മൊഴിമാറ്റം

HIGHLIGHTS
  • തർജമകളുടെ ലോകത്തു നിന്ന് ചില കഥകൾ
Kadhakkoottu1200-Nov21
ജസ്റ്റിസ് ബ‍ഞ്ചമിൻ കോശി, ആറ്റൂർ രവിവർമ, ആർ.ഇ. ആഷർ
SHARE

പണ്ടത്തെ മൊഴിമാറ്റങ്ങളുടെ ഒരു പ്രത്യേകത, അതിന്റെ ഇംഗ്ലിഷ് വാക്കുകൂടി നമ്മുടെ ഓർമയിൽ അവ കൊണ്ടുവരുമായിരുന്നുവെന്നതാണ്. Will വിൽപ്പത്രമായി, Pen പേനയായി, Vicar വികാരിയായി, Litany ലുത്തിനിയ ആയി, Divine ദിവ്യം ആയി, Lantern റാന്തലായി വെളിച്ചം പകർന്നു. ലാന്തർ എന്നായിരുന്നു ആദ്യം. എസ്.കെ. പൊറ്റെക്കാടിന്റെ നോവലുകളിൽ ഈ വാക്കു കാണാം. Widow വിധവയായി, Serpent സർപ്പമായി, Satan സാത്താനായി, Dental ദന്ത ആയി, Office ആപ്പീസായി, Devan ദളവയായി, Judge ജഡ്ജിയായി. High Court ഹൈക്കോടതിയായി. ഇതിനൊന്നും അപ്പീൽ ഉണ്ടായില്ല.

Hospital ആശുപത്രിയായി. രോഗപ്പുര എന്നായിരുന്നു ആദ്യത്തെ മൊഴിമാറ്റം. ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ഈ വാക്കു കാണാം.

Dead Sea എന്നതിന് ചാവുകടൽ എന്ന മനോഹരമായ മൊഴിമാറ്റം ബൈബിളിലേതാണ്. മൃതസമുദ്രം, ചത്തകടൽ എന്നോ മറ്റോ ആയിപ്പോയിരുന്നെങ്കിലോ?

പുരുഷനും സ്ത്രീക്കും നരൻ, നാരി എന്നീ വാക്കുകളുണ്ടാക്കിയതും ബൈബിൾ തർജമക്കാരാവണം. അല്ലെങ്കിൽ Man–ൽനിന്ന് ഉണ്ടായതിനാൽ അവൾ Woman എന്നറിയപ്പെടട്ടെ എന്നു ദൈവം പറഞ്ഞു എന്ന ബൈബിൾ വാക്യം തർജമ ചെയ്യാൻ പ്രയാസപ്പെട്ടേനെ.

ക്രിസ്തുവിനെ കുരിശിൽ തറച്ച ദിവസം ഇംഗ്ലിഷിൽ Good Friday ആണെങ്കിലും മലയാളത്തിൽ ദുഃഖവെള്ളിയാക്കി അതിൽ വികാരം കൊണ്ടുവന്നു. ഇംഗ്ലിഷിൽ ഗുഡ് ഫ്രൈഡേ എന്നു പറയുന്നതുകൊണ്ടുള്ള ഒരു പ്രശ്നത്തെപ്പറ്റി ജസ്റ്റിസ് ബഞ്ചമിൻ കോശി പറഞ്ഞിട്ടുണ്ട്. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ അവിടത്തെ 36 ജഡ്ജിമാരിൽ ഏക ക്രിസ്ത്യാനിയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികളുടെ ഏതോ വിശേഷമായ ആഘോഷമാണ് ഗുഡ് ഫ്രൈഡേ എന്നു കരുതി ദുഃഖവെള്ളിയാഴ്ച രാവിലെ മറ്റു ജഡ്ജിമാരും അഭിഭാഷകരും അദ്ദേഹത്തെ ഫോണിൽ വിളിച്ചു: സന്തോഷകരമായ ഒരു ഗുഡ് ഫ്രൈഡേ നേരാൻ!

കേരളത്തിൽ ആദ്യത്തെ കലാലയം (ഇന്നത്തെ സിഎംഎസ് കോളജ്) ഇരുന്നൂറു വർഷത്തിനുമുൻപ് ആരംഭിച്ചപ്പോൾ ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണൽ ജോൺ മൺറോ അതിനിട്ട പേര് ‘പഠിത്തവീട്’ എന്നായിരുന്നു. പി‌ന്നീട് നമ്മൾ സ്വീകരിച്ച ‘പള്ളിക്കൂടം’ എന്ന വാക്കിനുപോലും ആ ഭംഗിയുണ്ടോ?

ഉച്ചഭാഷിണി എന്ന വാക്ക് മലയാളത്തിനു സംഭാവന ചെയ്തത് മലയാള മനോരമയാണ്. 1929 മേയ് 11ന്റെ പത്രത്തിൽ. അതുവരെ പത്രങ്ങൾ ‘ലൗഡ് സ്പീക്കർ’ എന്ന ഇംഗ്ലിഷ് വാക്കു തന്നെയാണ് ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം ആറ്റൂർ രവിവർമ ‘ഒച്ചപ്പെരുക്കി’ എന്നു കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. തമിഴൻ ഒലിപെരുക്കി എന്ന വാക്കു സ്വീകരിച്ചത് അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവാം.

ഗ്രാമഫോൺ റിക്കോർഡിന് കന്നഡയിൽ ആദ്യം പറഞ്ഞിരുന്നത് ‘ഗാനദോശ’ എന്നാണ്.

മനോഹരമായ ചില മൊഴിമാറ്റങ്ങൾ കാണുമ്പോൾ അത് ആരുടെ സംഭാവന എന്നറിയാൻ ആഗ്രഹം തോന്നാറുണ്ട്.

Daycare Center ന് പകൽവീട് എന്ന തർജമ നൽകിയതാര്? Humming bird ന് മൂളക്കക്കുരുവി എന്ന ഇമ്പമാർന്ന മൊഴിമാറ്റം നടത്തിയ ആൾ?

Observatory യെ നക്ഷത്രബംഗ്ലാവിലെത്തിച്ചയാൾ

Preemptive Strike നെ ഒരു മുഴം നീട്ടിയെറിഞ്ഞു പിടിച്ച രസികൻ.

A distant cousin എന്നത് വകയിൽ ഒരനിയൻ എന്നാക്കിയ ചേട്ടച്ചാർ ആരാണ്?

Every Tom Dick and Harry എന്നത് ഏത് ഏഴാംകൂലിക്കും എന്ന തർജുമ ചെയ്ത ഏഴാംകൂലി ആര്?

No more free lunches എന്നതിന് ഓസിൽ പുട്ടടി ഇനി നടപ്പില്ല എന്നു പറഞ്ഞ ചങ്ങായിയേത്?

വായിൽ കൊള്ളാത്ത തർജമകൾ ഭാഷയിൽ കൂടിവരുന്നുണ്ട്. Cliche എന്ന വാക്കിന്റെ ഒതുക്കം എവിടെ, ചർവിതചർവണമെന്ന തർജമയുടെ ചവർപ്പെവിടെ? Brainwashing എന്നതിനു മസ്തിഷ്കപ്രക്ഷാളനം എന്നല്ലാതൊരു വാക്കുണ്ടാക്കാൻ കഴിയാത്തവിധം നമ്മൾ brainwashed ആയിപ്പോയില്ലേ?

Megalomania യ്ക്ക് അതിപ്രതാപ ഉന്മത്തരോഗം എന്നൊരു തർജമ ഈയിടെ കണ്ടു. ഇതിനു ലളിതമായ ഒരു തർജുമ മലയാളത്തിൽ നേരത്തേയുണ്ട്: തൻവലിപ്പക്കിറുക്ക്.

വൈക്കം മുഹമ്മദ് ബഷീറിനെ ഇംഗ്ലിഷിലേക്കു ഭാഷാന്തരം ചെയ്ത ഇംഗ്ലിഷുകാരൻ ആർ. ഇ. ആഷർ സുല്ലിട്ടത് ‘ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു’വിലെ കുഴിയാനയുടെ മുൻപിലാണ്. കുഴിയാനയെ മനസ്സിലാക്കാൻ ആഷർ ഒരു ദിവസം ബഷീറിന്റെ വീട്ടിലെത്തിയെന്ന് എൻ.ഇ. സുധീർ പറയുന്നു. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതായപ്പോൾ ബഷീർ മുറ്റത്തേക്കിറങ്ങി ഒന്നു വട്ടമിട്ടശേഷം ജീവനുള്ള ഒരു കുഴിയാനയെ ഹാജരാക്കി. അങ്ങനെയാണ് ആഷർ elephant ant എന്ന പ്രയോഗത്തിലെത്തിയത്.

സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് എല്ലാ വർഷവും പരീക്ഷകളുടെ ഉത്തരങ്ങളിലെ രസികത്തങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. അതു തുടർന്നിരുന്നെങ്കിൽ ഇന്നത്തെ ബെസ്റ്റ് സെല്ലർ ആകുമായിരുന്നു.

സിപിയുടെ കാലത്തെ Howlers ൽനിന്ന് ഒന്ന് ഇതാ: Magnanimity has its limits എന്നതു മൊഴിമാറ്റം നടത്താനാണു പറഞ്ഞിരുന്നത്. കിട്ടിയിരുന്ന ഉത്തരങ്ങളിലൊന്ന്: തെമ്മാടിത്തരത്തിനും ഒരു അതിരുണ്ട്.

തർജമയെപ്പറ്റി സുകുമാർ അഴീക്കോട് എടുത്ത ക്ലാസിനെപ്പറ്റി എം.എൻ. കാരശേരി എഴുതിയിട്ടുണ്ട്. പെട്ടെന്ന് അഴീക്കോട് ചോദിച്ചു: ഹെർ ഹിറ്റ്ലർ എന്നു പറഞ്ഞാലെന്താണ്?

ഒരു കുട്ടിയുടെ മറുപടി: ഹിറ്റ്ലറുടെ ഭാര്യ!

English Summary: ‘Kadhakoottu’ Column written by Thomas Jacob- about Translation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.