വക്കീൽപ്പട

HIGHLIGHTS
  • അഭിഭാഷകരായ പത്രാധിപന്മാരുടെ കഥകൾ
Kadhakkoottu-1200-Dec12
ബാരിസ്റ്റർ ജി.പി. പിള്ള, കേസരി ബാലകൃഷ്ണപിള്ള, കെ.എം. പണിക്കർ, കെ.പി. കേശവമേനോൻ
SHARE

ഒരുകാലത്ത് ഇന്ത്യയിലെ ഭരണാധികാരികൾ അഭിഭാഷകർ ആയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ബാരിസ്റ്ററായിരുന്നെങ്കിൽ തിരുവിതാംകൂറിൽ ആദ്യത്തെ പ്രധാനമന്ത്രി (അന്നു മുഖ്യമന്ത്രിയെന്നല്ല, പ്രധാനമന്ത്രിയെന്നാണു പറഞ്ഞിരുന്നത്) പട്ടം താണുപിള്ള മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിമാരായ സി. കേശവനും ടി.എം. വർഗീസും അഭിഭാഷകരായിരുന്നു. അന്നു മുതൽക്കിങ്ങോട്ട് കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിമാരായി എത്രയോ അഭിഭാഷകർ!

അന്നു പത്രാധിപന്മാരും അഭിഭാഷകരായിരുന്നു. മലയാളിയായ ആദ്യത്തെ അഭിഭാഷക പത്രാധിപർ ബാരിസ്റ്റർ ജി.പി. പിള്ളയാണ്. ‘മദ്രാസ് സ്റ്റാൻഡേർഡി’ന്റെ പത്രാധിപരായിരിക്കുമ്പോൾ ഒരു കേസിൽ ശിക്ഷിക്കപ്പെടാനിടയായതു വക്കീലിന്റെ വാദം ശരിയാകാത്തതുകൊണ്ടാണെന്നു മനസ്സിലാക്കിയ അദ്ദേഹം നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്കു പുറപ്പെടുകയായിരുന്നു. 

രണ്ടാമത്തെ അഭിഭാഷക പത്രപ്രവർത്തകൻ ‘കേസരി’ എ. ബാലകൃഷ്ണപിള്ളയായിരുന്നു. കേരള പത്രികയുടെ പത്രാധിപന്മാരിലൊരാളായിരുന്ന അപ്പു നെടുങ്ങാടി (കുന്ദലതയുടെ കർത്താവ്), ‘മിതവാദി’ പത്രാധിപർ സി. കൃഷ്ണൻ, ‘മലയാളി’ പത്രാധിപർ എം.ആർ. മാധവ വാരിയർ, ബി.ആർ.പി. ഭാസ്കറിന്റെ പിതാവ് എ.കെ.ഭാസ്കറിന്റെ പത്രമായ ‘നവഭാരത’ത്തിന്റെ പത്രാധിപർ ബാപ്പുറാവു, ‘മാതൃഭൂമി’ പത്രാധിപന്മാരായിരുന്ന കെ.പി. കേശവമേനോൻ, കെ.എ. ദാമോദരമേനോൻ, എ.പി.ഉദയഭാനു, ‘ദീനബന്ധു’ പത്രാധിപർ പനമ്പിള്ളി ഗോവിന്ദമേനോൻ, ‘ഹിന്ദുസ്ഥാൻ ടൈംസി’ന്റെ പത്രാധിപരായിരുന്ന സർദാർ കെ.എം. പണിക്കർ, കേരള കൗമുദി ലേഖകൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ, തൃശൂർ എക്സ്പ്രസ് പത്രാധിപസമിതിയംഗം ജസ്റ്റിസ് എം. പി.മേനോൻ, ‘ശ്രീമതി’ മാസിക പത്രാധിപർ ജസ്റ്റിസ് അന്ന ചാണ്ടി, ‘പ്രജാമിത്രം ’പത്രാധിപർ ആനി തയ്യിൽ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

രണ്ടുമൂന്നു തരം അഭിഭാഷകരുണ്ട്. ബിരുദമെടുത്തശേഷം നിയമബിരുദമെടുത്തവർക്കു സുപ്രീം കോടതി വരെ വാദിക്കാം. ലോ കോളജിൽ പോകാതെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലീഡർഷിപ് കോഴ്സ് പഠിച്ച് പരീക്ഷ എഴുതി ജയിക്കുന്ന, ബിരുദധാരികളല്ലാത്ത പ്ലീഡർ വക്കീലന്മാർ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. മജിസ്ട്രേട്ട് കോടതിയിലും മുൻസിഫ് കോടതിയിലുമേ അവർക്കു വാദിക്കാനൊക്കുമായിരുന്നുള്ളൂ. ‘കേരള കൗമുദി’ പത്രാധിപർ സി.വി. കുഞ്ഞുരാമനും നോവലിസ്റ്റ് തകഴി ശിവശങ്കരപ്പിള്ളയും പ്ലീഡർ വക്കീലന്മാരായിരുന്നു.

‘ക്രിമിനൽ വ്യവഹാരപ്പാന’എന്ന പദ്യകൃതി പഠിച്ചു പരീക്ഷ പാസായ ‘പാനവക്കീൽ’എന്നൊരു കൂട്ടരും തിരുവിതാംകൂറിൽ ഉണ്ടായിരുന്നു.

ജില്ലാ കോടതി പരീക്ഷയ്ക്കു 12 രൂപ ഫീസടയ്ക്കാൻ കഴിവില്ലാതെ 5 രൂപ അടച്ച് മുൻസിഫ് കോടതി പരീക്ഷ പാസായ വക്കീലന്മാർ കൊച്ചിയിലുണ്ടായിരുന്നുവെന്നു പുത്തേഴത്തു രാമമേനോൻ എഴുതിയിട്ടുണ്ട്. പണ്ടത്തെ പ്ലീഡർ വക്കീലന്മാരെ ‘ക്വയർ കോയിന്മാർ’ എന്നാണു മറ്റ് അഭിഭാഷകർ പരിഹസിച്ചിരുന്നത്. Coercion എന്ന ഇംഗ്ലിഷ് വാക്ക് കൊയേർഷ്യൻ എന്നതിനു പകരം ഏതോ ഒരു പ്ലീഡർ വക്കീൽ ‘കൊയർ കോയിൻ’ എന്നു തെറ്റായി ഉച്ചരിച്ചത്രേ. 

ബിഎൽ പാസായവരെ ‘തെറി അണ്ടർ’ എന്നു വിളിച്ചു പ്ലീഡർമാർ പകവീട്ടി. ഏതോ ഒരു നിയമ ബിരുദധാരി there under ‘തെറി അണ്ടർ’ എന്നു വായിച്ചെന്നു പറഞ്ഞായിരുന്നു ഈ തിരിച്ചടി.

നേതാക്കൾ നിയമം അനുസരിക്കുന്നവരാകുമ്പോൾ എന്തു സംഭവിക്കുമെന്ന് ‘ഓർമപ്പടികൾ’ എന്ന ആത്മകഥയിൽ എം.എ. ഉമ്മൻ പറയുന്നുണ്ട്. ഡോ. ജോൺ മത്തായി കേരള സർവകലാശാലാ വൈസ് ചാൻസലറായി 1958ൽ എത്തിയപ്പോൾ രാജ്ഭവനിൽ അദ്ദേഹത്തിന് ഒരു വിരുന്നു നൽകി. ഗവർണർ ഡോ. ബി. രാമകൃഷ്ണ റാവുവും വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരിയും അദ്ദേഹത്തെ മദ്യം വിളമ്പുന്ന ആദ്യ ചടങ്ങിനു കൂട്ടിക്കൊണ്ടു പോയി. ‘‘ഇന്നു വെള്ളിയാഴ്ച. തിരുവനന്തപുരത്തു മദ്യനിരോധന ദിവസമല്ലേ ഇന്ന്? നിയമം പാലിക്കുക’’ എന്നു ഡോ. ജോൺ മത്തായി പറഞ്ഞുതീരുംമുൻപു കുപ്പികൾ അപ്രത്യക്ഷമായി.

(വെള്ളിയാഴ്ച ‘ഡ്രൈ ഡേ’ ആയിരുന്ന ഒരു കാലം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളും മലബാർ ജില്ലകൾ മുഴുവനും മദ്യനിരോധന മേഖലയായിരുന്ന മറ്റൊരു കാലവും ഉണ്ടായിരുന്നു).

അഡ്വക്കറ്റ് ജനറലിന് പിണറായി മന്ത്രിസഭ കാബിനറ്റ് പദവി നൽകിയപ്പോൾ അതു പതിവില്ലാത്തതാണെന്നമട്ടിൽ ചില മുറുമുറുപ്പുകൾ കേട്ടു. തിരുവിതാംകൂറിലെ രണ്ടാമത്തെ മന്ത്രിസഭയുടെ കാലത്തുതന്നെ അഭിഭാഷകമുഖ്യനു കാബിനറ്റ് പദവി ഉണ്ടായിരുന്നുവെന്നതാണു നേര്.

തിരുവിതാംകൂർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പറവൂർ ടി.കെ. നാരായണപിള്ളയ്ക്ക് ഒരാഗ്രഹം. പറവൂരുകാരൻ തന്നെയായ കെ.എ. ഗംഗാധരമേനോനു നല്ലൊരു സ്ഥാനം നൽകണം. പറവൂരിൽനിന്നു മുഖ്യമന്ത്രിക്കു പുറമേ മറ്റൊരു മന്ത്രികൂടി എന്നു വന്നാൽ ആക്ഷേപമുണ്ടാവും. അതിനാൽ ആ അഭിഭാഷകനെ അഡ്വക്കറ്റ് ജനറൽ ആക്കാൻ തീരുമാനിച്ചു. മുമ്പ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്തിന് ഒരു അഡ്വക്കറ്റ് ജനറൽ ഉണ്ടായിരുന്നെങ്കിലും ഭരണഘടന നിലവിൽ വന്നിട്ടില്ലാത്തതിനാൽ ഗംഗാധരമേനോന്റെ തസ്തികയുടെ പേരൊന്നു മാറ്റി ബ്രിട്ടിഷ് മാതൃകയിൽ അറ്റോർണി ജനറൽ എന്നാക്കി. ചരിത്രത്തിലാദ്യമായി അറ്റോർണി ജനറലിന് കാബിനറ്റ് പദവി നൽകുകയും ചെയ്തു. നിയമസഭയിൽ ഒരു കസേര തരപ്പെടുത്തി, നിയമനത്തിനു മുൻപ് തിരുവനന്തപുരത്തെ ഒരു സിവിൽ അഭിഭാഷകനായിരുന്ന ഗംഗാധരമേനോൻ പിന്നെ മിക്ക ദിവസങ്ങളിലും നിയമസഭയിലായി ഇരിപ്പ്.

തിരുവിതാംകൂർ–കൊച്ചി സംയോജനം വന്നതോടെ പറവൂർ ടികെയുടെ കാലത്തുതന്നെ അദ്ദേഹം ഹൈക്കോടതി ജ‍ഡ്ജിയായി. ജ‍‍ഡ്ജിയായിരിക്കെയായിരുന്നു മരണം. മന്ത്രിയും ‘മാതൃഭൂമി’ പത്രാധിപരുമായിരുന്ന കെ.എ. ദാമോദരമേനോന്റെ ജ്യേഷ്ഠനാണു ഗംഗാധരമേനോൻ എന്നുകൂടി പറഞ്ഞാലേ കഥ പൂർണമാകൂ.

English Summary: ‘Kadhakoottu’ Column written by Thomas Jacob- Stories of newspaper editors who are also advocates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.