മെലിഞ്ഞ കല്യാണം

HIGHLIGHTS
  • കോവിഡ് കാലത്ത് മെലിഞ്ഞ കല്യാണങ്ങൾ ഇനി പണ്ടേപ്പോലെ മാമാങ്കമാകുമോ?
ജി. ശങ്കർ, സുകുമാരി, കെ. സുരേന്ദ്രൻ, എം.എൻ. ഗോവിന്ദൻ നായർ, ഉമ്മൻ ചാണ്ടി
ജി. ശങ്കർ, സുകുമാരി, കെ. സുരേന്ദ്രൻ, എം.എൻ. ഗോവിന്ദൻ നായർ, ഉമ്മൻ ചാണ്ടി
SHARE

കോവിഡ് കാലത്തിനു മുൻപ് ഭൂമിയിൽ ഒരു ദിവസം രണ്ടരലക്ഷം വിവാഹങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു കണക്ക്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ കേരളത്തിൽ ഒരു ദിവസം ആയിരത്തിലേറെ വിവാഹം നടക്കുന്നുണ്ടാവും.

മുൻ കേന്ദ്രമന്ത്രി ജയറാം രമേശിനെപ്പോലെ വിവാഹങ്ങളിലും ശവസംസ്കാരങ്ങളിലും പോയി സംബന്ധിക്കില്ലെന്നു തീരുമാനിച്ചിട്ടുള്ളവരൊഴികെ എത്രായിരം പേർ ഈ ഓരോ വിവാഹത്തിലും പങ്കെടുക്കുന്നുണ്ടാവും? കോവിഡിന്റെ 20 എന്ന നിയന്ത്രണം കഴിയുമ്പോൾ ഹാളിൽ ഭക്ഷണത്തിന് ഇടിച്ചു കയറേണ്ടാത്ത അവസ്ഥ ഉണ്ടാകുമോ?

തൃപ്പൂണിത്തുറ എംഎൽഎ ആയിരുന്നപ്പോൾ ഒരു ദിവസം 52 വിവാഹങ്ങളിൽ പങ്കെടുത്ത കെ.ബാബുവിന്റെ റെക്കോർഡ് ഇനി ഭേദിക്കപ്പെടാൻ ഇടയില്ല. അവസാനത്തെ വീട്ടിൽ പാതിരാവിനോടടുത്ത സമയത്ത് എത്തിയപ്പോൾ ജനലിൽക്കൂടി കൈ വീശി വധു പറഞ്ഞു: നേരം ഒത്തിരിയായി, പോയി നാളെ വരൂ ചേട്ടാ...

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം റാങ്കറായിരുന്ന പ്രശസ്ത വാസ്തു ശിൽപി ജി. ശങ്കർ ജേണലിസത്തിൽ തന്റെ  സഹപാഠിയായിരുന്ന സുഗതയെ വിവാഹം ചെയ്തപ്പോൾ എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫല’ത്തിൽ എഴുതി: ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ഹ്രസ്വവും സുന്ദരവുമായ ചടങ്ങ്.

സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു വിവാഹച്ചടങ്ങിൽ നമുക്കും പങ്കെടുക്കാനാവുമോ?

പണ്ടൊന്നും വിവാഹങ്ങൾ ആൾക്കൂട്ടത്തിന്റെ ഉന്തും തള്ളുമായിരുന്നില്ല. വിവാഹത്തിനു പത്തിൽ താഴെ ആൾക്കാരേ പാടുള്ളൂവെന്നു പറഞ്ഞ ശ്രീനാരായണഗുരുവിനെ നമിക്കണം. ശിവഗിരിയിൽ അങ്ങനെ നടത്തുന്ന വിവാഹങ്ങളിലെ പത്തുപേർക്ക് അവിടെ ഊണു തരാമെന്നും ഗുരു പറഞ്ഞു.

പണ്ടത്തെ നിത്യഹരിത ചലച്ചിത്രതാരമായിരുന്ന സുകുമാരിയും ചലച്ചിത്ര സംവിധായകൻ ഭീംസിംഗും തമ്മിലുള്ള വിവാഹത്തിൽ നാലുപേർ മാത്രമായിരുന്നു അതിഥികൾ: നടന്മാരായ ശിവാജി ഗണേശൻ, ചന്ദ്രബാബു, നിർമാതാക്കളായ ജി.എൻ.വേലുമണി, എ.എൽ.ശ്രീനിവാസൻ.

എഴുത്തുകാരൻ സി.ആർ.നീലകണ്ഠന്റെ വീട് തൃശൂരിലും ഗിരിജയുടെ വീട്  ഷൊർണൂരിലുമാണെങ്കിലും അവരുടെ വിവാഹം നടന്നതു കൊച്ചിയിലാണ്. സിപിഎം നേതാക്കൾ പങ്കെടുക്കുന്നതിനുള്ള സൗകര്യത്തിനായിരുന്നു അത്. സിപിഎം സംസ്ഥാന സമ്മേളനം അന്നു കൊച്ചിയിൽ നടക്കുന്നുണ്ടായിരുന്നു. വിവാഹ ഹാളിലെത്തിയപ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് വരണമാല്യങ്ങൾ എടുത്തുകൊടുത്തു. ഹാളിൽ ചായയും ബിസ്കറ്റും മാത്രമാണു നൽകിയത്. പക്ഷേ, ഉച്ചയ്ക്കു വീട്ടിലെത്തി നാട്ടുകാർക്കൊക്കെ സദ്യ കൊടുത്തു.

