ഒരു ഇന്നസെന്റ് കള്ളൻ !

penakathy-column-on-thief
SHARE

ഒരാഴ്ച തുടർച്ചയായി മോഷ്ടിച്ച കള്ളൻ എട്ടാം ദിവസം ബ്രേക്കെടുക്കാൻ തീരുമാനിച്ചു. അണ്ണാൻ അവധിയെടുത്താലും മരംകേറ്റം ഒഴിവാക്കില്ലല്ലോ. അതുകൊണ്ട് ബ്രേക്ക് എടുത്ത രാത്രിയിലും അയാൾ വെറുതെ ഒരു വീട്ടിൽ കയറി.

ആൽത്തറമുക്കിലെ രാജാ കേശവദാസൻ കോളനിയിൽ മോഷ്ടിക്കാൻ എത്തിയപ്പോഴാണ് അയാൾക്ക് അങ്ങനെ ഒരു ഐഡിയ തോന്നിയത്. കോളനിയിലെ അവസാന വീട്ടിലെ വെളിച്ചം അണയുന്നതുംകാത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു കള്ളൻ. വെറുതെ യുട്യൂബ് നോക്കി. ഇന്നസെന്റിന്റെ ചില വിഡിയോസ് പൊങ്ങി വന്നു. ഏതോ ഇന്റർവ്യൂ ആണ്. 

പത്രക്കാരി പെൺകുട്ടി ഇന്നസെന്റിനോടു ചോദിക്കുന്നു: ഈ തിരക്കിട്ട സിനിമാ ജീവിതത്തിൽ നിന്ന് അവധിയെടുത്ത് ഒന്നു മുങ്ങണമെന്നു തോന്നാറുണ്ടോ?

പിന്നേ... കുറേ സിനിമേലൊക്കെ അഭിനയിച്ച്, കുറച്ചധികം  പൈസയൊക്കെ കിട്ടി ബാങ്ക് അക്കൗണ്ടൊക്കെ നെറഞ്ഞാ പിന്നെ കുറച്ചു ദിവസം ഞാൻ വീട്ടിലിരിക്കും. അങ്ങനെ കുറച്ചു ദിവസം വീട്ടിലിരിക്കുമ്പോ ഭാര്യ ആലീസ് പറയും. അക്കൗണ്ടിലെ പൈസയൊക്കെ തീരാറായിട്ടാ. നമ്മൾ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തിട്ട്ണ്ട്. വീടിന്റെ മെയിന്റെനൻസ് ബാക്കീണ്ട്. ഇങ്ങനെ ഇവ്ടിരുന്നാ ശരിയാവില്ലാ... അതോടെ നമ്മക്കും തോന്നും ശരിയാവില്യാന്ന്. അങ്ങനെ വീണ്ടും കുറേ സിനിമയ്ക്ക് ഡേറ്റ് കൊടുക്കും. എന്താ, കുട്ടിക്ക് സമാധാനായില്ലേ!... ഇന്നസെന്റ് ചിരിക്കുന്നു.

അതു നല്ല പരിപാടിയാണെന്ന് കള്ളനും തോന്നി.  എല്ലാത്തിനും ഒരു ബ്രേക്ക് ആവശ്യമാണ്.  

കള്ളന്മാർ എല്ലാവരിൽ നിന്നും പഠിക്കും. അതുകൊണ്ടു തന്നെ നല്ല കള്ളൻ ഒരു നിരന്തര വിദ്യാർഥിയാണ്.

അങ്ങനെ പഠിച്ച കള്ളൻ ഒന്നിനും വേണ്ടിയല്ലാതെ ഒരു വീട്ടിൽ കയറി. പിന്നിലെ മതിൽ ചാടി, രണ്ടാം അടുക്കളയുടെ വാതിൽ തുറന്ന് അകത്തു കടന്ന കള്ളൻ പ്രധാന അടുക്കളയിലെത്തി. ഫ്രിജ് തുറന്നു. ചിക്കന്റെ മണം പരന്നു. ആളുകളുടെ മനസ്സു പോലെയാണ് ഫ്രിജ്. ഒന്നും പുറത്തു കളയില്ല. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ തള്ളിക്കയറ്റി വയ്ക്കും. ഇന്നലത്തെ അബദ്ധം, മിനിയാന്നത്തെ ഓർമ, കഴിഞ്ഞ ദിവസത്തെ വഴക്ക്, രണ്ടാഴ്ച മുമ്പത്തെ അനുഭവം ! ഇങ്ങനെ ഓരോ തട്ടിലും നിറയെ സാധനങ്ങളാണ്. 

