളുണ്ടായത് കെപിഎസി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിനാണ്. വർഷങ്ങൾക്കുശേഷം ഭാസിയുടെ മകൻ തോപ്പിൽ സോമൻ ഇതിനു പ്രതിനാടകം പോലെയൊന്ന് എഴുതി എന്നതാണു ചരിത്രത്തിന്റെ കറുത്ത ഫലിതം.

തോപ്പിൽ ഭാസിയുടെ കൃതിക്കുള്ള ആദ്യ പ്രതിനാടകങ്ങൾ സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’, കേശവദേവിന്റെ ‘ഞാനിപ്പ കമ്യൂണിസ്റ്റാവും’ എന്നിവയായിരുന്നു.

വർഷങ്ങൾ കഴിഞ്ഞ് സിവിക് ചന്ദ്രൻ ഒരു നാടകം എഴുതി: ‘നിങ്ങൾ ആരെ കമ്യൂണിസ്റ്റാക്കി?’

‘നിന്റെ തന്തയെയാണ് കമ്യൂണിസ്റ്റാക്കിയത്’ എന്നതായിരിക്കും. കെപിഎസിയുടെ അടുത്ത നാടകമെന്ന് കണിയാപുരം രാമചന്ദ്രൻ പ്രഖ്യാപിച്ചെങ്കിലും കണിയാപുരം അത് എഴുതുകയോ കെപിഎസി അവതരിപ്പിക്കുകയോ ഉണ്ടായില്ല.

നാടകമല്ലെങ്കിലും തന്റെ പുസ്തകത്തിന് എ.പി.അബ്ദുള്ളക്കുട്ടി പേരിട്ടത് ‘നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്നാണ് .‘നിങ്ങളെന്നെ ബിജെപിയാക്കി’ എന്ന പേരിലൊരു പുസ്തകത്തിനും കൂടി സ്കോപ്പുണ്ട്?

പി.എം.ആന്റണി ആറാം തിരുമുറിവുമായി വന്നപ്പോൾ സെയ്ത്താൻ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ് ‘അഞ്ചാം തിരുമുറിവ്’ എന്ന ബദൽ അവതരിപ്പിച്ചു.

‘യേശുക്രിസ്തു മോസ്കോവിൽ’ എന്ന പേരിൽ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ. ദാമോദരൻ ഒരു പുസ്തകമെഴുതി. അതിനു മറുപടിയായി ഫാദർ വടക്കൻ (അന്നദ്ദേഹം ബ്രദർ വടക്കൻ ആയിരുന്നു) ‘യേശുക്രിസ്തു മോസ്കോവിലോ’ എന്ന പേരിൽ ഒരു പുസ്തകമെഴുതി. ദാമോദരൻ വീണ്ടും ഒരു പുസ്തകമെഴുതി: ‘അതെ, യേശുക്രിസ്തു മോസ്കോവിൽ തന്നെ.’ തന്റെ പുസ്തകത്തിന് 1952–’53 ൽ പന്ത്രണ്ടുമാസം കൊണ്ട് ഒൻപതു പതിപ്പുകളിലായി ഒരു ലക്ഷം കോപ്പി വിറ്റെന്ന് ഫാ. വടക്കൻ പറയുന്നു.

‘ഇസങ്ങൾക്കപ്പുറം’ എന്ന പേരിൽ എസ്. ഗുപ്തൻ നായർ എഴുതിയ പുസ്തകത്തെ ഇടതു നിരൂപകൻ വെറുതെ വിട്ടില്ല. പി. ഗോവിന്ദപ്പിള്ളയുടെ ‘ഇസങ്ങൾക്കിപ്പുറം’ വൈകാതെ പുറത്തിറങ്ങി.

പുസ്തകയുദ്ധത്തിൽ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയത് ‘കവിഭാരത’വും ‘കവിരാമായണ’വുമാണ്. കവികളെ ഭാരതകഥാപാത്രങ്ങളായി കൽപിച്ചുകൊണ്ട് താൻ ഒരു കൃതി രചിക്കാനുദ്ദേശിക്കുന്നുവെന്നും അതുകൊണ്ട് കവികളെല്ലാം കുറച്ചു കാലത്തേക്ക് മനോരമയുടെ പംക്തികളിൽ വിഹരിക്കണം എന്നും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ‍ 1893 നോടടുപ്പിച്ച് ഒരു അറിയിപ്പു പ്രസിദ്ധീകരിച്ചു.

കവിഭാരതത്തിൽ ഈഴവ കവികളെയും ചേർത്തു കാണാൻ ‘കണ്ണിലാശ കലർന്നിടുന്നു’ എന്ന് കവി മൂലൂർ, തമ്പുരാനുള്ള നിവേദനകവിതയിൽ പറഞ്ഞു. ‘....ആ ശൗണ്ഡികന്മാരെയും ചെല്ലും മാതിരി ചേർത്തിടാതെ വിടുമോ?’ എന്നു തമ്പുരാൻ മറുപടി പറഞ്ഞെങ്കിലും ഒരൊറ്റ ഈഴവ കവിയെയും തമ്പുരാൻ കവിഭാരതത്തിൽ കയറ്റിയില്ല. ഈഴവ പണ്ഡിതനായ പറവൂർ കേശവനാശാന്റെ ശിഷ്യനായിപ്പോയതിനാൽ ശ്രേഷ്ഠകവി കെ.സി. കേശവപിള്ളയെയും ഒഴിവാക്കി. ‘ബലഭദ്രർക്കു മദ്യം കൊടുക്കുവാനായിട്ടു പോലും ഒരു ഈഴവനെ പിടിച്ചിടുവാൻ ആ തിരുമേനിക്കു തോന്നിയില്ല’ എന്ന് മൂർക്കോത്തു കുമാരൻ പരിഹസിച്ചു.

‘കവി രാമായണം’ രചിച്ചുകൊണ്ടാണ്. ഇരുപത്തഞ്ചുകാരനായ മൂലൂർ പ്രതികരിച്ചത്. ജാതിമതഭേദമെന്യേ നൂറിൽപ്പരം കവികളെ ‘കവിരാമായണ’ത്തിൽ പെടുത്തി. ജാതിയെച്ചൊല്ലി സാഹിത്യകാരന്മാരെ വിലയിരുത്താമെന്ന വ്യാമോഹത്തെ എന്നന്നേക്കുമായി കൊന്നു കുഴിച്ചുമൂടിയത് മൂലൂർ ഒരാളുടെ ശക്തമായ തൂലികയാണ് എന്നു മുണ്ടശ്ശേരി പ്രതികരിച്ചു.

ഭാഷാനാടകങ്ങളുടെയും തമിഴ് നാടകങ്ങളുടെയും അനുകരണമെന്ന പേരിൽ പീറനാടകങ്ങളെഴുതി സംഗീതനാടകമെന്ന ലേബൽ ഒട്ടിച്ച് വേദിയലവതരിപ്പിച്ച് പലരും കാണികളെ കഷ്ടപ്പെടുത്തിത്തുടങ്ങി യപ്പോഴാണ് മുൻഷി രാമക്കുറുപ്പ് ‘ചക്കീചങ്കരം’ എഴുതിയത്. അത് ഏറ്റു. പിന്നെ അത്തരം നാടകങ്ങളുടെ പൊടിപോലും കണ്ടില്ല.

English Summary : Rejoinder In Drama And Literature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