ബാങ്കിൽ പ്രണയത്തിന്റെ കൗണ്ടറടിക്കുമ്പോൾ...

HIGHLIGHTS
  • ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ രീതികൾ ഓർമ വന്നു. ഇടം വലം നോക്കാതെ എങ്ങനെയെങ്കിലും മുന്നിൽ കയറും. പിന്നെ എന്തിനാണ് കയറിയതെന്ന കാര്യം മറക്കും
  • അയാൾക്ക് പഴയ ചിരിക്കാലം ഓർമ വന്നു. കൈനീട്ടിയാൽ വേഗം തിരിച്ചെടുക്കാവുന്ന ഏതോ അറകളിലാണ് കാലം പഴയ പ്രണയത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചുവയ്ക്കുന്നത്.
old-is-gold-girlfriend-penakathy
വര: മുരുകേഷ് തുളസിറാം.
SHARE

ബാങ്കിൽ വള പണയം വയ്ക്കാൻ ചെന്നപ്പോൾ കൗണ്ടറിലിരിക്കുന്നത് പഴയ കാമുകി.
അവൾ ചോദിച്ചു: ബിജേഷിന്റെ വിവാഹം കഴിഞ്ഞോ? 

കഴിഞ്ഞു. നിന്റെയോ എന്നു ചോദിക്കാൻ തോന്നിയെങ്കിലും വിഴുങ്ങി. രജിഷയുടെയോ എന്നാണ് ചോദിച്ചത്.
കഴിഞ്ഞു. ഭർത്താവ് ഈ ബ്രാഞ്ചിൽ തന്നെയാണ്. മാനേജർ.

ചില്ലുകൂട്ടിലെ ആളെ കണ്ടു. വാതിൽക്കൽ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ; ബാങ്കിനെപ്പറ്റിയോ സ്റ്റാഫിനെപ്പറ്റിയോ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ മാനേജരെ അറിയിക്കാം. ഒപ്പം കൂടുതൽ പൂജ്യങ്ങളുള്ള ഒരു ഫോൺ നമ്പരുമുണ്ട്. 

ഇവളെപ്പറ്റി എത്ര പരാതികളുണ്ട് പറയാനെന്ന് വെറുതെ ആലോചിച്ചു. അതിനെല്ലാം പരിഹാരം കാണാൻ ഇയാൾക്കു കഴിയുമെന്നു തോന്നുന്നില്ല!

രജിഷ ചോദിച്ചു... ഇവിടെ ബിജേഷിന് അക്കൗണ്ട് ഉണ്ടോ? ഇല്ലെങ്കിൽ മാനേജരെ കാണേണ്ടി വരും.

അവിടെ അക്കൗണ്ട് ഉണ്ടായിരുന്നതാണ്. പല നല്ല കാര്യങ്ങളെയും പോലെ കുറെ നാളായി ഡെഡ് ആണെന്നു മാത്രം. അയാൾ പറഞ്ഞു... പാസ് ബുക്ക് നഷ്ടപ്പെട്ടു. ഫോൺ നമ്പർ വച്ചു നോക്കി കണ്ടുപിടിക്കാമോ? 

നമ്പറെത്ര എന്ന മട്ടിൽ രജിഷയുടെ നോട്ടം. അതും ഇത്ര വേഗം മറന്നോ എന്ന ബിജേഷിന്റെ എതിർനോട്ടം. ഒടുവിൽ അവൾ തന്നെ അക്കൗണ്ട് നമ്പർ കണ്ടെത്തി. അതിൽ ബാലൻസ് ഒന്നുമില്ലെന്നും. 

കൗണ്ടറിനു മുന്നിലെ ക്യൂവിലായിരുന്നു ബിജേഷ്. താൻ മാറിയാൽ മറ്റൊരാൾ അവളിലേക്ക് എത്തും. തൊട്ടുപിന്നിൽ നിൽക്കുന്നയാളുടെ അക്ഷമ വ്യർഥമായ ചുമയായി പുറത്തു വന്നു. ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ രീതികൾ ഓർമ വന്നു. ഇടം വലം നോക്കാതെ എങ്ങനെയെങ്കിലും മുന്നിൽ കയറും. പിന്നെ എന്തിനാണ് കയറിയതെന്ന കാര്യം മറക്കും ! 