കള്ളൻ ചിക്കന്റെ പാത്രമെടുത്തു മണത്തു. ചിക്കൻ മഞ്ചുരിയനോ ചിക്കൻ ചിന്താമണിയോ ?

ഇതു രണ്ടുമല്ല. കുരുമുളകിട്ട് വേവിച്ച ചിക്കൻ. കറിയുടെ മുകളിൽ സപ്തവർണങ്ങളിൽ തിളങ്ങി നിൽക്കുന്ന എണ്ണ കണ്ടപ്പോൾ ഒന്നു തൊട്ടു നക്കിയാൽ കൊള്ളാമെന്ന് കള്ളനു തോന്നി. അയാൾ സ്വയം നിയന്ത്രിച്ചു.  

മോഷ്ടിക്കാനല്ലാതെ കയറുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. കള്ളൻ ഡൈനിങ് റൂമിലെത്തി. വിസിറ്റിങ് റൂമിലെ പതുപതുത്ത സോഫയിൽ ഇരുന്നു. തൊട്ടടുത്ത് ടേബിൾ ലാംപിനു കീഴിൽ ഇരിക്കുന്ന ബുദ്ധനെ അപ്പോളാണ് കണ്ടത്. 

ബുദ്ധാ... അയാൾ അടക്കിയ ശബ്ദത്തിൽ വിളിച്ചു.

എന്താ.. ? ബുദ്ധൻ വിളികേട്ടു.

അങ്ങ് കൊട്ടാരം വിട്ട് ഇറങ്ങിപ്പോയത് രാത്രിയോ പകലോ?

ഇറങ്ങിയത് രാത്രിയിൽ, എത്തിയത് പകലിൽ!: ബുദ്ധൻ പിന്നെയൊന്നും കാണാത്ത മട്ടിൽ കണ്ണടച്ചിരുന്നു. 

കള്ളൻ മെല്ലെ മുറികളിലേക്കു നടന്നു. ആദ്യത്തേത് കിടപ്പുമുറിയാണ്. 

വാതിലുകൾ ശബ്ദമില്ലാതെ തുറക്കാൻ അയാൾ‍ക്കറിയാം. വാതിലുകൾക്ക് പകലും രാത്രിയും രണ്ടു മുഖമാണ്. പകൽ ഭാര്യയെപ്പോലെയും രാത്രി കാമുകിയെപ്പോലെയും പെരുമാറും. പകൽ തട്ടിയും മുട്ടിയും ശബ്ദമുണ്ടാക്കുന്ന വാതിൽ രാത്രിയിൽ അടക്കിയ ശബ്ദത്തിൽ പിറുപിറുക്കുകയേയുള്ളൂ !

മുറി തുറന്നു. ആരുമില്ല.  മുറിയിലെ ഇരുട്ട് കറുത്ത സാരിയഴിക്കാതെ അയാളെ പുണർന്നു. രണ്ട് അലമാരികളുണ്ട്. അവയുടെ ഉള്ളിൽ വസ്ത്രങ്ങളാണെന്ന് അയാൾക്കു വേഗം മനസ്സിലായി. അലമാരിയുടെ അടഞ്ഞ വാതിലിനിടയിലൂടെ ഒരു ചുവന്ന ചരട് പുറത്തേക്ക് നീണ്ടു കിടക്കുന്നു. അയാൾ അതിൽ സ്നേഹപൂർവം തലോടിയിട്ടു ചോദിച്ചു. 

അകത്താരാ?

പലാസോ..

ആരുടെയാ ?

പുത്തനാണ്, ഇന്നു വന്നതേയുള്ളൂ.  

പുറത്ത് ഏതോ ഇരുൾ മരത്തിൽ അരക്ഷിതനായ ഒരു കിളി കരഞ്ഞു. കൂടെക്കരയാൻ മറ്റൊരു കിളിയില്ലാത്തതിന്റെ സങ്കടം. രാത്രിയിലെ എല്ലാ വികാരങ്ങളും പൂരിപ്പിക്കാൻ ഒരാൾ കൂടെയുണ്ടാകുന്നത് നല്ലതാണെന്നു കള്ളനു തോന്നി. കിളിയെ ഓർത്ത് അയാൾ‍ക്കു സങ്കടം വന്നു. 

മുകൾ നിലയിലേക്കു കയറുംമുമ്പ് കള്ളൻ സ്റ്റെയർ കേസിലെ പടികളിൽ‍ മണംപിടിച്ചു. ചിലർ വീടിനുള്ളിൽ വളർത്തുനായ്ക്കളെ വളർത്താറുണ്ട്. ഇവിടെ ഇല്ല. സമാധാനം!

