പെൺമുന്നേറ്റം

HIGHLIGHTS
  • തിരുവിതാംകൂറും കേരളവും കുറിച്ച വനിതാമുന്നേറ്റ കഥകൾ
Kadhakkoottu--DEC-19
എലനോർ റൂസ്‍വെൽറ്റ്, ശ്രീമൂലം തിരുനാൾ, ഡോ. മേരി പുന്നൻ ലൂക്കോസ്, സുധാമൂർത്തി
SHARE

വനിതകളെപ്പറ്റിയുള്ള ഇൗ വിചാരം, മരുമക്കത്തായത്തെപ്പറ്റിയുള്ള രണ്ട് സംഭവകഥകളുമായി തുടങ്ങാം.

നാലു തവണ അമേരിക്കൻ പ്രസിഡന്റായ ഫ്രാങ്ക്ളിൻ റൂസ്‍വെൽറ്റിന്റെ ഭാര്യ എലനോർ 

റൂസ‍്‍വെൽറ്റ് തിരുവിതാംകൂർ ഒരു സന്ദര്‍ശനം കഴിഞ്ഞ് അമേരിക്കയിൽ തിരിച്ചെത്തിയപ്പോൾ എഴുതി:‘‘ഇന്ത്യയുടെ വാലറ്റത്തുള്ള ഒരു രാജ്യത്തു ഞാൻ പോകാൻ ഇടയായി.

ഇവിടെ രാജാവിന്റെ മകനല്ല അടുത്ത രാജാവ്. അവിടെ പ്രധാനപ്പെട്ട ഒരാൾ

രാജസഹോദരിയാണ്. ഏതായാലും ഇത് പെണ്ണുങ്ങളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.’’

പഠനത്തിനായി ഓക്സ്ഫഡിൽ കഴിയുമ്പോൾ ഇവിടത്തെ ഒരു രാജാവിന്റെ മകനോട് സഹപാഠി കെപിഎസ്. മേനോൻ പറഞ്ഞതും ഇതിനോടു ചേർത്തു വായിക്കാം. കെപിഎസിനോട് രാജപുത്രൻ പറഞ്ഞു:‘‘ഇൗ നശിച്ച മരുമക്കത്തായമില്ലായിരുന്നെങ്കിൽ ഞാനായിരുന്നേനേ അടുത്ത രാജാവ്.’’ ഉടൻ വന്നു കെപിഎസിന്റെ പ്രതികരണം: ‘‘അതിന് ഇൗ നശിച്ച മരുമക്കത്തായമില്ലായിരുന്നെങ്കിൽ നിന്റച്ഛൻ രാജാവാകത്തില്ലായിരുന്നല്ലോ.’’

വനിതകൾക്കു വോട്ടവകാശം നൽകിയ ആദ്യ ഇന്ത്യൻ രാജ്യങ്ങളിലൊന്നാണ് തിരുവിതാംകൂർ. ശ്രീമൂലം തിരുനാൾ 1921 ൽ ആണ് ഇൗ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയൊട്ടാകെ വനിതകൾക്കു വോട്ടവകാശം ലഭിച്ചത് 1926 ൽ.

ഇംഗ്ലണ്ടിൽ രാജാവ് 1918 ൽ വനിതകൾക്കു വോട്ടവകാശം അനുവദിച്ചെങ്കിലും അഞ്ചു പൗണ്ടിന്റെ സ്വത്തെങ്കിലും ഉള്ളവർക്കു മാത്രമായിരുന്നു അത്. 

ലോകത്താദ്യമായി വനിതകൾക്കു വോട്ടവകാശം നൽകിയത് ന്യൂസിലൻഡാണ്, 1893ൽ. ഓസ്ട്രേലിയ 1902 ൽ. പുരോഗമന രാഷ്ട്രമെന്നു കരുതപ്പെടുന്ന സ്വിറ്റ്സർലൻഡ് വനിതകൾക്കു വോട്ടവകാശം നൽകുന്നത് 1971 ൽ മാത്രമാണ്.

ക്ഷേത്രപ്രവേശന വിളംബരം ഒഴിച്ചാൽ താരതമ്യേന ഏറ്റവും പുരോഗമനപരവും ആധുനികവുമായ പരിഷ്കാരങ്ങൾ നടന്നത് മൂന്നു റാണിമാരുടെ ഭരണകാലത്താണ്. സമ്പൂർണ രാജ്യഭരണമുണ്ടായിരുന്ന ഏക മഹാറാണി ഗൗരി ലക്ഷ്മീബായി (1791–1815) റീജന്റ് റാണിമാരായിരുന്ന ഗൗരി പാർവതീബായി (1802–1853) സേതു ലക്ഷ്മീബായി (1895–1985) എന്നിവരുടെ കാലത്ത്.

വെറും ഇരുപത്തിനാലു വയസ്സുവരെ മാത്രം ജീവിച്ച്, അഞ്ചു വർഷം മാത്രം ഭരണത്തിലിരുന്ന ഗൗരി ലക്ഷ്മീബായിയാണ് തിരുവിതാംകൂറിൽ രാജ്യാന്തര നിലവാരമുള്ള പൊതുജനാരോഗ്യ വ്യവസ്ഥയ്ക്കു തുടക്കമിട്ടത്. അടിമസമ്പ്രദായം അവസാനിപ്പിക്കാൻ തുടക്കമിടുകയും ചെയ്തു. പതിനാലു വർഷം റീജന്റായി ഭരിച്ച സഹോദരി ഗൗരി പാർവതീബായി സ്ത്രീ വിദ്യാഭ്യാസം സൗജന്യമാക്കി. സ്ത്രീകൾക്കു വിദ്യാഭ്യാസമേ നൽകാൻ മിക്ക നാട്ടുരാജ്യങ്ങളും വിസമ്മതിക്കുമ്പൊഴായിരുന്നു ഇത്.

