തലേക്കെട്ട്

HIGHLIGHTS
  • തലക്കെട്ടുകൾ കൊണ്ടുവരുന്ന സർഗാത്മകത
Kadhakkoottu--DEC-05
പി.കെ. ബാലകൃഷ്ണൻ, വിനോദ് നായർ, പി. കിഷോർ, അനിൽ രാധാകൃഷ്ണൻ
SHARE

പത്ര തലക്കെട്ടുകളിൽ പണ്ടേ സർഗാത്മകതയുണ്ടായിരുന്നെങ്കിലും അതു വർധിപ്പിക്കാൻ പ്രേരണയായത് ഇലക്ട്രോണിക് മാധ്യമങ്ങളാണ്. പല വാർത്തകളുടെയും കരടുരൂപം ദൃശ്യമാധ്യമങ്ങളിൽനിന്നു പത്രവായനക്കാർ അറിഞ്ഞിരിക്കുമെന്നതിനാൽ തലക്കെട്ട് കൂടുതൽ ആകർഷകമാക്കാൻ വേണ്ടി പത്രാധിപന്മാർ സർഗാത്മകതയെ കൂട്ടുപിടിക്കുന്നു.

രണ്ടായിരത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലവുമായി പുറത്തിറങ്ങാൻ വേണ്ടി അമേരിക്കൻ വാർത്താവാരികകൾ അച്ചടി ഒരു ദിവസം വൈകിച്ചു. എങ്കിലും പ്രയോജനമുണ്ടായില്ല. ഇത്തവണത്തേതുപോലെ അന്നും ഫലം വൈകി. എന്നു മാത്രമല്ല,  ചരിത്രത്തിലാദ്യമായി ‘കേസും കൂട്ടവുമാ’യി പ്രഖ്യാപനം ആഴ്ചകൾ തന്നെ നീണ്ടുപോയി. അന്ന് അൽപം വൈകിയിറങ്ങിയ ‘ടൈം’ വാരിക ആ അപൂർവതയും പുതിയ പ്രസിഡന്റില്ലായ്മയും ചേർത്ത് അർഥവത്തായ പുതിയൊരു വാക്കുണ്ടാക്കി കവറിൽ തലക്കെട്ടാക്കി: Unpresidented.

ബ്രിട്ടനിലെ ആദ്യത്തെ ലേബർ പ്രധാനമന്ത്രിയായിരുന്ന റാംസെ മക്ഡോണൾഡിന് വിദേശയാത്രകളിൽ വലിയ കമ്പമായിരുന്നു. (ഒരു വിദേശയാത്രയിൽ കപ്പലിൽ വച്ചാണ് അദ്ദേഹം മരിച്ചതും). ദീർഘകാലത്തെ ഒരു വിദേശയാത്രയ്ക്കുശേഷം തിരിച്ചുവരുന്ന ദിവസം ബ്രിട്ടനിലെ ഒരു പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു; പ്രധാനമന്ത്രി മക്ഡോണൾഡ് ഇന്നു ബ്രിട്ടൻ സന്ദർശിക്കുന്നു.

ഇന്ത്യയുടെ ചന്ദ്രയാൻ 2008 ൽ ചന്ദ്രനിലിറങ്ങിയപ്പോൾ മനോരമയിലെ തലക്കെട്ട്: ചന്ദ്രനിൽ മഹാഭാരതം.

കോൺഗ്രസിൽ ഗ്രൂപ്പുകളുടെ വിഴുപ്പലക്കൽ ഏറെക്കാലം ഇല്ലാതിരുന്നിട്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ തലേന്നാൾ ഗ്രൂപ്പുനേതാക്കൾ പ്രസ്താവനായുദ്ധം ആരംഭിച്ചു. മനോരമയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: കോൺഗ്രസ് വീണ്ടും കോൺഗ്രസായി.

കന്നുകാലികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയെന്ന വാർത്തയ്ക്ക് മനോരമയിൽ പി. കിഷോർ നൽകിയ തലക്കെട്ട്: സകല കന്നുകാലികൾക്കും ഇൻഷുറൻസ്.

തിരുവനന്തപുരത്തെ സർക്കാർ കോഴിഫാമിൽ ഭക്ഷണം കിട്ടാതെ ഒരു കോഴി മറ്റൊരു കോഴിയെ കൊത്തിത്തിന്നെന്ന വാർത്തയ്ക്ക് മനോരമയിലെ തലക്കെട്ട്: സർക്കാർ കോഴി ചിക്കൻ തിന്നുന്നു.‌

സൗജന്യ ഡയാലിസിസിനായി കണ്ണൂർജില്ലാ ആശുപത്രിയിൽ 12 ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചതിനെപ്പറ്റിയുള്ള ഫീച്ചറിന് കണ്ണൂർ മനോരമയിൽ ജിതിൻ ജോസ് നൽകിയ തലക്കെട്ട്: ദയാലിസിസ്.

എം.എ. ജോൺ നമ്മെ നയിക്കും എന്ന മുദ്രാവാക്യം കേരളത്തിലെ മതിലുകളിലൊക്കെ എഴുതി വപ്പിച്ച ജോൺ കോൺഗ്രസ് –ഐയിൽ ചേർന്നപ്പോൾ തൃശൂർ എക്സ്പ്രസിലെ തലക്കെട്ട് ‘എം.എം. ജോൺ ഇനി ഇന്ദിരയെ നയിക്കും’ എന്നായിരുന്നുവെന്ന് ടി. ഐ. ലാലു എഴുതുന്നു.