കള്ളന് പട്ടികളെ പൊതുവേ ഇഷ്ടമല്ല. അവറ്റകൾ ഔട്സ്പോക്കണാണ്. കാണുന്നതൊക്കെ വിളിച്ചു പറയും. പൂച്ചകൾ അങ്ങനെയല്ല. ഒന്നു തലോടിയാൽ മോഷ്ടിക്കാവുന്ന ഹൃദയമാണ് പൂച്ചയുടേത് !

ഒരിക്കൽ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ കള്ളൻ ഒരു പൂച്ചയുടെ മുന്നിൽച്ചെന്നുപെട്ടു. വാൽ ചോദ്യചിഹ്നംപോലെ വളച്ച് പൂച്ച മുന്നിൽ വന്നു നിന്നു.  

കള്ളൻ ചോദിച്ചു... നീ പാലു കട്ടുകുടിക്കുന്ന ആളല്ലേ? 

എങ്ങനെ മനസ്സിലായി?

മീശത്തുമ്പിൽ ഇപ്പോഴും വെളുത്ത തുള്ളികളുണ്ട്.

പൂച്ച പറഞ്ഞു... കണ്ണടച്ചു പാലു കുടിച്ചപ്പോൾ ഞാൻ അക്കാര്യം ശ്രദ്ധിച്ചില്ല.  നിനക്ക് എന്തു വേണം?

നിന്റെ കാലുകൾ. നടക്കുമ്പോൾ ശബ്ദം കേൾപ്പിക്കാത്ത പൂച്ചക്കാലുകൾ ഒരു കള്ളന് വളരെ അത്യാവശ്യമാണ്. 

കള്ളൻ പൂച്ചക്കാലുകൾ‍ വച്ച് ശബ്ദമുണ്ടാക്കാതെ സ്റ്റെയർകേസ് കയറി. 

മുകൾ നിലയിലെ കിടപ്പുമുറിയിൽ കുന്നുകയറുകയാണ് ആരുടെയോ കൂർക്കം വലി.  കുന്നുകയറുന്ന കൂർക്കംവലി അരക്ഷിതമാണ്. ഉറങ്ങുന്നയാൾ ഏതു നിമിഷവും ഉണരും. കുന്നിറങ്ങുന്ന കൂർക്കം വലിയാണ് കള്ളന്മാർക്കു സുരക്ഷിതം. 

കള്ളൻ വാതിൽപ്പഴുതിലൂടെ നോക്കി. കട്ടിലിൽ ഒരു പുരുഷനും സ്ത്രീയും കിടന്നുറങ്ങുന്നുണ്ട്. ഒരാളുടെ തല മറ്റെയാളുടെ കാൽ ഭാഗത്ത്.  തിരിച്ചും മറിച്ചും വച്ച സ്പൂണും ഫോർക്കും പോലെ രണ്ടാളും !  അവരുടെ നടുവിലെ ഇത്തിരി ഇടത്തിൽ കയറിക്കിടക്കാൻ കള്ളനു കൊതി തോന്നി.

ഉറങ്ങിക്കിടന്ന പുരുഷൻ പെട്ടെന്ന് ഉണർന്നു. ലൈറ്റിട്ടു. കള്ളൻ സുരക്ഷിതമായ ഒരു ഒളിവിടത്തിലേക്ക് പൂച്ചയെപ്പോലെ പതുങ്ങി.

ആളുകൾ ഞെട്ടിയുണരുന്നത് കുറെ കണ്ടിട്ടുണ്ട് ആ കള്ളൻ. സ്ത്രീകൾ ഉണർന്നാലുടൻ അരികിൽ കിടക്കുന്നയാളെ ശ്രദ്ധിക്കുന്നു. പുരുഷനാണെങ്കിൽ മറ്റൊന്നും നോക്കാതെ ലക്ഷ്യസ്ഥാനത്തേക്കു നടക്കുന്നു. 

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റയാൾ പുറത്തേക്കു നടന്നു. ബട്ടണിടാതെ തുറന്നു കിടന്ന ഒരു ഷർട്ട് മാത്രമായിരുന്നു അയാളുടെ വേഷം. അയാൾ ചെന്ന് കുളിമുറിയിൽ കയറി വാതിലടയ്ക്കാതെ നിന്ന് വാഷ്ബേസിനിലേക്ക് മൂത്രമൊഴിക്കാൻ തുടങ്ങി. ഒരാൾ അത്ര ഉയരത്തിലേക്ക് മൂത്രമൊഴിക്കുന്നത് ആദ്യമാണ് കാണുന്നത്. ഒരിക്കൽ അങ്ങനെ ചെയ്യണമെന്നു കള്ളനു തോന്നി.

