നായകർ

ബൽബീർ സിങ്, പി.കെ ബാനർജി, ചുനി ഗോസ്വാമി
ബൽബീർ സിങ്, പി.കെ ബാനർജി, ചുനി ഗോസ്വാമി
SHARE

ഒരേ തലമുറയിൽപെട്ട മൂന്നു ക്യാപ്റ്റന്മാരെയാണ് നൂറു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്: ഹോക്കിയിൽ ബൽബീർ സിങ്, ഫുട്ബോളിൽ പി.കെ. ബാനർജി, ചുനി ഗോസ്വാമി. ചിലർ അങ്ങനെയാണ്. പതിവുള്ള സ്ഥാനത്തുനിന്നു മാറിക്കളിച്ചാലാണ് ഇതിഹാസങ്ങളാവുക. 

ബൽബീർസിങ് ഗോളിയായാണ് തുടങ്ങിയത്. മധ്യനിരയിലേക്കു നീങ്ങി. സെന്റർ ഫോർവേഡായി ഉറച്ചപ്പോഴെക്കും ധ്യാൻചന്ദിനുശേഷമുള്ള ഇതിഹാസമായി മാറി. തുടർച്ചയായി മൂന്നു തവണ (1948, 1952, 1956) ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഒളിംപിക് സ്വർണം നേടി. 1956ലെ മെൽബൺ ഒളിംപിക്സിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.  ചരിത്രത്തിൽ ഒരേയൊരു തവണ ഇന്ത്യ ലോക കപ്പ് കിരീടം നേടിയപ്പോൾ ടീം മാനേജരായിരുന്നു.

ഒളിംപിക് ഹോക്കി അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് ഇന്നും ബൽബീ റിന്റെ പേരിലാണ്. ഇന്ത്യ അർജന്റീനയെ 9–1നു തോൽപിച്ചപ്പോൾ ആറു ഗോളും ബൽബീറിന്റേതായിരുന്നു.

ദേശീയ ടൂർണമെന്റ് ജയിക്കുന്ന ടീമിലെ എല്ലാ കളിക്കാർക്കും മെഡൽ നൽകാൻ അന്നു വകുപ്പില്ലായിരുന്നു. ഒരു ഒളിംപിക് മൽസരത്തിലെങ്കിലും പങ്കെടുത്താലേ മെഡൽ കിട്ടുകയുള്ളൂ. അതിനാൽ ഒളിംപിക്സിൽ വലിയ അധ്വാനമില്ലാതെ ജയിക്കാവുന്ന കളികളിൽ കഴിവു കുറഞ്ഞവർക്കും അവസരം നൽകുകയെന്നതായിരുന്നു ഇന്ത്യൻ ടീമിലെ വഴക്കം. 

ഇങ്ങനെ ഒന്നിടവിട്ട മൽസരങ്ങളിൽ പുറത്തിരുന്നിട്ടും ലണ്ടൻ ഫൈനലിലെ ഇരട്ടഗോൾ ഉൾപ്പെടെ ടോപ് സ്കോറർ ബൽബീറായിരുന്നു. ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡും ബൽബീറിന്റെ പേരിലാണ്. 1952ലെ ഫൈനലിൽ നെതർലൻഡ്സിനെതിരായ അഞ്ചു ഗോൾ. ബാനർജി യെയും ഗോസ്വാമിയെയും കേരളം ഒന്നിച്ചാണ് നെഞ്ചേറ്റിയത്. അറുപത്തഞ്ചു വർഷം മുൻപു നമ്മുടെ മണ്ണിൽ സന്തോഷ് ട്രോഫി കളിക്കാനെത്തിയവരാണ് അവർ. 

അന്നു കേരളം ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. തിരു–കൊച്ചി സംസ്ഥാനത്തെ കൊച്ചിയിലായിരുന്നു അന്നത്തെ സന്തോഷ് ട്രോഫി മൽസരങ്ങൾ. അന്നു ചൂളമര ഗാലറികൾ ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മുള കൊണ്ടുള്ളതായിരുന്നു ഗാലറി. കളി നിയമങ്ങളും അന്നു വ്യത്യസ്തമായിരുന്നു. എക്സ്ട്രാ ടൈം കളിയോ സഡൻ ഡെത്ത് പെനൽറ്റിയോ ഒന്നും അന്നു വന്നിട്ടില്ല. 

അന്നു ടീമുകൾ തമ്മിൽ സമനിലയായാൽ ഏതെങ്കിലുമൊരു ടീം ജയിക്കുന്നതുവരെ അടുത്ത ദിവസങ്ങളിൽ ആ ടീമുകളെ തമ്മിൽ വീണ്ടും കളിപ്പിക്കുമായിരുന്നു. താരതമ്യേന പരിചയക്കുറവുള്ള ടീമായിരുന്നിട്ടും ടി.സി. സ്റ്റേറ്റ് കരുത്തരായ ബംഗാളിനെ രണ്ടു ദിവസം സമനിലയിൽ തളച്ചു. മൂന്നാം ദിവസത്തെ മൽസരത്തിലാണ് ബംഗാൾ ജയിച്ചത്.

