അവൾ അടപ്രഥമൻ !

HIGHLIGHTS
  • അവളെ കണ്ടുപിടിച്ചാൽ വിവാഹം കഴിക്കാൻ മഹേഷ് റെഡിയാണ് !
  • മഹേഷ് മോഹൻ അവിവാഹിതനായ പത്രപ്രവർത്തകനാണ്.
love-story-of-a-journalist
SHARE

കൊഞ്ചിറവിള ദേവീക്ഷേത്രത്തിലെ സൗഭാഗ്യ ഓഡിറ്റോറിയത്തിൽ മഹേഷ് മോഹന്റെ തൊട്ടടുത്തിരുന്നു ഊണുകഴിച്ച ആ പെൺകുട്ടി ആരാണ്?

അവളെ കണ്ടുപിടിച്ചാൽ വിവാഹം കഴിക്കാൻ മഹേഷ് റെഡിയാണ് !

മഹേഷ് മോഹൻ അവിവാഹിതനായ  പത്രപ്രവർത്തകനാണ്. അയാൾക്ക് മലയാളികളുടെ വിവാഹങ്ങളോടും തമിഴ് വെജ് ഹോട്ടലിലെ ഉച്ചയൂണിനോടും വിയോജിപ്പാണ്.  വിവാഹങ്ങളിൽ  പെൺകുട്ടികളുടെ മേക്കപ്പും ഹോട്ടലിലെ ഊണിൽ കറികളും കുറച്ച് ഓവറാണ് എന്നാണ് അയാളുടെ നിലപാട്. 

സിംപിളായി ഒരു ഊണു കഴിക്കാനും ഞായറാഴ്ച രാവിലെ പള്ളിയിലും തിങ്കളാഴ്ച രാവിലെ അമ്പലത്തിലും പോകുന്നതുപോലെ സിംപിളായി കുറെ പെൺകുട്ടികൾ പങ്കെടുക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനും കാത്തിരിക്കുകയാണ് മഹേഷ്.

രാത്രിയിൽ ജോലിയും പകൽ ഉറക്കവുമായതിനാൽ മഹേഷിന് അത്യാവശ്യം തടിയുണ്ട്.  തടി കുറയാൻ എല്ലാ ദിവസവും വൈകുന്നേരം നടക്കും. ചിലപ്പോൾ ശംഖുംമുഖത്ത്. ചിലപ്പോൾ മ്യൂസിയത്തിൽ, അല്ലെങ്കിൽ കനകക്കുന്നിൽ. ശംഖുമുഖത്തു പോയാൽ മുട്ട ബജി കഴിക്കും. മ്യൂസിയത്തിലായാൽ ചൂടു മസാലക്കടല. തടി വീണ്ടും കൂടും. അതുകൊണ്ട് ഈയിടെയായി കനകക്കുന്നിലേ പോകാറുള്ളൂ. 

കനകക്കുന്നിനു രാവിലെയും വൈകുന്നേരവും രണ്ടു ഭാവമാണ്. രാവിലെ അതു വയറും വൈകിട്ട് ഹൃദയവുമായി മാറും. കുടവയറാണ് ലോകത്തെ ഏറ്റവും വലിയ പ്രശ്നം എന്നു തോന്നും രാവിലെ കനകക്കുന്നിൽ ചെന്നാൽ. വൈകുന്നേരമാകുന്നതോടെ അത് യുവാക്കളും യുവതികളും അലയുന്ന പ്രണയക്കുന്നാകും !

പ്രണയിക്കുന്നവരോടു മഹേഷ് മോഹന് നല്ല കുശുമ്പുണ്ട്. ഒരു പെണ്ണും പയ്യനും കൈകൾ കോർത്തു നടന്നു വരുന്നതു കണ്ടാൽ അവരുടെ നേരെ സ്പീഡിൽ ഇടിക്കുന്നതുപോലെ നടന്നങ്ങു ചെല്ലും മഹേഷ് മോഹൻ. അതോടെ അവറ്റകൾ കൈകളിലെ പിടുത്തം വേർപെടുവിച്ച് ഒരു ഞെട്ടലിലെ രണ്ട് ഇലകളായിക്കോളും. പ്രണയികൾ റോഡിലൂടെ സാൻഡ് വിച്ച് പോലെ ഒട്ടിയിരുന്ന് ബൈക്കിൽ യാത്ര ചെയ്യുന്നതു കണ്ടാൽ തൊട്ടുപിന്നിൽച്ചെന്ന് കുറെ തവണ ഹോണടിക്കും. എന്നാലൊട്ട് ഓവർടേക് ചെയ്യുകയുമില്ല. 