വനത്തിൽ നിന്നു മരംവെട്ടുന്നതിന്റെ പേരിൽ സുഗതകുമാരിയടക്കമുള്ളവർ പി. സീതിഹാജിക്കെതിരെ ആരോപണമുന്നയിക്കുന്ന കാലം. നിയമസഭയിലും ആരോപണം വന്നപ്പോൾ സീതിഹാജി സ്വയം ന്യായീകരിച്ചു. തൃശൂർ എക്സ്പ്രസിന്റെ തലക്കെട്ട്: സീതിഹാജി തടിതപ്പുന്നു.

പകർച്ചവ്യാധികൾ പരന്നപ്പോൾ മരുന്നു കമ്പനികൾ മരുന്നിനു വില കൂട്ടി. മംഗളത്തിന്റെ തലക്കെട്ട്: പനിബാധിച്ചവർക്ക് മരുന്നു കമ്പനികളുടെ ‘പിഴിച്ചിൽ’ ചികിത്സ.

രണ്ടാം നായനാർ മന്ത്രിസഭയിൽ കെ. ചന്ദ്രശേഖരൻ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോൾ കോഴിക്കോട്ടു സർവകലാശാലാ സിൻഡിക്കേറ്റിലെക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി ഒരു വോട്ടിനു തോറ്റു. അതോടെ വിദ്യാഭ്യാസ സെക്രട്ടറി ബാബുപോൾ ആർക്കാണു വോട്ട്ചെയ്തതെന്നു വിവാദമുണ്ടായി. പത്രാധിപർ പി.കെ.  ബാലകൃഷ്ണൻ ശുക്രൻ എന്ന പേരിൽ ‘മാധ്യമ’ത്തിലെഴുതിയിരുന്ന പ്രതിവാരപംക്തിയുടെ ആയാഴ്ചത്തെ തലക്കെട്ട്: ആകെ പോൾ ചെയ്തതും  ബാബു പോൾ ചെയ്തതും.

അമേരിക്കക്കാരൻ മൈക്കൽ ഫെൽപ്സ് 2016 ഒളിംപിക്സിൽ 22–ാമത്തെ സ്വർണമെഡൽ  നേടിയപ്പോൾ മനോരമയുടെ സ്പോർട്സ് പേജിൽ അനിൽ രാധാകൃഷ്ണൻ നൽകിയ തലക്കെട്ട്: 22 കാരറ്റ് സ്വർണത്തിന് ഫെൽപ്സ്.

ഡിഐസി രൂപീകരിച്ച് കോൺഗ്രസിൽനിന്നു പോയ കെ. കരുണാകരന് ഒടുവിൽ കോൺഗ്രസിലേക്കു മടങ്ങിവരാൻ തിടുക്കമായി. ഇക്കാര്യം പരിഗണിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തിരിച്ചെടുക്കാമെന്നു തീരുമാനിച്ചു; പക്ഷേ, തിരക്കു വേണ്ട.

രണ്ട് അർഥങ്ങളും ഭംഗിയായി ധ്വനിപ്പിക്കുന്ന തലക്കെട്ടാണ് ജോസ് പനച്ചിപ്പുറം മനോരമയിൽ വലിയ അക്ഷരത്തിൽ നൽകിയത്: വരട്ടെ.

മുൻമന്ത്രി കെ. നാരായണക്കുറുപ്പ് 2013 ൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ നർമവെടികൾ സമാഹരിച്ച ഫീച്ചറിന് മനോരമയിൽ വിനോദ് നായർ നൽകിയ തലക്കെട്ട്: ചിരിയുടെ കുറുപ്പുഗുലാൻ

കെ.എം.മാണി ‘അധ്വാനവർഗ’ സിദ്ധാന്തം അവതരിപ്പിച്ചപ്പോൾ മാണിക്കസർത്തുകളെപ്പറ്റി. കെ.ആർ. ചുമ്മാർ, ശ്രീലൻ എന്ന പേരിൽ എഴുതിവന്ന പംക്തിക്കു കൊടുത്ത തലക്കെട്ട് പാലായിൽനിന്നുതന്നെയുള്ള ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു: ‘മാണിക്കത്തനാരുടെ പുതിയ വർത്തമാനപുസ്തകം.’

എസ്.എ. പുതിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷനൽ ലീഗ് 2010 ൽ ഇടതുപക്ഷ പാളയത്തിൽനിന്നു പുറത്തുവന്നപ്പോൾ വാർത്തയോടൊപ്പമുള്ള ഫീച്ചറിന് ‘തേജസ്’ പത്രം കൊടുത്ത തലക്കെട്ട് ‘നാഷനൽ ലീഗ് ഇനി പുതിയ വളപ്പിൽ’ എന്നായിരുന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏതാണ്ട് മുഴുവനായിത്തന്നെ കോൺഗ്രസിതരർ ജയിച്ചുകയറിയപ്പോൾ കേരളത്തിൽ കോൺഗ്രസിനു തകർപ്പൻ ജയം. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ക്ക് കേരളത്തിലെ വായനക്കാരാണല്ലോ പ്രധാനം. അവരുടെ മുന്നിൽ ഇതെങ്ങനെ അവതരിപ്പിക്കും?

പിറ്റേന്നത്തെ ദേശാഭിമാനിയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ഭരണമുന്നണിക്ക് വിചിത്ര വിജയം.

English Summary: ‘Kadhakoottu’ Column written by Thomas Jacob- Creativity in headlines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA