വനിതാ പൊലിസ് ആണുങ്ങളെ ഇടിക്കാറുണ്ടോ?

HIGHLIGHTS
  • കുറെ നേരം നോക്കി നിന്നാൽ ഏതൊരാൾക്കും കടലിലേക്ക് ചാടാൻ തോന്നും
  • ലീലാമ്മ എസ്ഐ ഹോണ്ടാ ആക്ടിവ മുതൽ എൻഫീൽഡ് വരെ ഓടിക്കാറുണ്ട്
web-column-penkathy-si-leelamma-article-image
വര: മുരുകേശ് തുളസിറാം
SHARE

വെണ്ടുരുത്തി പാലത്തിൽ നാലുമണിക്ക് നാലു പെൺകുട്ടികൾ.നാലു പേരും പാലത്തില‌െ ഫുട്പാത്തിൽ കയറി കടലിലേക്കു നോക്കി നിൽക്കുകയാണ്. പാലത്തിൽ വാഹനങ്ങളുടെ ഒഴുക്ക്. താഴെ കായലിന്റെ ചൊരുക്ക്. 

വൈകുന്നേരത്തെ പട്രോളിങ്ങിനിറങ്ങിയ വനിതാ സെല്ലിലെ എസ്ഐ ലീലാമ്മ ഏബ്രഹാം രണ്ടര കിലോമീറ്റർ അകലെ നിന്ന് അതുകണ്ടു. ദൂരെ നിന്ന് ആയതിനാൽ കാഴ്ച വ്യക്തമല്ല.  സ്റ്റാർ ഹോട്ടലുകളുടെ മുന്നിൽ പല നിറങ്ങളിൽ കൊടികൾ വയ്ക്കുന്നതുപോലെ പാലത്തിന്റെ മുകളിൽ നാലുകൊടികൾ എന്നാണ് തോന്നിയത് !

ജീപ്പ് മുന്നോട്ടു നീങ്ങവേ മനസ്സിലാകുന്നു, അതു കൊടികളല്ല, പെൺകൊടികളാണ്. പച്ച, നീല, ചുവപ്പ്, കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് നാലു പെൺകുട്ടികൾ. 

ലീലാമ്മ എസ്ഐ അവരുടെ അടുത്ത് ജീപ്പു നിർത്തി ചാടിയിറങ്ങി.  ക്യാപ് എടുത്തു തലയിൽ വച്ചു. 

കടലും കായലും കണ്ടാൽ ഉടനെ ലീലാമ്മ എസ്ഐ ക്യാപ് വയ്ക്കും. നനഞ്ഞ നായയെപ്പോലെ ഉപ്പുരസമുള്ള നാവുനീട്ടി മുടിയിൽ നക്കുന്നതാണ് കടൽക്കാറ്റിന്റെ വികൃതി. ചീകി കെട്ടിവച്ച മുടി അത് അലങ്കോലമാക്കും. 

ബീക്കൺ ലൈറ്റിന്റെ തിളക്കവും ജീപ്പിന്റെ ഇരമ്പലും കേട്ട് നാലുപേരും ഞെട്ടി. പിന്നിൽ പൊലീസ്. അയ്യോ..

ലീലാമ്മ എസ്ഐ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.. ചാടരുത്. കൺട്രോൾ, കൺട്രോൾ..

നാലുപേരും ഒരുപോലെ പറഞ്ഞു.. ഇല്ലാ..

ലീലാമ്മ എസ്ഐ പരിസരം വീക്ഷിച്ചു.  സംശയാസ്പദമായ സാഹചര്യം, സായാഹ്നം, നാലു പെൺകുട്ടികൾ, പ്രായം 20 മുതൽ 25 വരെ. വേലിയേറ്റസമയമാണ്. ഉൾക്കടലിലേക്ക് വലിവുണ്ട്. ഈ സമയത്ത് വീണാൽ ബോഡി കടലിൽ ചെന്നേ നിൽക്കൂ. 

എന്താ നിങ്ങളുടെ പേര്?

സൗമ്യ..

അഞ്ജന..

വിസ്മയ..

എലിസബസത്..

ഇനി ചെല്ലപ്പേരു പറയു.. 

കുഞ്ഞി..

ഇക്കുറു..

ചിന്നു..

അൽമേലു..

വേറെ പേരുണ്ടോ?

ആരും സ്വന്തം പേരു പറ‍ഞ്ഞില്ല. ഓരോരുത്തരും മറ്റുള്ളവരുടെ പേരാണ് പറഞ്ഞത്, ചമ്മലോടെ..

ഇവൾ പൊട്ടാസ്

ഇതു നയൻതാര

പിമ്പിരി

ഡോൾഫിൻ..