സത്യം പറഞ്ഞാൽ ലോകത്തെ ഏറ്റവും ഭംഗിയുള്ള കാഴ്ച ഒരു യുവാവും യുവതിയും കൈകൾ കോർത്ത് ചേർന്നും മാറിയും പിന്നെയും ചേർന്നും അലസമായി നടക്കുന്നതാണ്.  എന്തു സംഗീതമാണ് ! അതിനു കുറുകെ ചാടുന്നത് എന്തു ബോറാണ്..  

മഹേഷിനോടു ഞാൻ പറഞ്ഞു.. നിന്നെ കാണുമ്പോൾ എനിക്ക് രമേശൻ പൂച്ചയെ ഓർമ വരുന്നു.

അരീപ്പറമ്പിലെ വീട്ടിലെ പൂച്ചയായിരുന്നു രമേശൻ.  വെളുത്ത വാലുള്ള, കറുത്ത ഉടുപ്പിട്ട, എണ്ണ പുരട്ടി മിനുക്കിയ മീശയുള്ള ഒരു കണ്ടൻ പൂച്ച.

അമ്മയുടെ മുന്നിലൂടെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പാവം ചമഞ്ഞു നടക്കും. അമ്മ പാൽ പാത്രം തുറന്നു വച്ചാലും രമേശൻ കട്ടു കുടിക്കില്ല. കുടിച്ചോ രമേശാ എന്നു പറഞ്ഞാലും വേണ്ട.  നിലത്തൊഴിച്ചു കൊടുത്താലേ കുടിക്കൂ. 

രാവിലത്തെ വെയിലത്തു മുല്ലക്കിളിഞ്ഞിലിന്റെ ചുവട്ടിൽ നാലു കാലും പൊക്കിക്കിടക്കും. ദേഹം മുഴുവൻ മുല്ലപ്പൂ വീഴാൻ വേണ്ടിയാണ്. അവന്റെ ഉടലിന് എപ്പോഴും മുല്ലപ്പൂവിന്റെ മണമാണ്.

അടുത്തൂടെ പാറ്റ പോയാലും പിടിക്കില്ല. എലികളെ മൈൻഡ് ചെയ്യില്ല. ശുദ്ധ വെജിറ്റേറിയൻ..

അമ്മ പറയും.. അമ്പലത്തിലെ പായസമാ രമേശന് ഇഷ്ടം. സന്യാസിയുടെ ജന്മമാ..

എന്നാൽ അച്ഛനെയും അമ്മയെയും ഉച്ചയ്ക്ക് സ്വസ്ഥമായി മുറിയടച്ചു കിടക്കാൻ സമ്മതിക്കില്ല. ജനലിലൂടെ കയറി വന്ന് അവരുടെ നടുക്കുകയറി കിടക്കും രമേശൻ പൂച്ച. 

ഇതുകണ്ട് ആദ്യമൊക്കെ ഞാനും അതുപോലെ ചെയ്യാൻ തുടങ്ങി.  എട്ടാം ക്ളാസിൽ ബയോളജി പഠിക്കുന്നതുവരെ അതു തുടർന്നു. പിന്നെ ഞാനതു നിർത്തി.

രമേശൻ പൂച്ച അപ്പോഴേക്കും അയലത്തെ വേറൊരു പൂച്ചയുമായി ഒളിച്ചോടി.

മഹേഷ് മോഹൻ ഈയിടെ കൊഞ്ചിറവിള ദേവീ ക്ഷേത്രത്തിൽ ഒരു കൊളീഗിന്റെ കല്യാണത്തിനു പോയപ്പോൾ സദ്യയ്ക്ക് അടുത്ത് വന്നിരുന്നതാണ് ആ പെൺകുട്ടി.