നമ്മെ തോൽപിച്ച ടീമാണെങ്കിലും കളി മികവുകൊണ്ട് പി.കെ.യും ചുനിയും കേരളീയരുടെ ഹൃദയം കവർന്നു. പിന്നീട് 1959ൽ കൊച്ചിയിൽ തന്നെ ഏഷ്യൻ കപ്പിന്റെ പശ്ചിമ മേഖലാ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽ, 1960ൽ കോഴിക്കോട്ടെ സന്തോഷ് ട്രോഫിയിൽ, പിന്നെ കേരളത്തിൽ എത്രയോ ക്ലബ് മൽസരങ്ങളിൽ...

കളിക്കാരൻ, ക്യാപ്റ്റൻ, പരിശീലകൻ, സിലക്ടർ, ടെക്നിക്കൽ ഡയറക്ടർ എന്നീ നിലകളിൽ അര നൂറ്റാണ്ടു കാലം ഇന്ത്യൻ ഫുട്ബോളിൽ വാണ പ്രതിഭയാണ് പ്രദീപ്കുമാർ ബാനർജി (83). മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എന്നിവയ്ക്കു വേണ്ടി കളിക്കാതെ കൊൽക്കത്തയുടെ ഹൃദയം പി.കെ. കീഴടക്കിയത് എന്നും ഒരദ്ഭുതമായി അവശേഷിക്കും. 

ഈസ്റ്റേൺ റെയിൽവേയുടെ കിടയറ്റ വിങ്ങറായിരുന്നു അദ്ദേഹം. എന്നാൽ പിന്നീടു ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകനായി. മൂന്നു വ്യത്യസ്ത ടീമുകൾക്കു വേണ്ടി (ബിഹാർ, ബംഗാൾ, റെയിൽവേസ്) സന്തോഷ് ട്രോഫി കളിച്ചു. ബംഗാളിനും റെയിൽവേസിനും വേണ്ടി കിരീടം ഏറ്റുവാങ്ങുകയും ചെയ്തു.

പതിമൂന്നു വർഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ അദ്ദേഹം 84 രാജ്യാന്തര മൽസരങ്ങളിൽ 65 ഗോളുകൾ നേടി. മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യ സ്വർണം നേടിയ 1962 ജക്കാർത്ത ഗെയിംസിൽ ടീം അംഗമായിരുന്നു. 

1956 മെൽബൺ, 1960 റോം ഒളിംപിക്സുകളിൽ കളിച്ചു. റോമിൽ നായകനായിരുന്ന അദ്ദേഹം ഫ്രാൻസിനെതി രെ ഒരു ഗോളടിച്ചു സമനില നേടിക്കൊടുക്കുകയും ചെയ്തതാണ്. ഇന്ത്യൻ ഫുട്ബോൾ ടീമിനു പിന്നീടൊരി ക്കലും ഒളിംപിക്സി‍ൽ കളിക്കാൻ കഴിഞ്ഞിട്ടുമില്ല.

ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ നായകനായിരുന്ന ശുബിമൽ ചുനി ഗോസാമി (82) കൊച്ചി നാഷനലിന്റെ കണ്ടുപിടിത്തമായിരുന്നു. പതിനേഴു വയസ്സു മാത്രമുള്ള, ഓമനത്തം തുളുമ്പുന്ന പയ്യൻ. ഫുട്ബോളിൽ ഉണ്ടായിരുന്നിടത്തോളം കാലം കളിച്ച ടീമുകളിലെല്ലാം (സ്കൂൾ, കോളജ്, സർവകലാശാല, ക്ലബ്, രാജ്യം) നായകനാകാൻ ഭാഗ്യമുണ്ടായി. ഇന്തൊനീഷ്യയിലെ ഇന്ത്യാ വിരുദ്ധ വികാരത്തിനിടയ്ക്കു ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. 

ഇന്ത്യയ്ക്കു വേണ്ടി അൻപതോളം രാജ്യാന്തര മൽസരങ്ങൾ. ജനപിന്തുണയുടെ വലിയ ഉയരങ്ങളിൽ നിൽക്കുമ്പോൾ ഇരുപത്തേഴാം വയസ്സിൽ അദ്ദേഹം ഫുട്ബോൾ ഉപേക്ഷിച്ചു ക്രിക്കറ്റിലേക്കു ചേക്കേറിയത് എല്ലാവരെയും ഞെട്ടിച്ചു. 

ഫൗൾ ചെയ്യാത്ത, ബുദ്ധിപൂർവം കളിനീക്കങ്ങളൊരുക്കുന്ന ചുനി തന്റെ പേരിനെ സാർഥകമാക്കിയാണ് കടന്നുപോയത്. ശുബിമൽ എന്നാൽ കുളിർകാറ്റ്. ചുനി എന്നാൽ മാണിക്യക്കല്ല്.

English Summary : Sports Heroes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.