പംക്തീ രസം

Kadhakkoottu1200-October31
പോത്തൻ ജോസഫ്, ജോസ് പനച്ചിപുറം, എം. കൃഷ്ണൻ നായർ, കെ. എം. റോയ്
SHARE

പംക്തികളെപ്പറ്റി പംക്തിയിൽ എഴുതത്തക്കവണ്ണം വളർന്നിരിക്കുന്നു, പംക്തികൾ. 

ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ കാലം പംക്തി എഴുതിയത് ചെങ്ങന്നൂർകാരനായ പോത്തൻ ജോസഫാണ്. നീണ്ട നാൽപതു വർഷം!

മറ്റുള്ളവരുടേതൊക്കെ പ്രതിവാര പംക്തിയായിരുന്നെങ്കിൽ പോത്തന്റേത് പ്രതിദിന പംക്തിയായിരുന്നു. അദ്ദേഹത്തിന്റെ ‘ഓവർ എ കപ്പ് ഓഫ് ടീ’ പോലൊരു പ്രതിദിന പംക്തി ലോക പത്രപ്രവർത്തന ചരിത്രത്തിലുണ്ടായിട്ടില്ല. (പ്രതിവാര പംക്തിയായ ‘അവസാനത്തെ പേജ്’ കെ. എ. അബ്ബാസ് നാൽപതു വർഷം ബ്ലിറ്റ്സിൽ ഓടിച്ചു.)

ലോകത്തിൽ ഏറ്റവും കൂടുതൽ പത്രങ്ങളിലേക്കു മാറിമാറി സഞ്ചരിച്ച പംക്തിയും പോത്തന്റേതാണ്. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ‘ഡോൺ’ ഉൾപ്പെടെ ഇരുപത്താറു പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള (അതുതന്നെ ഒരു റെക്കോർഡാണ്) പോത്തൻ പംക്തി എഴുതിത്തുടങ്ങിയശേഷമുള്ള ദേശാടനങ്ങളെല്ലാം ആ പംക്തിയുമായിട്ടായിരുന്നു– പന്ത്രണ്ട് പത്രങ്ങളിലേക്ക്.

ഹിന്ദുസ്ഥാൻ ടൈംസിൽ മാത്രം വ്യത്യസ്തമായതൊന്നു സംഭവിച്ചു: പത്രാധിപത്യമൊഴിഞ്ഞ് പോത്തൻ പംക്തിയുമായി സ്ഥലംവിട്ടപ്പോൾ അവർ മറ്റൊരാളെക്കൊണ്ട് ‘ഓവർ എ കപ്പ് ഓഫ് ടീ’ എഴുതിച്ചു. ഒടുവിൽ കേസ് കൊടുത്താണ് പോത്തൻ പംക്തിയിന്മേൽ തനിക്കുള്ള അവകാശം സ്ഥാപിച്ചെടുത്തത്.

പോത്തൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പത്രങ്ങളിലേക്കു പംക്തിയുമായി സഞ്ചരിച്ചത് കുന്നത്തു ജനാർദനമേനോനാണ്. ഈ പാലക്കാട്ടുകാരൻ പത്തുപതിനഞ്ചു പത്രങ്ങളിലെങ്കിലും ജോലി ചെയ്തു. എല്ലായിടത്തും ഏറ്റവും വലിയ ആകർഷണം ആ പംക്തിയായിരുന്നു. കിളിമാനൂരിലെ പണി കഴിഞ്ഞാൽ അടുത്ത ജോലി പയ്യന്നൂരിലാണെങ്കിൽ അവിടെ പരിപാടി തുടങ്ങുന്നത് ‘പ്രിയപ്പെട്ട വായനക്കാരാ, ഞാൻ ഇതാ ഇവിടെ’ എന്നെഴുതി പംക്തി ആരംഭിച്ചുകൊണ്ടായിരിക്കും.

കുന്നത്തു കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രചെയ്ത പംക്തി ഡിസി കിഴക്കെമുറിയുടെ ‘കറുപ്പും വെളുപ്പും’ ആയിരിക്കും. എ.വി. ജോർജ് കമ്പനിയുടെ ലീഗൽ അഡ്വൈസറായി കോട്ടയത്തു താമസിക്കുമ്പോൾ സെഡ് എം.പാറേട്ടിന്റെ ‘പൗരപ്രഭ’ എന്ന സായാഹ്നപത്രം വിലയ്ക്കെടുത്ത സി.എം. സ്റ്റീഫനുവേണ്ടി തുടങ്ങിയ ആ പംക്തി പിന്നീട് ‘കേരളഭൂഷണം’, ‘മാതൃഭൂമി’ ദിനപത്രങ്ങളിലും ‘മനോരാജ്യം’ വാരികയിലും ഓടി.

മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം പംക്തി എഴുതിയതും തുടരുന്നതും മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറമാണ്. അദ്ദേഹം ‘പനച്ചി’ എന്ന പേരിൽ എഴുതുന്ന‘തരംഗങ്ങളിൽ’ 41–ാം വർഷവും മനോരമയിൽ മനോഹരമായി തുടരുന്നു. 

എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം മുപ്പത്തഞ്ചു വർഷം ‘മലയാളനാട്’, ‘കലാകൗമുദി’, ‘സമകാലിക മലയാളം’ എന്നീ വാരികകളിൽ ഒാടി.

ഇഎംഎസ് ചിന്ത വാരികയിൽ 1972 മുതൽ മരണംവരെ 26 വർഷം ഒരു ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തു. വരട്ടുതത്വവാദം മുതൽ തനി നർമംവരെ അതിൽ വിളഞ്ഞു.

രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ചുമ്മാർ ‘പി.കൃഷ്ണപിള്ളയെ കടിച്ച പാമ്പ്’ എന്ന പേരിൽ കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തിൽ ഒരു പരമ്പര എഴുതിയിരുന്നു. അതിനെപ്പറ്റി ഒരു വായനക്കാരൻ ഇഎംഎസിന് എഴുതി: മനോരമയിലെ കെ.ആർ. ചുമ്മാർ വീക്ഷണത്തിലെഴുതിയ പരമ്പര കണ്ടോ?

ഇഎംഎസിന്റെ മറുപടി: അതെഴുതിയതു മനോരമയിലെ ചുമ്മാറല്ല. മനോരമയിലെ ചുമ്മാർ കുറഞ്ഞപക്ഷം ഒരു ദിവസത്തെയെങ്കിലും ആയുസ്സുള്ള നുണകളേ എഴുതുകയുള്ളൂ.

മാടവന ബാലകൃഷ്ണപിള്ള ‘ദീപിക’യിലും ‘മംഗളം’ വാരികയിലും ‘തിരക്കിനിടയിൽ’ എന്ന പംക്തി കാൽനൂറ്റാണ്ട് ഓടിച്ചു.

മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായിരുന്ന എൻ.പി. രാജേന്ദ്രൻ തിങ്കളാഴ്ചകളിൽ മാതൃഭൂമിയിൽ ഇന്ദ്രൻ എന്ന പേരുവച്ച് ‘വിശേഷാൽപ്രതി’ എന്ന പംക്തി 22 വർഷം പൊലിപ്പിച്ചു.

ഏറ്റവും കൂടുതൽ പംക്തികൾ കൈകാര്യം ചെയ്തിട്ടുള്ളത് വൈക്കം ചന്ദ്രശേഖരൻ നായരും കെ.എം. റോയിയുമാണ്. വൈക്കം എവിടെയൊക്കെ എത്ര പംക്തികൾ ഓടിച്ചുവെന്ന് വൈക്കത്തിനുപോലും കണക്കുണ്ടാവില്ല. കോട്ടയത്തു ‘മനോരമ’യിൽ തുടങ്ങി ഒരു ഡസനിലേറെ പത്രമാസികകളിൽ പ്രവർത്തിച്ചിട്ടുള്ള വൈക്കം സ്വന്തം പേരിലും തൂലികാനാമങ്ങളിലും കള്ളപ്പേരുകളിലും എഴുതിക്കൂട്ടിയതിനു കണക്കില്ല.

കേരളകൗമുദി വാരാന്തപ്പതിപ്പിലെ ജനപ്രിയ പംക്തി ഡോ. സുമിത്ര എഴുതിയ ‘ആരോഗ്യരംഗ’മായിരുന്നു. വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം തേടാൻ ഡോ.സുമിത്രയുടെ മേൽവിലാസം ചോദിച്ച് ഒട്ടേറെ കത്തുകൾ വരുമായിരുന്നെന്ന് എസ്. ജയചന്ദ്രൻ നായർ ഓർമിക്കുന്നു. വിലാസം പക്ഷേ, കൊടുക്കാൻ പറ്റുമായിരുന്നില്ല. കാരണം, ഡോ. സുമിത്ര എന്ന പേരിലെഴുതിയിരുന്നത് വൈക്കം ആയിരുന്നു!

മംഗളം വാരികയിൽ ‘ഇരുളും വെളിച്ചവും’ മംഗളം പത്രത്തിൽ ‘തുറന്ന മനസ്സോടെ’ എന്നീ പേരുകളിൽ രണ്ടു പതിറ്റാണ്ടോളം പംക്തിയെഴുതിയ കെ. എം. റോയ് ഇന്ത്യയിലും വിദേശത്തുമുള്ള മലയാള വാരികകളിലും മാസികകളിലുമായി ഒരേസമയം ഒരു ഡസനിൽപരം പംക്തികൾ കൈകാര്യം ചെയ്തിരുന്നു. ഒരേസമയം ഇത്രയും പംക്തിയോ എന്നു ചോദിച്ചാൽ റോയ് പറയും: ഇത്രയും എഴുതുന്നവൻ ആരായാലും രണ്ടു പെഗ് കഴിച്ചുപോകും!

English Summary: ‘Kadhakoottu’ Column written by Thomas Jacob- Interesting stories about Columns and columnists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.