പിന്നിൽ നിൽക്കുന്നയാൾ സ്ഥിരനിക്ഷേപം കൂടുതൽ സുരക്ഷിതമാക്കാനുള്ള ചില ആഗ്രഹങ്ങളുമായി വന്നതാണ്. ബിജേഷ് അയാൾക്കായി വഴി മാറിക്കൊടുത്തു. 

രജിഷ പറഞ്ഞു: ഇത്തരം ഫോർമാലിറ്റികളൊന്നും ഇവിടെ വേണമെന്നില്ല. കസ്റ്റമേഴ്സ് വെയ്റ്റ് ചെയ്തോളും. 

അയാൾ ചിരിച്ചു... പണയം വയ്ക്കാൻ വരുന്നവന് ചെറിയ പരുങ്ങലുണ്ടാകും. 

അവൾ ചിരിച്ചു... വീട്ടിൽ സ്വർണം ഉണ്ടായിട്ടാണല്ലോ പണയം വയ്ക്കുന്നത് !

ഞാനൊരു പരാജയപ്പെട്ട കാമുകനാണ്. അത് ഓർമ വേണം. 

അതുകൊണ്ട് പലിശ കുറവൊന്നും കിട്ടില്ല. 

രണ്ടാളും ചിരിച്ചു. അയാൾക്ക് പഴയ ചിരിക്കാലം ഓർമ വന്നു. കൈനീട്ടിയാൽ വേഗം തിരിച്ചെടുക്കാവുന്ന ഏതോ അറകളിലാണ് കാലം പഴയ പ്രണയത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചുവയ്ക്കുന്നത്. എടുക്കാൻ എന്തെളുപ്പം. അറകളിൽ തിരിച്ചു വയ്ക്കാനാണ് പാട്.

വർഷങ്ങൾക്കു ശേഷമാണ് അവർ തമ്മിൽ കാണുന്നത്, അതും ആകസ്മികമായി. 

രജിഷ ചോദിച്ചു... എത്ര തുകയാണ് ആവശ്യം ?‌

കിട്ടാവുന്നത്രയും.

ഒരു പവന് ഇരുപതിനായിരം രൂപ കിട്ടും. 25 വരെ തരാൻ കഴിയും. പക്ഷേ മാനേജരുടെ അനുമതി വേണം.

അയാൾ മാനേജരുടെ പേരു സംശയിച്ചു. അവൾ പറഞ്ഞു... പ്രമോദ് കണ്ണൻ. 

കണ്ണൻ അച്ഛന്റെ പേരാണോ?

അല്ല, കണ്ണൻകുളങ്ങര എന്നത് തറവാട്ടുപേരാണ്.  

മാനേജരുടെ മുറിയിലേക്കു നടക്കുമ്പോൾ അവൾ കൂടെ വന്നു. പക്ഷേ, ക്യാബിനിലേക്കു കയറിയില്ല. പരിചയപ്പെടുത്തുമ്പോൾ രജിഷയെ അറിയാമെന്നു പറഞ്ഞോട്ടെ?

അതുകൊണ്ട് ഒരു ഇളവും കിട്ടാൻ ചാൻസില്ല. പുള്ളി ജോലിക്കാര്യത്തിൽ വളരെ സ്ട്രിക്ടാണ്.

മാനേജർ ആരോടോ ഫോണിൽ സംസാരിക്കുന്നതിനിടെ അയാളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ഒരാളെ മുന്നിലിരുത്തിക്കൊണ്ട് മറ്റൊരാളുമായി സംസാരിക്കാൻ എല്ലാ മാനേജർമാരും വിരുതന്മാരാണെന്നു തോന്നി. സംസാരത്തിനിടെ ചില മുദ്രകൾ ബിജേഷിനു നേരെയും അദ്ദേഹം ഇട്ടു തരുന്നു. 