പരിപ്പു വിളമ്പുന്നതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നു.  പപ്പടം പൊടിക്കുമ്പോൾ മഹേഷിന്റെ കൈമുട്ട് അവളുടെ കൈയിൽ മുട്ടി. 

മഹേഷ് പറഞ്ഞു.. സോറി 

അവൾ ചോദിച്ചു.. അറിഞ്ഞുകൊണ്ട് മുട്ടി നോക്കിയതാണോ? അല്ലെങ്കിൽ എന്തിനാ സോറി..?

മഹേഷ് പറഞ്ഞു.. അറിഞ്ഞുകൊണ്ടല്ല. മുട്ടിയപ്പോൾ അറിഞ്ഞു.. 

എന്ത് ? 

പപ്പടം പൊടിക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കണമെന്ന്.

അവൾ ചെറുതായി ചിരിച്ചു.  മഹേഷ് സ്വയം പരിചയപ്പെടുത്തി.. എന്റെ പേര് മഹേഷ് മോഹൻ.  ജേണലിസ്റ്റാണ്. പക്ഷേ, എന്റെ പാഷൻ സിനിമയാണ്. 

അവൾ ചോദിച്ചു.. അഭിനയമാണോ !

മഹേഷ് പറഞ്ഞു.. അല്ല ഡയറക്ഷൻ, കുട്ടിയുടെ റിയാക്ഷൻസ് വളരെ നാചുലറായി തോന്നുന്നു. ആക്ടിങ്ങിനു സ്കോപ്പുണ്ട്..

അവൾ പറഞ്ഞു..  എനിക്ക് കുട്ടിയായിട്ടില്ല. ഞാൻ ബാച് ലറാണ്. 

മഹേഷ് പറഞ്ഞു.. കിടിലൻ തട്ടാണല്ലോ.. നല്ല ഹ്യൂമറുമുണ്ട്. എന്താ പേര്?

അവൾ ചിരിച്ചു.. ഇതുവരെ എന്നെ മനസ്സിലായില്ലേ.. ? പുതിയ സിനിമ ഒന്നും കാണാറില്ലേ.. ?

മഹേഷ് പറഞ്ഞു.. അവഞ്ചേഴ്സ് കണ്ടു. അതു പോലൊരു സിനിമയാണ് എന്റെ മനസ്സിൽ.. 

അത് ഓൾറെഡി വന്നില്ലേ, ഇനിയെന്തിനാ അതേ സിനിമാ വീണ്ടും എടുക്കുന്നത്. വേറെ എടുക്കാൻ നോക്കൂ.. എന്നായി അവൾ.

മഹേഷ് മോഹൻ ഒന്നു ചമ്മി. അവൻ പറഞ്ഞു...  അവഞ്ചേഴ്സ് മാത്രമല്ല, കുമ്പളങ്ങി നൈറ്റ്സ്, പ്രകാശൻ, ലൂസിഫർ.. എല്ലാം കണ്ടു. പൃഥ്വിരാജ് എന്റെ ഫെയ്സ് ബുക്ക് ഫ്രണ്ടാണ്. ശ്രീനിവാസനെ ഒരിക്കൽ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ലാലേട്ടനു പറ്റിയ ഒരു കഥ മനസ്സിലുണ്ട്. 

പെൺകുട്ടി പറഞ്ഞു.. കുമ്പളങ്ങിയിലും പ്രകാശനിലും ഞാനുണ്ട്. ആ സിനിമകൾ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും. 

മഹേഷ് ചോദിച്ചു.. ശ്രദ്ധിച്ചു കണ്ടതാണ്. എങ്കിലും മുഖം ഓർമ വരുന്നില്ല.  ഒരു ക്ളൂ തന്നു കൂടേ,,?

അപ്പോഴേക്കും അടപ്രഥമനുമായി വിളമ്പുകാരൻ വന്നു. അവളുടെ ശ്രദ്ധ ഇലയിലേക്കു മാറി. മഹേഷ് പതിവുപോലെ കപ്പിലാണ് പായസം കുടിച്ചത്. 

ഇനി എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാമെന്ന മട്ടിൽ ഇരിക്കുമ്പോൾ മോരും വന്നു. 

അപ്പോഴും മഹേഷിന്റെ ഇലയിൽ കുറെ ചോറ് ബാക്കിയുണ്ടായിരുന്നു. 

അവൾ ചോദിച്ചു.. എന്തിനാ ഇത്രയും ചോറ് വേസ്റ്റാക്കിയത് ? 

മഹേഷ് പറഞ്ഞു.. ചോറ് കഴിച്ചാൽ തടി കൂടും. കുടവയറു വരും. ഇതൊന്നും അറിയില്ലേ.. ? കുടവയറുള്ളവരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ല. 

എന്ന് ആരു പറഞ്ഞു.. ?   മഹേഷ് മോനോട്  ഏതെങ്കിലും പെൺകുട്ടി അങ്ങനെ പറഞ്ഞോ?

മോൻ അല്ല, മോഹൻ.. മോഹൻലാലിലെ മോഹൻ.. പെൺകുട്ടികൾക്ക് പൊതുവേ സ്ളിം ആയവരെയല്ലേ, ഇഷ്ടം ?

അവൾ പറഞ്ഞു.. ആണുങ്ങളുടെ കുടവയറിൽ കയറിയിരിക്കാൻ ഇഷ്ടമുള്ള പെൺകുട്ടികൾ ഒരുപാടുണ്ട്.. 

മഹേഷിന് അത് പുതിയ അറിവായിരുന്നു. 

അവൾ പറഞ്ഞു.. ആവശ്യമില്ലെങ്കിൽ അത്രയും ചോറു വാങ്ങരുതായിരുന്നു. ഇനി അത് എന്തു ചെയ്യും ?

മഹേഷ് തമാശ പോലെ പറഞ്ഞു.. ഇല മടക്കിയാൽപ്പോരേ.. അപ്പോൾ ചോറ് ആരും കാണില്ലല്ലോ..

പെൺകുട്ടി പറഞ്ഞു.. ആ ചോറ് എനിക്കു തന്നേക്കൂ.. ഞാൻ കഴിച്ചോളാം. ഭക്ഷണം വേസ്റ്റാക്കുന്നവരോട് എനിക്ക് സത്യത്തിൽ വെറുപ്പാണ്. 

മഹേഷ് മോഹൻ പറഞ്ഞു.. സോറി, ഞാൻ തന്നെ കഴിച്ചോളാം. വയറ്റിൽ ഇനിയും സ്ഥലമുണ്ട്.

അവൾ ചോദിച്ചു.. പെൺകുട്ടികൾ അടുത്തിരിക്കുമ്പോൾ കുറച്ചു കഴിക്കുന്നത് ആൺകുട്ടികളുടെ ഫാഷനാണ്, അല്ലേ.. ? 

ബാക്കി ചോറു കൂടി ഉണ്ട്, ഇല വെടിപ്പാക്കി എഴുന്നേൽക്കാൻ നേരം മഹേഷ് മോഹൻ സ്വന്തം ഇലയിലേക്ക് ഒന്നൂടെ നോക്കി.

അത്തപ്പൂക്കളത്തിൽ നിന്നു പുറത്തായ തുമ്പപ്പൂക്കൾ പോലെ ഒന്നോ രണ്ടോ വറ്റുകൾ ബാക്കി. അതൂടെ കഴിക്കണോ, അതോ..?

അവൾക്കു കാര്യം മനസ്സിലായി. അവൾ ചോദിച്ചു..  നിറഞ്ഞോ. ?

മഹേഷ് പറഞ്ഞു..  ശരിക്കും നിറഞ്ഞു.. പേരെങ്കിലും പറഞ്ഞു കൂടെ..?

അവൾ ചോദിച്ചു.. എന്തിനാ?

അമ്മയോടു പറഞ്ഞുകൊടുക്കാൻ..

അതിനു നാളുപോരേ.. ? മകം !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