കേരളത്തിൽ വനിതകൾക്കു വേണ്ടിയുള്ള ആദ്യസ്കൂൾ, ബഞ്ചമിൻ ബെയ്‍ലിയുടെ ഭാര്യ എലിസബത്ത് എല്ല കോട്ടയത്തു താമസിച്ച വീട്ടിൽ മൂന്നു നാലു കുട്ടികളെ വച്ച് 1827 ൽ തുടങ്ങിയതാണ്. 1848 ആയപ്പോഴേക്ക് ഇൗ സ്കൂളിൽ 29 പെൺകുട്ടികളുണ്ടായിരുന്നു. 

പെൺകുട്ടികൾക്കു താമസിച്ചു പഠിക്കാവുന്ന ആദ്യത്തെ ബോർഡിങ് സ്കൂൾ തിരുമൂലപുരത്ത് മനോരമ പത്രാധിപർ കണ്ടത്തിൽ വറുഗീസുമാപ്പിള 1904ൽ ആരംഭിച്ച ബാലികാമഠം സ്കൂളാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ വനിതകൾക്ക് ഇവിടെ കോളജുകളിൽ പ്രവേശനം ഇല്ലായിരുന്നു. ലോകത്തിൽ ആദ്യത്തെ വനിതാ സർജൻ ജനറലും നിയസഭാംഗമാവുന്ന ആദ്യത്തെ വനിതയുമായ ഡോ. മേരി പുന്നൻ ലൂക്കോസ്, ഡിസ്റ്റിങ്ഷനോടെ മെട്രിക്കുലേഷൻ പാസാവുകയും ഇംഗ്ലിഷിലെ ഉയർന്ന മാർക്കിനുള്ള സത്യനാഥൻ മെഡൽ നേടുകയും ചെയ്തിട്ടും പെൺകുട്ടിയാകയാൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) 1905 ൽ പ്രവേശനം നിഷേധിച്ചു. എഫ്എ പരീക്ഷ (ആർട്സിലെ ഫസ്റ്റ് എക്സാമിനേഷൻ) പാസായശേഷം അപേക്ഷിച്ചപ്പോഴും പിതാവ് ഡോ. ടി.ഇ.പൂന്നന്റെ ഉന്നത സ്വാധീനങ്ങളുണ്ടായിട്ടും സയൻസ് വിഷയത്തിൽ പ്രവേശനം നൽകാതെ ആർ‌ട്സ് വിഷയങ്ങളാണു നൽകിയത്. 

മഹാരാജാസിലെ ആദ്യ വനിതാ വിദ്യാര്‍ഥിയും പഠിക്കുമ്പോൾ അവിടത്തെ ഏക പെൺകുട്ടിയുമായ മേരി പാസായത് മദ്രാസ് സർവകലാശാലയിലെ ആദ്യത്തെ വനിതാ ബിരുദധാരിയായാണ് (അന്ന് മദ്രാസ് സർവകലാശാലയുടെ കീഴിലായിരുന്നു നമ്മുടെ കോളജുകള്‍). പിതാവിനെപ്പോലെ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചെങ്കിലും ഇന്ത്യയിലെ ഒരു മെഡിക്കൽ കോളജിലും അന്ന് വനിതകൾക്കു പ്രവേശനം ഇല്ലായിരുന്നു. അവസാനം സയൻസിനു പകരം ആർട്സ് ഡിഗ്രിയുമായെത്തി ലണ്ടൻ സർവകലാശാലയിൽനിന്നാണ് എംബിബിഎസ് എടുത്തത്.

ഇന്ത്യയിലെ തന്നെ ആദ്യ കലാലയങ്ങളിലൊന്നായ കോട്ടയം സി.എം.എസ് കോളജിൽ വനിതകൾക്കു പ്രവേശനം നൽകിയത് 1913 ൽ മാത്രമാണ്.

നാലരപതിറ്റാണ്ടു മുൻപ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഒരു വിദ്യാർ‌ഥിനി പുണെയിലെ ഒരു കമ്പനിയിലെ ജോലി ഒഴിവിന്റെ പരസ്യം കാണാനിടയായി. അതിലെ ഒരു വാചകം അവരെ പ്രകോപിപ്പിച്ചു. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. 

   

കമ്പനി മേധാവിക്കയച്ച ഒരു തപാൽ കാർഡിൽ അവർ എഴുതി: ‘‘താങ്കളിൽനിന്ന് ഇത്തരമൊരു വിവേചനം ഞാൻ പ്രതീക്ഷിച്ചില്ല.’’കാർ‌ഡ് അയച്ചതോടെ അരിശം തീർന്നു. പിന്നീട് ആ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് ഒരു കത്തു കിട്ടുന്നത്. പുണെയിലെ ഇന്റർവ്യൂവിനു ചെന്നാൽ സകല ചെലവും വഹിച്ചു കൊള്ളാമെന്ന്. 

നമുക്ക് അറിയാവുന്ന ഒരു കമ്പനിയാണത്. ടെൽകോ. മറുപടി അയച്ച ആളും നമുക്കു പരിചിതനാണ്. ജെ.ആർ.ഡി. ടാറ്റ. കാർഡ് അയച്ചതും നമുക്ക് അറിയാവുന്നയാളാണ്. ഇൻഫോസിസിലെ നാരായണ മൂർത്തിയുടെ പത്നി സുധ മൂർത്തി.

English Summary: ‘Kadhakoottu’ Column written by Thomas Jacob- Women empowerment stories of Travancore and Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.