ഉപഭോക്താവാണ് ഈ ബാങ്കിന്റെ യഥാർഥ മൂലധനം എന്ന് ഹിന്ദിയിൽ എഴുതിയ ഒരു ബോർഡ് മാനേജരുടെ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. അയാൾ അതു വെറുതെ തിരിച്ചുകൊണ്ട് മാനേജരുടെ സംസാരം തീരാൻ കാത്തിരുന്നു.  

ബാങ്കിലെ ജീവനക്കാർ പിന്നിൽ വന്നു നിൽക്കുന്നതും രജിഷ ഇരിക്കുന്ന കസേരയിൽ പിടിച്ച് വള്ളി പോലെ ചായുന്നതുമെന്തിന്?!  ആലപ്പുഴയ്ക്കുള്ള പ്രൈവറ്റ് ബസിൽ തിരക്കുള്ള ഒരു വൈകുന്നേരത്ത് ഇതേ കാരണം പറഞ്ഞ് ഒരുത്തനുമായി വഴക്കിട്ടത് അയാൾക്ക് ഓർമ വന്നു. അന്ന് സ്റ്റോപ്പിലിറങ്ങി നിന്റെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണെന്ന ഭാവത്തിൽ കൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു... ആ ചെറുക്കൻ ഉപയോഗിച്ച പെർഫ്യൂം കൊള്ളാമായിരുന്നു. അതിന്റെ പേരു ചോദിക്കാൻ പറ്റിയില്ല.

ഫോൺ സംസാരം അവസാനിപ്പിച്ച് ശാന്തനായ മാനേജർ അയാളെ നോക്കി... എന്താണ് പണത്തിന് ആവശ്യം?

പറയാൻ മടി തോന്നി. പൈസയ്ക്ക് വലിയ അത്യാവശ്യങ്ങളുണ്ട്. അതൊക്കെ ഇയാളോടു പറയുന്നതെന്തിന്.  മാനേജർക്ക് അതു മനസ്സിലായെന്നു തോന്നി. അധിക നേരം സംസാരമുണ്ടായില്ല. അയാൾ ക്യാബിനു പുറത്തിറങ്ങി അവളുടെ അടുത്തേക്കു നടന്നു.

രജിഷ ചോദിച്ചു... മാനേജർ എന്തുപറഞ്ഞു?

ഇന്ന് സ്വർണം നോക്കുന്ന അപ്രൈസർ ലീവാണെന്നു പറഞ്ഞു. എങ്ങനെയെങ്കിലും സഹായിക്കാൻ പറ്റുമോ എന്നു ചോദിപ്പോൾ ബാങ്കിലെ ആരെയെങ്കിലും പരിചയമുണ്ടോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

എന്നിട്ട്... അവളുടെ അക്ഷമ.

പണ്ട് ഒരാളെ അറിയാമായിരുന്നു. ഇപ്പോഴില്ല എന്നു മാത്രം പറഞ്ഞു.

മാസ് ഡയലോഗായിപ്പോയി. ബിജേഷേ, അപ്രതീക്ഷിതമായി നേരിൽ കാണുമ്പോൾ ചെറിയ സങ്കടമൊക്കെ എല്ലാവർക്കും ഉണ്ടാകും. പക്ഷേ അതും ആലോചിച്ച് നടക്കാനൊന്നും പറ്റില്ല. 

നീ ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പിയാണോ?

അല്ലെന്നു പറഞ്ഞാൽ കേൾക്കുമ്പോൾ നിനക്ക് ഒരു സന്തോഷമൊക്കെ തോന്നും. പണം കിട്ടാത്തതിൽ നിനക്കു സങ്കടമില്ലേ?

ഇല്ല. നിന്നെ കണ്ടപ്പോൾ എന്തോ നല്ല സന്തോഷം.  

അയാൾ ഇറങ്ങി നടന്നു. അവൾ ഓർമകളുടെ പണയ വസ്തുവായി തനിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS