വിക്കുണ്ടായിട്ടും

HIGHLIGHTS
  • വിക്കിനെ അതിജീവിച്ച നേതാക്കളുടെ കഥകൾ
1200-imgKadhakkoottu-nov14
ഡിമൊസ്തനീസ്, മോശ, ജോർജ് ആറാമൻ ചക്രവർത്തി, ഇഎംഎസ്
SHARE

ക്രിസ്തുവിനു മുൻപാണ് ജീവിച്ചിരുന്നതെങ്കിലും ഇന്നും നമ്മുടെയിടയിൽ അറിയപ്പെടുന്ന രണ്ടുപേർ വിക്കുകൊണ്ട് കഷ്ടപ്പെടുന്നവരായിരുന്നു; ഡിമൊസ്തനീസും മോശയും.

വായിൽ ചെറിയ ചരൽക്കല്ലുകളിട്ടു സംസാരിച്ചു ശീലിച്ചാൽ വിക്കു മാറുമെന്ന് കേട്ട് അങ്ങനെ ചെയ്ത ഡിമൊസ്തനീസ് ഒടുവിൽ ലോകം കണ്ട ഏറ്റവും വലിയ പ്രഭാഷകരിലൊരാളായി മാറി.

ഇസ്രായേൽമക്കളെ മുഴുവൻ ഒരു മഹാ പ്രയാണത്തിലൂടെ വാഗ്ദത്ത നാടുകളിലെത്തിക്കാൻ നിയോഗിക്കപ്പെട്ട മോശ ഇൗ വിക്കിന്റെ പേരുപറഞ്ഞ് നായകസ്ഥാനത്തുനിന്ന് ഒഴിവാകാൻശ്രമിച്ചു നോക്കിയതാണ്. ദൈവം അവന്റെ വിക്കു മാറ്റിക്കൊടുക്കുകയല്ല ചെയ്തത്. ഇൗ പ്രയാണകാലത്ത് ജനങ്ങളോടു സംസാരിക്കാനായി മോശയുടെ സഹോദരൻ അഹറോനെ കൂടെ അയയ്ക്കുകയായിരുന്നു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമൻ ചക്രവർത്തിയുടെ വിക്കുള്ള ജീവിതത്തെ ചിത്രീകരിക്കുന്ന ‘ദ് കിങ്സ് സ്പീച്ച്’ ആണ് ഇൗ ദശകത്തിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇൗ വിഷയത്തിലേക്കു കൊണ്ടുവന്നത്. ഒരു ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രം വിക്കോടുകൂടി സംസാരിച്ചുകൊണ്ടിരുന്നാൽ അതു കേൾക്കാനും കാണാനും ആളുകളുണ്ടാവുമോ എന്നു സംശയമുണ്ടായിരുന്നെങ്കിലും വിക്കുള്ള ഒരാൾ തിരക്കഥ എഴുതിയ ആ സിനിമ നാല് ഓസ്കർ അവാർഡുകളുമായി ലോകമെങ്ങും പ്രദർശനവിജയം നേടി.

കടുത്ത തോതിൽ വിക്ക് ഉണ്ടായിരുന്നിട്ടും ദിവസംതോറും രണ്ടുംമൂന്നും പ്രസംഗങ്ങൾ നടത്തിയ ഇഎംഎസിനെപ്പോലൊരു രാഷ്ട്രീയ നേതാവ് ലോകത്ത് ഉണ്ടാവില്ല.

ഇഎംഎസിന് ആദ്യകാലത്തുണ്ടായിരുന്നത്ര വിക്ക് അവസാന കാലത്ത് ഉണ്ടായിരുന്നില്ല. കടുത്ത വിക്ക് ഉണ്ടാക്കുന്ന വാക്കുകൾക്കു പകരം അവയുടെ പര്യായപദങ്ങൾ ഉപയോഗിക്കാൻ അപ്പൊഴേക്ക് അദ്ദേഹം പഠിച്ചു കഴിഞ്ഞിരുന്നു. ഇതിനായി ഒരു പര്യായനിഘണ്ടു തന്നെ തലയ്ക്കകത്തു സൂക്ഷിച്ചിരുന്നു ഇഎംഎസ്. 

താനൊരു കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന കാലത്ത് 1946ൽ തൃശൂരിൽ വച്ച് ഇഎംഎസിനെ ആദ്യമായി കാണുകയും കേൾക്കുകയും ചെയ്തതിനെപ്പറ്റി പി. ഗോവിന്ദപ്പിള്ള പറയുന്നു: 

‘പ്രസംഗം കേൾക്കാൻ ഞാൻ ചില സുഹൃത്തുക്കളുമൊത്തു ചെന്നു. അന്ന് അദ്ദേഹത്തിന് അസാധ്യമായ വിക്ക് ഉണ്ടായിരുന്നു. ഒരു വാക്കു പറയണമെങ്കിൽ നാലു തവണയെങ്കിലും വിക്കും. അതു കേട്ടിട്ട് എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ വായ പൊത്തിപ്പിടിച്ചുകൊണ്ടാണ് പ്രസംഗം കേട്ടത്.’ വർഷങ്ങൾ കടന്നുപോയതോടെ ഇഎംഎസിന്റെ വിക്കു കുറഞ്ഞുവന്നു. ഇഎംഎസിനെ കേട്ടുകേട്ട് പി. ഗോവിന്ദപ്പിള്ളയ്ക്ക് പ്രസംഗത്തിൽ ചെറിയ വിക്കു വന്നു തുടങ്ങുകയും ചെയ്തു.

ക്ഷീണിതനായിരിക്കെ സംസാരിക്കുമ്പോഴും സത്യം മറച്ചുവച്ചു സംസാരിക്കേണ്ടിവരുമ്പോഴും അമേരിക്കൻ പ്രസിഡന്റ ് ജോർജ് ബുഷ് സീനിയറിന് വിക്കു വരുമായിരുന്നു. ഇറാഖിലെ സദ്ദാംഹുസൈൻ കുവൈത്തിനെ ആക്രമിച്ചു കീഴടക്കിയ ഉടനെ തന്നെ അവിടെ സൈനികമായി ഇടപെടാൻ തീരുമാനിച്ച ശേഷം സൈനിക നീക്കങ്ങളൊന്നും അമേരിക്കയുടെ മനസ്സിലില്ലെന്നു പത്രക്കാരോടു പറയുമ്പോൾ ബുഷിന് വാക്കുകൾ വിക്കി.

ഇഎംഎസിനു വിക്ക് ഇല്ലെന്നാണ് കവി അയ്യപ്പൻ പറയുന്നത്. അസത്യം നാവിൽ വരുമ്പൊഴാണ് ഇഎംഎസിനു വിക്കുണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.  

ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലം. വെളിയം ഭാർഗവൻ ഒരു പയ്യനുമായി കാണാൻ വന്നു.

ഇഎംഎസ് വളരെ സ്നേഹത്തോടെ ചോദിച്ചു: എ...എ... എന്താ പേര്?

പയ്യൻ പറഞ്ഞു: ഗോ...ഗോ... ഗോപിനാ...നാ...നാഥൻ..

– ഏ...ഏതു ക്ലാസിലാ?

– ഒ...ഒന്നാം ക്ലാസിൽ..

വെളിയമായതുകൊണ്ട് ഇംഎംഎസിനൊരു സംശയം. തന്നെ ഉൗശിയാക്കാൻ വേണ്ടി ഇൗ പയ്യനെ കൊണ്ടുവന്നതാണോ?

അങ്ങനെയൊരു സംശയമുണ്ടായിട്ടുണ്ടെന്നു തോന്നിയപ്പോൾ വെളിയം പയ്യനെ പുറത്തു നിർത്തിയിട്ട് പറഞ്ഞു:

നമ്മുടെ ഒരു സഖാവിന്റെ മകന് വിക്കുള്ളതിന്റെ പേരിൽ അൽപം അപകർഷതാബോധമുണ്ട്. വിക്കുണ്ടായിട്ടും മുഖ്യമന്ത്രിപദം വരെ ഉയരാൻ കഴിഞ്ഞൊരാൾ നമുക്കുണ്ടെന്നു ഞാൻ പറഞ്ഞു. ഇപ്പോൾ അവന്റെ അപകർഷതാബോധം മാറിയിട്ടുണ്ടാവും.

ഇഎംഎസ് പറഞ്ഞു: ഞാൻ രണ്ടു രൂപ തരാം. അവനെ മ്യൂസിയമൊക്കെ കാണിക്കാൻ ഏർപ്പാടാക്കുക. (1957 ലെ രണ്ടു രൂപയാണ്).

എന്നിട്ട് സെക്രട്ടറി ശർമാജിക്ക് ഒരു കുറിപ്പ് കൊടുത്തുവിട്ടു: രണ്ടു രൂപ കൊടുക്കാനും ആ പയ്യന് ശരിക്കും വിക്കുണ്ടോ എന്നൊന്നു നോക്കാനും.

വെളിയം ചെന്നപ്പോൾ ശർമാജി രണ്ടു രൂപ കൊടുത്തു. അതിന്റെകൂടെ അറിയാതെ ആ കുറിപ്പും വെളിയത്തിന്റെ കൈയിലെത്തി!

വിദ്യാർഥികളും രാമൻകുട്ടി നായരുമായി കൊല്ലങ്ങൾക്കുമുൻപ് കലാമണ്ഡലത്തിൽവച്ചുണ്ടായ സംവാദത്തെപ്പറ്റി വി. കലാധരൻ പറഞ്ഞിട്ടുണ്ട്. ചർച്ചാവസാനം ഒരു കുട്ടിക്കു സംശയം: ആശാന് വിക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പൊഴും വിക്ക് ഉണ്ടോ?

അതുവരെ തട്ടും തടവുമില്ലാതെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ഇപ്പൊ തി...തി...തി...തി... തീരെയില്ല.

കുട്ടികളും ആശാനും ആർത്തു ചിരിച്ചാണ് ആ സംവാദം അവസാനിച്ചത്.

English Summary: Famous leaders who overcame stammering 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.