പിന്നീട് സിപിഐ സംസ്ഥാന സെക്രട്ടറിയായ സി.കെ.ചന്ദ്രപ്പനും ബുലുറായ് ചൗധരിയും തമ്മിലുള്ള വിവാഹം 1978ൽ ആയിരുന്നു. സിപിഐ ദേശീയ സെക്രട്ടറി സി. രാജേശ്വരറാവു അടക്കം ആറേഴുപേർ മാത്രമാണ് കല്യാണത്തിൽ പങ്കെടുത്തത്.

ഒരു കാറിൽ കൊള്ളാവുന്നവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ഐ.വി.ദാസിന്റേത്. വധൂവരന്മാർക്കു പുറമേ നാലഞ്ചുപേർ മാത്രം. വധു വി.കെ.സുശീലയുടെ കൂടെയുണ്ടായിരുന്ന ഏക സ്ത്രീ അവരുടെ അമ്മയായിരുന്നു.

എഴുത്തുകാരായ പവനനും പാർവതിയും തമ്മിലുള്ള വിവാഹത്തിനു പവനന്റെ പാർട്ടിയിൽ അഞ്ചുപേർ മാത്രമാണുണ്ടായിരുന്നത്. വരനെ കൂടാതെ എസ്.കെ.പൊറ്റെക്കാട്ട്, തിക്കൊടിയൻ, കെ.പി. രാമൻ നായർ, പി. ചന്ദ്രശേഖരൻ.

പ്രസംഗിക്കാനോ സാഹിത്യത്തിലെ പറയെഴുന്നള്ളിപ്പിനോ പോകാത്തയാളായിരുന്നു എഴുത്തുകാരൻ കെ.സുരേന്ദ്രൻ. സദസ്സിനു മുന്നിൽ വച്ചു വിവാഹം ചെയ്യാൻ പോലും വിഷമമുള്ളയാൾ. അതുകൊണ്ട് പി.കേശവദേവിന്റെ ആദ്യ ഭാര്യ ഗോമതി ദേവിന്റെ സഹോദരി രാജമ്മയെ വിവാഹം ചെയ്തതു റജിസ്റ്റർ കച്ചേരിയിൽവച്ചാണ്.

കഥാകൃത്തു ഗ്രേസിയും ശശികുമാറും തമ്മിലുള്ള വിവാഹം അധികമാരെയും അറിയിക്കാതെയായിരുന്നു. കോൺഗ്രസിന്റെ ‘വീക്ഷണം’ ദിനപത്രത്തിൽ ശശികുമാറിന്റെ സഹപ്രവർത്തകർ വിവരമറിയുന്നതു ‘ഞാനും ഗ്രേസിയും തമ്മിൽ വിവാഹിതരായി. നിങ്ങളെല്ലാം അനുഗ്രഹിക്കണം’ എന്ന് ശശിതന്നെ പറയുമ്പോഴാണ്.

കല്യാണത്തിനു വലിയ ജനക്കൂട്ടത്തെ ആകർഷിച്ച നേതാക്കൾപോലും വിരുന്നിന്റെ കാര്യത്തിൽ മിതത്വം പാലിച്ചു.

സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ വിവാഹം  ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ആർ.ഗോപിനാഥൻ നായരുടെ ഭാര്യ വീടായ പുത്തൻ മഠത്തിന്റെ വകയായി കൊല്ലം കലക്ടറേറ്റിനു സമീപമുള്ള ഒഴിഞ്ഞ പുരയിട പുരയിടത്തിലായിരുന്നു. സഖാക്കൾ കാടുംപടലും ചെത്തിക്കോരി വൃത്തിയാക്കി. ചെങ്കൊടിയും തോരണങ്ങളും കൊണ്ടു പന്തലൊരുക്കി.

എംഎന്നിന്റെയും ദേവകി പണിക്കരുടെയും വിവാഹം ഫലത്തിൽ ഒരു പൊതുയോഗമായിരുന്നു. തിരുവിതാംകൂർ നിയമസഭയിൽ ചെങ്കോട്ട എംഎൽഎ ആയിരുന്ന ജന്മി ചെട്ടിനാഥകരയാളർ ഒരു ചാക്ക് ചെറുനാരങ്ങ കൊടുത്തയച്ചിരുന്നു. അതു പിഴിഞ്ഞ് വലിയ പാത്രങ്ങളിൽ സൂക്ഷിച്ചിരുന്നത് കല്യാണത്തിനു വന്നവർ സ്വയമെടുത്തു കുടിച്ചു. ബീഡി തൊഴിലാളി യൂണിയൻകാർ ആവശ്യത്തിനു ബീഡിയും മുറുക്കാനും കരുതിയിരുന്നു.

ഇതിനുശേഷമാണു സുപ്രസിദ്ധമായ കമ്യൂണിസ്റ്റ് കല്യാണങ്ങൾ ഇങ്ങനെ അന്തസ്സുള്ള ചടങ്ങുകളായി മാറിയതെന്നു പി.ഗോവിന്ദപ്പിള്ള 2010 ൽ എഴുതി.

English Summary : Simple Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.