ലീലാമ്മ എസ്ഐ പറഞ്ഞു.. അങ്ങനെ വരട്ടെ.. കഞ്ചാവ് കടത്തുന്നവരും ക്രിമിനലുകളും യഥാർഥ പേര് ഉപയോഗിക്കാറില്ല. നിങ്ങൾക്ക് ബ്രൗൺഷുഗർ ഓഫർ ചെയ്തിരിക്കുന്നത് ആരാണ് ? നിങ്ങൾ കാരിയേഴ്സോ അതോ യൂസേഴ്സോ..?

നാലുപേരും വിറയ്ക്കാൻ തുടങ്ങി. പെൺകൊടികൾ ഇപ്പോൾ ശരിക്കും കൊടികളായി.

ഞങ്ങൾ അത്തരക്കാരല്ല മാഡം. ഇതൊക്കെ ഞങ്ങളെ കളിയാക്കി വിളിക്കുന്ന പേരുകളാണ്.  ഞങ്ങൾ ഇവിടെ വന്നത് വേറെ കാര്യത്തിനാണ്..

എന്തു കാര്യത്തിന്.. വേഗം പറയ്..

പറയെടീ..

നീ പറയ്..

ഒടുവിൽ എലിസബത് പറഞ്ഞു.. പാലത്തിന്റെ നടുവിൽ നിന്ന് ഒരു സെൽഫിയെടുക്കാൻ വന്നതാണ്.  

കള്ളം. നാലെണ്ണത്തിനെയും അറസ്റ്റ് ചെയ്ത് വിവരം വീട്ടിൽ അറിയിക്കണോ.. ?

അപ്പോൾ അവർ നാലുപേരും ഒരേ ശബ്ദത്തിൽ പറഞ്ഞു.. ചെയ്തോളൂ മാഡം!

ലീലാമ്മ എസ്ഐ അത് തീരെ പ്രതീക്ഷിച്ചില്ല. എസ്ഐ പറഞ്ഞു.. അറസ്റ്റ് ചെയ്താൽ പടം പത്രത്തിൽ വരും.

ഞങ്ങൾ എടുക്കുന്ന സെൽഫി പത്രത്തിൽ വരുമോ മാഡം.. അതു മതിയായിരുന്നു. 

ജീപ്പ് ഓഫ് ചെയ്ത് ലീലാമ്മ എസ്ഐ എൻജിൻ കൂളാക്കിയിട്ടു പറഞ്ഞു..  മക്കൾ നാലുപേരും അവിടെ നിന്ന് മാറി നിൽക്ക്. കുറെ നേരം നോക്കി നിന്നാൽ ഏതൊരാൾക്കും കടലിലേക്ക് ചാടാൻ തോന്നും. അത് കടലിന്റെ ആകർഷണമാണ്. കടലിനെ ഒരിക്കലും വിശ്വസിക്കരുത്. ആവേശത്തോടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയാലും മൂന്നാം ദിവസം കടലിന് നിങ്ങളെ മടുക്കും. പിന്നെ എവിടെയെങ്കിലും കൊണ്ടുവന്നു തള്ളും.

നാലുപേരും പരസ്പരം നോക്കി. മൂന്നാംപക്കം എന്ന സിനിമയെ എത്ര പെട്ടെന്നാണ് ഈ പൊലീസുകാരി ട്രോളിക്കളഞ്ഞത് !

വിസ്മയ ചോദിച്ചു.. മാഡം എന്തിനാണ് ജീപ്പിന്റെ ഫ്ളാഷ് ലൈറ്റൊക്കെ കത്തിച്ച് ഞങ്ങളെ പേടിപ്പിച്ചത് ?

എറണാകുളം ടൗണിലൂടെ യാത്ര ചെയ്യുമ്പോൾ ലീലാമ്മ എസ്ഐ സാധാരണ ബീക്കൺ ലൈറ്റ് കത്തിക്കാറില്ല. അതു കണ്ടാൽ ആൺപൊലീസുകാർക്ക് കുശുമ്പു കൂടും. നെറ്റിയിൽ വിളക്കു കത്തിക്കാൻ ആണുങ്ങളും വീട്ടിൽ വിളക്കു കത്തിക്കാൻ പെണ്ണുങ്ങളുമെന്നാണ് ഇപ്പോഴും നാട്ടുനടപ്പ്. 

അഞ്ജന പറഞ്ഞു.. ഒരു ഹാർലി 48 വരാൻ വെയ്റ്റ് ചെയ്യുകയാണ് ഞങ്ങൾ. അതിന്റെ ബാക്ക് ഗ്രൗണ്ടിൽ സെൽഫിയെടുക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. 

ലീലാമ്മ എസ്ഐ ഹോണ്ടാ ആക്ടിവ മുതൽ എൻഫീൽഡ് വരെ ഓടിക്കാറുണ്ട്. ഹാർലി ഇതുവരെ ട്രൈ ചെയ്തിട്ടില്ല. അവർ പറഞ്ഞു.. എന്നാൽ ഞാനും കൂടെ നിൽക്കാം. ഒരുമിച്ച് സെൽഫിയെടുക്കുന്നതിൽ വിരോധമില്ലല്ലോ.

നാലുപേരും സമ്മതിച്ചു.. ഓകെ മാഡം.

പൊലീസുകാർ യൂണിഫോമി‍ൽ വന്നു ചോദിച്ചാൽ സാധാരണ ആളുകൾ എന്തും കൊടുത്തുപോകും. സ്നേഹം ഒഴികെ...

ഒരു പയ്യൻസ് ഹാർലിയിൽ വന്നു.  ലീലാമ്മ എസ്ഐ കൈ കാണിച്ചു നിർത്തിച്ചിട്ട് സ്ളോ ആയി ഓടിക്കാൻ അവനോടു പറഞ്ഞു. അങ്ങനെ വെണ്ടുരുത്തി പാലവും അതിലൊരു ഹാർലിയും പിന്നിൽ സായാഹ്ന സൂര്യനും നിറയെ കായലും അ‍ഞ്ചുപേരും ചേർന്ന് മൂന്നു സെൽഫി മിന്നി. 

സൗമ്യ ചോദിച്ചു..: മാഡം എപ്പോഴെങ്കിലും ആണുങ്ങളെ ഇടിച്ചിട്ടുണ്ടോ ?

അങ്ങനെയൊരു കാര്യം അപ്പോഴാണ് ലീലാമ്മ എസ്ഐ ആദ്യമായി ആലോചിച്ചത്. പൊതുവേ വനിതാ പൊലീസുകാർ ആണുങ്ങളെ മർദിക്കാറില്ല. വേണമെങ്കിൽ മർദിക്കാം. എന്നിട്ടും ആരും അങ്ങനെ ചെയ്യുന്നില്ല.

ഇടിച്ചിട്ടില്ലെങ്കിലും പേടിപ്പിച്ചിട്ടുണ്ട്. ഒരു തവണ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ യൂണിഫോം അഴിക്കാതെ നേരെ ബെഡ്റൂമിൽ കയറി വന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ പേടിപ്പിച്ചിട്ടുണ്ട്. 

അഞ്ജന പറഞ്ഞു.. എനിക്കും ഒരു സഹായം വേണ്ടി വരും. എന്റെ ഭർത്താവ് ഭയങ്കര വിശ്വാസിയാ.. ബൈബിളിലെ ഒരു വാചകമാണ് പുള്ളിക്ക് ഏറ്റവും ഇഷ്ടം. എന്റെ കൃപ നിനക്കു മതി. എന്നോടുള്ള പെരുമാറ്റവും അങ്ങനെ തന്നെയാ.. 

എന്ത് ആവശ്യം വന്നാലും വിളിച്ചോളൂ എന്നു പറഞ്ഞ് ലീലാമ്മ എസ്ഐ നാലുപേരുടെയും ഫോൺ നമ്പർ വാങ്ങി. പിന്നെ ചോദിച്ചു..  നിങ്ങളെങ്ങനെ ഇവിടെ വന്നു? 

കലൂർ – ചെല്ലാനം റൂട്ടിൽ ഓടുന്ന മാരിവില്ല് ബസിൽ വന്ന് വെണ്ടുരുത്തി പാലത്തിനു നടുവിലിറങ്ങിയ കഥ സൗമ്യ പറഞ്ഞു. പാലത്തിൽ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും കണ്ടക്ടർ  ബൈല്ലടിച്ചു ബസ് നിർത്തി. പ്രത്യുപകാരമായി അവളുടെ വാട്സാപ് നമ്പർ ചോദിച്ചു. വിസ്മയ കോളജിലെ കെമിസ്ട്രി സാറിന്റെ മൊബൈൽ നമ്പർ കൊടുത്തു.  കണ്ടക്ടറും കെമിസ്ട്രി ടെക്സ്റ്റിലുള്ളതാണല്ലോ..! 

ലീലാമ്മ എസ്ഐ ഫോണെടുത്ത് ഡയൽചെയ്തു നോക്കി... എലിസബത്തിന്റെ ഫോണടിക്കുന്നുണ്ട്.. ആരാധികേ... മഞ്ഞുരുകും വഴിയരികേ...  ഇത്തവണ പറഞ്ഞത് കെമിസ്ട്രി സാറിന്റെ നമ്പറല്ല.

അടുത്ത ബസിൽ കൈനീട്ടി നിർത്തിച്ചോളൂ. പക്ഷേ ബ്ളോക്ക് ഉണ്ടാക്കരുത് എന്നു പറഞ്ഞ് ലീലാമ്മ എസ്ഐ ജീപ്പുവിട്ടു. 

ബ്ളോക്ക് കണ്ടക്ടറുടെ ഹൃദത്തിനാണോ മാഡം എന്നു ചോദിച്ച് നാലുപേരും ചിരിച്ചു. അത് മറ്റൊരു സെൽഫിയായി..

English Summary : Penakathy Column - SI Leelamma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.