തിരിച്ചു വരുമ്പോൾ അയാൾ നിഴൽ പോലെ വേച്ചു പോകുന്നതും കുഴഞ്ഞു വീഴുന്നതും കള്ളൻ കണ്ടു. ശബ്ദംകേട്ട് യുവതി ഉണർന്നു. മുറികളിൽ ലൈറ്റ് തെളിഞ്ഞു. കള്ളൻ ചാടിയെഴുന്നേറ്റു. താൻ വെളിച്ചത്തിനു നടുവിലായി. പിടിക്കപ്പെട്ടു എന്ന് അയാൾക്ക് ബോധ്യമായി. 

യുവതി ഉറക്കെ നിലവിളിച്ചു കൊണ്ട് വീണു കിടന്ന പുരുഷന്റെ അടുത്തേക്ക് ഓടി. ബോധം നഷ്ടപ്പെട്ട അയാൾ വെയിലേറ്റ് വഴങ്ങിപ്പോയ വാഴയില പോലെ തളർന്നു കിടക്കുകയായിരുന്നു. 

മുറിയിൽ നിൽക്കുന്ന കള്ളനെ യുവതി കണ്ടു. അവർ പറഞ്ഞു... നിങ്ങൾ പോകരുത്. കാറെടുക്ക്. കീ മേശപ്പുറത്തുണ്ട്. വേഗം.

അവരുടെ ആജ്ഞാശക്തിയിൽ കള്ളന് അനുസരിക്കാനേ കഴിഞ്ഞുള്ളൂ.

പോർച്ച് കടന്ന് കാർ പുറത്തിറങ്ങുമ്പോൾ യുവതി പറഞ്ഞു... നിങ്ങൾക്ക് ഈ കാർ ഡ്രൈവ് ചെയ്യാൻ അറിയാവുന്നത് ഭാഗ്യമായി. എനിക്ക് ഓട്ടോമാറ്റിക്കേ വശമുള്ളൂ.

കള്ളൻ ഒന്നും മിണ്ടിയില്ല. 

ഞരമ്പുകളിലൂടെ ഒരു രക്തത്തുള്ളിയുടെ കുതിപ്പു പോലെ തിരക്കൊഴിഞ്ഞ റോ‍ഡുകളിലൂടെ കാറോടുന്നു. നിങ്ങളാരാ എന്ന് ഏതു നിമിഷവും ചോദ്യം വരാം. എന്ത് ഉത്തരം പറയണമെന്ന് ആലോചിച്ച് കള്ളൻ കാറോടിച്ചു കൊണ്ടിരുന്നു. 

യുവതി തിരക്കു കൂട്ടുന്നു... വേഗം. ഗോൾഡൻ ടൈമാണ്. 20 മിനിറ്റ് അതിനു മുമ്പ് ആശുപത്രിയിലെത്തണം.

അടിയന്തിര സാഹചര്യം മനസ്സിലാക്കി ആശുപത്രി ഉരുളുന്ന കട്ടിലുമായി കാറിനടുത്തേക്ക് ഓടി വരികയാണ് ചെയ്തതെന്നു തോന്നി. യാത്രയ്ക്കിടയിൽത്തന്നെ ആ യുവതി ആശുപത്രിയിലേക്കു ഫോൺ ചെയ്ത് വേണ്ടതെല്ലാം ചെയ്തിരുന്നു.

രോഗി ഉള്ളിലെ മുറിയിലെത്തി. സന്ദർശകർക്കുള്ള ശൂന്യമായ മുറിയിൽ കള്ളനും യുവതിയും മാത്രം. ഒരു നോട്ടത്തിൽ അവർ‍ പരസ്പരം അളന്നു. 

യുവതി പറഞ്ഞു... ഞാൻ അഡ്വക്കേറ്റ് പ്രതിമ ചിറയ്ക്കൽ. 

കള്ളം പറയാൻ മടിച്ച് കള്ളൻ മറ്റെവിടേയ്ക്കോ നോക്കി നിൽക്കെ യുവതി തുടർന്നു... തിരക്കിനിടയിൽ വാതിൽ പൂട്ടാൻ മറന്നു. താക്കോൽ വിസിറ്റിങ് റൂമിൽത്തന്നെയുണ്ട്. നിങ്ങൾ അവിടെ വരെ പോയി വീടു പൂട്ടിയിട്ട് വരാമോ?

Content Summary : Penakathy column about thief

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA