ADVERTISEMENT

പെൺകുട്ടികൾക്ക് പീരീഡ്സ് പോലെയാണ് ആൺകുട്ടികൾക്കു ബ്രേക്കപ്. ബ്രേക്കപ്പ് വേളയിൽ വൈകാരികമായി ഉലയുമ്പോൾ അവർ സിനിമാപ്പാട്ടുകളുടെ വരികളിലേക്കും തിരിയുന്നു. പാട്ടുകളുടെ ഈണത്തിൽ മാത്രമാണ് പൊതുവേ കൂടുതൽ ആൺകുട്ടികളുടെയും ശ്രദ്ധ. ബ്രേക്കപ്പിൽ അവർ വരികളുടെ അർഥം കൂടി ശ്രദ്ധിക്കുന്നു. ചേരുന്ന വരികൾ വാട്സാപ്പിൽ സ്റ്റാറ്റസ് ആകുന്നു. അത് എല്ലാവരും കാണുന്നു. കാണണ്ടവർ പ്രത്യേകം ശ്രദ്ധിക്കുന്നു.

കണ്ണുനീർ തുടയ്ക്കാതെ..

ഒന്നും പറയാതെ...

നിന്നു ഞാനും ഒരന്യനെപ്പോലെ...

വെറും അന്യനെപ്പോലെ....

ഇതാണ് രണ്ടു ദിവസമായി അഖിൽ സദാനന്ദന്റെ സ്റ്റാറ്റസ്. അവൻ ബ്രേക്കപ്പാണ്. അമല കുഞ്ഞച്ചൻ എന്ന കൂട്ടുകാരിയുമായി അവൻ പിണക്കത്തിലാണ്.  

ഉമ്മകൾ രണ്ടു വിധമാണ് എന്ന് അവനെ പഠിപ്പിച്ചത് കാഞ്ഞിരപ്പള്ളിക്കാരിയായ അമലയാണ്. വെജിറ്റേറിയനും നോൺ വേജിറ്റേറിയനും. കവിളിൽ പൂ പോലെയുള്ളത് വെജിറ്റേറിയൻ. ചുണ്ടിൽ കാന്തം പോലെ നോൺ വെജിറ്റേറിയൻ ! അഖിൽ കുറച്ചു ദിവസമായി വെജിറ്റേറിയനാണ്. 

കൊച്ചി നഗരത്തിൽ അരുവി, മരുവി എന്ന വെജിറ്റേറിയൻ റസ്റ്ററന്റ് വന്നത് ഈ ഓണക്കാലത്താണ്. റസ്റ്ററന്റിന്റെ ഉള്ളിലൂടെ നേർത്ത ശബ്ദത്തിൽ ഒരു കൃത്രിമ അരുവി ഒഴുകുന്നുണ്ട്. ഭക്ഷണ സാധനങ്ങൾ വിളമ്പാൻ ഉപയോഗിക്കുന്നത് മരുവി പോലുള്ള പഴയ പാത്രങ്ങളിലാണ്. അതെപ്പറ്റി ചില റീൽസ് കണ്ടതോടെ അഖിൽ ഞായറാഴ്ചത്തെ ഉച്ചയൂണിനായി അരുവിയിലേക്കു വന്നതാണ്.

പഞ്ചസാരത്തുള്ളി വീണു കിടക്കുന്നിടത്ത് ഉറുമ്പുകൾ തടിച്ചു കൂടുന്നതുപോലെ ആ വെജിറ്റേറിയൻ ഹോട്ടലിൽ ഉച്ച സമയത്ത് നല്ല തിരക്കായിരുന്നു. എന്നിട്ടും ഒരു കോണിൽ അഖിലിന് ഇരിക്കാൻ ഇടം കിട്ടി. അൽപം മുമ്പ് പെയ്ത മഴയിൽ നിന്നു കയറി വന്നതുപോലെ നനഞ്ഞ ഒരില അയാളുടെ മുന്നിൽ വന്നിരുന്നു. ഹോട്ടലുകളിലെ ഇലകൾക്ക് ഇത്ര കടുംപച്ചനിറം എങ്ങനെ വന്നു എന്ന് ആലോചിക്കാൻ സമയം കിട്ടുന്നതിനു മുമ്പേ ചില കറികൾ വന്നു കഴിഞ്ഞിരുന്നു. കുറച്ചു കറികൾ ആദ്യം വന്ന് വെറുതെയിരിക്കും. പ്രധാന കക്ഷിയായ ചോറു വരാനാണ് വെജിറ്റേറിയൻ ഹോട്ടലുകളിൽ താമസം. 

