ഒട്ടിപ്പോ

ഐസക് അസ്മോവ്,എൻ.എം മോഹൻ,എൻ. ഗോപാലകൃഷ്ണൻ
ഐസക് അസ്മോവ്,എൻ.എം മോഹൻ,എൻ. ഗോപാലകൃഷ്ണൻ
SHARE

ഇരുമ്പുമറ എന്ന വാക്കിന്റെ കാര്യത്തിൽ മറയൊന്നുമില്ല. ആ വാക്ക് ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആണ്. പക്ഷേ, അദ്ദേഹം ആദ്യമായി എവിടെയാണ് ആ വാക്ക് ഉപയോഗിച്ചതെന്നതിനെപ്പറ്റി രണ്ടു ഭാഷ്യമുണ്ട്. 

സോവിയറ്റ് യൂണിയന്റെ കീഴിലുള്ള പ്രദേശങ്ങളെ വിശേഷിപ്പിക്കാൻ 1945 മേയ് 12ന് അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാന് അയച്ച കമ്പി സന്ദേശത്തിലാണ് ചർച്ചിൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്നാണ് ഒരു ഭാഷ്യം. 

അമേരിക്കയിലെ മിസോറി സംസ്ഥാന തലസ്ഥാനമായ ഇൻഡിപെൻഡൻസിലെ ഫുൾട്ടൺ കോളജിൽ 1946ൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ആ വാക്ക് അവതരിപ്പിച്ചത് എന്നു വാദിക്കുന്നവരുമുണ്ട്.

ചർച്ചിൽ ഉപയോഗിച്ച iron curtain എന്ന വാക്കിന് ഇരുമ്പുമറ എന്ന നല്ല മലയാള വാക്ക് നൽകിയത് ആരാണെന്നു നമുക്കറിയില്ല.

സോവിയറ്റ് യൂണിയനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ശീതസമരം ശക്തിപ്പെട്ടത് ഇരുമ്പുമറ പ്രയോഗത്തിനു ശേഷമാണെന്ന് നമുക്കറിയാം. പക്ഷേ ‘ശീതസമരം’ എന്ന വാക്ക് ആരുടെ സംഭാവനയാണെന്നതിനെപ്പറ്റിയും തർക്കമുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകനായിരുന്ന ബർണാഡ് മാൻസ് ബറൂച്ച് ആണ് ആ വാക്കുണ്ടാക്കിയതെന്ന് ഒരു കൂട്ടർ. 

ഇംഗ്ലിഷ് എഴുത്തുകാരനായ ജോർജ് ഓർവെൽ ആണ് ആ വാക്കുണ്ടാക്കിയതെന്നും ‘യൂ ആൻഡ് ദി അറ്റോമിക് ബോംബ്’ എന്ന ലേഖനത്തിലാണ് അദ്ദേഹം അത് ആദ്യമായി ഉപയോഗിച്ചതെന്നും ആണയിടുന്നു മറ്റുചിലർ.

അഴിമതിയാരോപണങ്ങൾക്ക് scam എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് അമേരിക്കയിലെ ‘ടൈം’ വാരികയാണ്. വൻകിട സിനിമാ നിർമാതാവിനെ ‘സിനിമ മുഗൾ’ എന്നു വിളിച്ചതും ‘ടൈം’ വാരികയത്രെ!

റോബട് എന്ന പദം നിഘണ്ടുവിലേക്കു നൽകിയത് ശാസ്ത്ര നോവലിസ്റ്റായ ഐസക് അസിമോവ് ആണ്. അദ്ദേഹം എഴുതിയ കാലത്ത് ആരും അതു വിശ്വസിച്ചിരുന്നില്ലെങ്കിലും യന്ത്രമനുഷ്യൻ ഇന്നു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായില്ലേ?

ഡോ. സി.വി. രാമൻ നൊബേൽ സമ്മാനത്തിലേക്കു നയിച്ച കണ്ടുപിടിത്തം നടത്തിയപ്പോൾ അതിനു ‘രാമൻ ഇഫക്ട്’ എന്ന പേരിട്ടത് ഡോ. രാമന്റെ ശിഷ്യനായ രാംദാസ് ആണ്. Genetically modified seeds വന്നപ്പോൾ പേരുകേട്ടാൽതന്നെ എതിർക്കാൻ തോന്നുന്ന ഒരു മൊഴിമാറ്റമാണ് ഇടതുപക്ഷം നൽകിയത്. അന്തകവിത്ത്. പക്ഷേ ഇടതുപക്ഷത്തെ ആരാണ് ആ വാക്കിന്റെ സ്രഷ്ടാവ് എന്നറിയില്ല.

‘അ‍ഡ്ജസ്റ്റ്മെന്റ് സമരം’ എന്ന പ്രയോഗം സിപിഎംന് എതിരെ നടത്തിയത് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രൻ ആണ്.

കഥാപ്രസംഗം എന്ന വാക്ക് ഇവിടെ പരിചയപ്പെടുത്തിയതും ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചതും സത്യദേവനാണെങ്കിലും കഥാപ്രസംഗം എന്ന വാക്ക് കാളിദാസന്റെ കാലം മുതൽക്കുണ്ട്. രഘുവംശത്തിലാണ് ആ പദപ്രയോഗം. ‘ചിഛേദ സാദൃശ്യ കഥാപ്രസംഗം’.

സർഗസംവാദം എന്ന വാക്കിന്റെ ഉദ്ഭവം എം. ഗോവിന്ദനിൽനിന്നാണ്. റീത്തിന് പുഷ്പചക്രം എന്ന ഭാഷാന്തരം ഡൽഹി ആകാശവാണിക്കാലത്ത് താൻ നൽകിയതാണെന്ന് സി.വി. രാമൻപിള്ളയുടെ ദൗഹിത്രൻ റോസ്കോട്ട് കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്.

സ്ത്രീകളുടെ രാത്രിവേഷത്തിന് രാവാട എന്ന അർഥപൂർണമായ പേരു നൽകിയിട്ടുണ്ട്, സി. രാധാകൃഷ്ണൻ.

നൂറ്റിരുപത്ത​ഞ്ചു വർഷം തികയുന്ന ജൂബിലിക്ക് ശതോത്തര ജൂബിലി എന്നു പ്രയോഗിച്ചു തുടങ്ങിയത് ചങ്ങനാശേരി രൂപതയുടെ 125–ാം വാർഷികാഘോഷത്തിനാണെന്നതിൽ തർക്കമില്ല.

 പ്രഫ. മാത്യു ഉലകംതറയും പ്രഫ. തോമസ് കണയംപ്ലാവനും കൂടെ ഒരു സംസ്കൃതാധ്യാപകന്റെ സഹായത്തോടെ ഈ വാക്ക് രൂപപ്പെടുത്തി എന്നാണ് ഒരു ഭാഷ്യം. ഒരു വാക്ക് കണ്ടുപിടിക്കണമെന്ന് രൂപതാധികാരികൾ പറഞ്ഞതനുസരിച്ച് താനാണ് ആ വാക്ക് രൂപപ്പെടുത്തിയതെന്ന് പ്രഫ. കെ.ടി. സെബാസ്റ്റ്യൻ പറയുന്നു. പഞ്ചരജത ജൂബിലി, പഞ്ചമരജതം, അഞ്ചാം രജത എന്നൊക്കെയാണ് അതുവരെ 125നു പറഞ്ഞുകൊണ്ടിരുന്നത്.

മനോരമയിൽ സഹപ്രവർത്തകരായിരുന്ന കെ.പി. കരുണാകര പിഷാരടിയും പി.ഒ. ഏബ്രഹാമും ചേർന്നാണ് ‘പ്രക്ഷേപണം’ എന്ന വാക്ക് കണ്ടെത്തി ആദ്യമായി പത്രത്തിൽ പ്രയോഗിച്ചതെന്നു കേട്ടിട്ടുണ്ട്. അതിനുമുൻപ് ആകാശവിതറിക്കൽ എന്നൊക്കെയായിരുന്നത്രെ പറഞ്ഞിരുന്നത്.

നിയമസഭയിൽ സീറോ അവറിന് ശൂന്യവേള എന്നും സഭയുടെ well എന്നതിന് നടുത്തളമെന്നും എഴുതിത്തുട ങ്ങിയത് മനോരമയിൽ രാമചന്ദ്രനാണ്. പതിമൂന്നു ബജറ്റുകൾ അവതരിപ്പിച്ച കെ.എം. മാണിയുടെ സാമ്പ ത്തിക ശാസ്ത്രത്തിന് മാണിക്കണോമിക്സ് എന്ന തൊങ്ങൽ ചാർത്തിയത് മനോരമയിൽ ഇ. സോമനാഥ്.

Stick ചെയ്യുന്നതിന് sticker എന്ന് ഇംഗ്ലിഷിൽ ഒരു വാക്കുണ്ടാക്കാമെങ്കിൽ മലയാളത്തിൽ അതുപോലൊരു വാക്ക് എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ബാലരമ പത്രാധിപർ എൻ.എം. മോഹൻ ഒരു വിശേഷണ പദത്തെയെടുത്ത് നാമപദമാക്കിയത്. ‘ഒട്ടിപ്പോ’. പരസ്യങ്ങളിലും കുട്ടികളുടെ ആ‍ർപ്പു വിളികളിലുംകൂടി അദ്ദേഹം ആ വാക്കിനെ മലയാളത്തിൽ പ്രതിഷ്ഠിച്ചു.

അമേരിക്കയിൽ മകളുടെ വീട്ടിൽ പോയി താമസിച്ച കാലത്ത് അവിടത്തെ തൂപ്പുകാരിക്ക് തൂപ്പിസ്റ്റ് എന്നൊരു പേരിട്ടു, എഴുത്തുകാരൻ എൻ. ഗോപാലകൃഷ്ണൻ. അതു ഹിറ്റായി. പക്ഷേ, പട്ടണങ്ങളായി വികസിച്ചു കൊണ്ടിരിക്കുന്ന ഗ്രാമങ്ങൾക്ക് ഗ്രട്ടണം എന്നൊരു പേര് അദ്ദേഹം ഉണ്ടാക്കിയത് ക്ലച്ചുപിടിച്ചില്ല.

English Summary : Who First Used Term Iron Curtain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.