അഖിലിന്റെ മുത്തശ്ശന്റെ തറവാട് കഞ്ചിക്കോട്ടായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ താഴ്‍വരകളിലെ തണലിൽ ഏക്കറുകളോളം വാഴത്തോട്ടങ്ങൾ അഖിൽ കണ്ടത് അവിടെയാണ്.  എപ്പോഴും കാറ്റു വീശുന്ന സ്ഥലമാണ് അവിടം. കാറ്റടിച്ച് ഇലയായ വാഴയിലകളെല്ലാം തോരണം തൂക്കിയതുപോലെ കീറും. കീറാത്ത ഏതെങ്കിലും ഇല കണ്ടാൽ ചെറിയ വടിയുമായി അതിരാവിലെ തോട്ടത്തിലൂടെ നടന്ന് മുത്തശ്ശൻ അതും തല്ലിക്കീറും. വിടർന്നു നിൽക്കുന്ന ഇലകളിൽ കാറ്റു പിടിച്ച് വാഴകൾ ഒടിഞ്ഞുവീഴാതിരിക്കാനാണ്. 

ഒടുവിൽ മരണം കഴി‍ഞ്ഞ് മുത്തശ്ശനെ മുറ്റത്തിറക്കി കിടത്താൻ പൊട്ടാത്ത ഒരില പോലും സ്വന്തം വാഴത്തോട്ടത്തിൽ നിന്നു കിട്ടിയില്ല. അതിന് ആറടി ദൂശനില മൂന്നെണ്ണം ഹോട്ടലിൽ നിന്നു വാങ്ങിക്കൊണ്ടു വരേണ്ടി വന്നു ! അഖിലിന്റെ ഇലയിൽ പപ്പടം വന്നു. അവിയൽ വന്നപാടെ അയലത്തെ കൂട്ടുകറികളെത്തേടിയിറങ്ങി. സ്വർണം ഉരുക്കിയൊഴിച്ചതുപോലെ പരിപ്പ് ചൂടു ചോറിന്റെ മാറിലേക്കു പടർന്നു. പിന്നാലെ നീയ്യ്, നീയ്യ് എന്നു മന്ത്രിച്ച് ഒരു വിളമ്പുകാരിയെത്തി. അഖിൽ പ്രണയപൂർവം അവളെ നോക്കി നീയ്യോ, ഞാനോ എന്ന് മന്ത്രിച്ചു. അവൾ ചിരിച്ചു കൊണ്ട് ചൂട് ചോറിലേക്ക് നെയ്യ് ഇറ്റിച്ചു. 

പരിപ്പിലേക്ക് പപ്പടം പൊടിച്ച് നന്നായി കുഴച്ച് അമൽ ചെറിയ ചെറിയ ഉരുളകളായി ഉണ്ണാൻ തുടങ്ങി. ഓരോ ഉരുളകളായി ഇഞ്ചിക്കറിയിലും കടുമാങ്ങാക്കറിയിലും മുക്കി. ഉരുളകൾ വായിലേക്ക് അടുക്കുമ്പോൾ മണംപിടിച്ച് മൂക്കുകൾ വിടർന്നു. 

വിരലുകളുടെ ഇടയിൽ ഇളം ചൂടാർന്ന ചോറും നെയ്യും ചേർന്ന് കുഴമ്പു പോലെ പറ്റിപ്പിടിച്ചു. അഖിലിന് വിരലുകൾ നക്കാൻ തോന്നി. പിന്നെ അവൻ ഒന്നും നോക്കാതെ‌ മെല്ലെ സ്വന്തം വിരൽ കടിച്ചു തിന്നു!  തൊട്ടടുത്ത സീറ്റ് കാലിയായി. കാത്തു നിന്ന ഒരു കുടുംബം അവിടേക്കെത്തി. യുവതിയായ ഒരമ്മയും രണ്ടു പെൺകുട്ടികളും. മൂത്ത മകൾക്ക് 15 വയസ്സുണ്ടാകും. ഇളയതു ചെറിയ കുട്ടിയാണ്. ഒരു കുഞ്ഞു വെള്ളാറോസാപ്പൂവ് പോലെ. ഒന്നാം ക്ളാസിലോ മറ്റോ ആവാം. സാരിയാണ് യുവതിയുടെ വേഷം. പൊതുവേ ഈ പ്രായത്തിലുള്ള അമ്മമാരെ സൽവാറിലാണ് കാണാറുള്ളത്. പ്രത്യേകിച്ച് മുതിർന്ന പെൺമക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ.

മക്കൾ തണുത്ത വെള്ളവും അമ്മ ചൂടുവെള്ളവും വിളമ്പുകാരനോടു ചോദിച്ചു വാങ്ങി. അഖിലിന്റെ ശ്രദ്ധ അപ്പോൾ ഓലനിലായിരുന്നു. പ്രത്യക്ഷത്തിൽ ഒരു അവകാശവാദവുമില്ലാത്ത കറിയാണ് ഓലൻ. കറികളിലെ കലംകാരിയായ അവിയലിന്റെ തൊട്ടടുത്ത് വിളമ്പുന്നതാണ് ഓലന്റെ ദൗർഭാഗ്യം. ഓലനും അഖിലിന്റെ ചിറ്റമ്മയ്ക്കും ഒരേ മുഖഭാവമായിരുന്നു. സ്ഥായിയായ ഭാവം ദുഖമാണ്. പൊട്ടിക്കരയുകയുമില്ല.  എന്നാൽ‍ നനവൊട്ടു തോരുകയുമില്ല ! ഇപ്പോൾ അടുത്തു വന്നിരുന്ന യുവതിക്കും ഓലന്റെ മുഖം!

ആ യുവതിയും സദ്യ തന്നെയാണ് ഓർഡർ ചെയ്തത്. ഊണ് അവർക്കു മാത്രം മതി. മൂത്തമകൾക്ക് നൂഡിൽസ്. ഇളയ കുട്ടി മസാല ദോശയും. എന്നിട്ടും രണ്ടു കുട്ടികളുടെയും ശ്രദ്ധ അമ്മയുടെ ഇലയിലായിരുന്നു. ആ അമ്മ രണ്ടാൾക്കും ചോറു വാരി കൊടുക്കാൻ തുടങ്ങി.  മൂത്തയാൾക്ക് ആദ്യ ഉരുള. അതുകണ്ട് കൊതിയോടെ നിന്ന ഇളയ കുട്ടിക്ക് വാൽസല്യം അധികം ചേർത്ത് ഒന്ന്. വീണ്ടും മൂത്തയാൾക്കു മധുരക്കറിയിൽ മുക്കി തുളുമ്പാതെ ഒന്ന്. ഉപ്പേരിക്കഷണങ്ങൾ ഉള്ളിലൊളിപ്പിച്ച് ഇളയ കുട്ടിക്ക് കുസൃതി ചേർത്ത് മറ്റൊന്ന്. അവരറിയാതെ അഖിൽ അതെല്ലാം നോക്കിയിരുന്നു. 

ഒരു ഉരുള എനിക്കു കൂടി തരാമോ എന്ന് അവരോടു ചോദിക്കാൻ അഖിലിനു തോന്നി. അപ്രതീക്ഷിതമായിരുന്നു പിന്നെ സംഭവിച്ചത്. 

അവർ വിളിച്ചു... വാ.. വാ...

അഖിലിനും കിട്ടി സ്നേഹപൂർവം ഒരു പങ്ക്!

അവരുടെ ഇലയിലെ ചോറുതീർന്നു. യുവതിയും മക്കളും കഴിച്ചെഴുന്നേൽക്കുന്നു. അത്തരം ഒരു കൂട്ടരിൽ നിന്നു പ്രതീക്ഷിക്കാത്തത്ര വലിയൊരു തുകയാണ് ആ യുവതി ടിപ് കൊടുത്തതെന്ന് അഖിൽ കണ്ടു. ഭഗവതിയമ്പലത്തിലെ പൂജാരി തരുന്ന മടക്കിയ ഇലയിലെ പ്രസാദമെന്ന പോലെ വെയ്റ്റർ അത് ബഹുമാനത്തോടെ എടുത്തുകൊണ്ടുപോയി. 

പോകുമ്പോൾ അവർ അഖിലിന്റെ അടുത്തു വന്ന് ശബ്ദം താഴ്ത്തിപ്പറഞ്ഞു... എന്റെ ഇന്നത്തെ ഒരു ആഗ്രഹമായിരുന്നു ഇത്. ഒരുപാടു നന്ദി. 

അഖിൽ ചോദിച്ചു... നിങ്ങൾ ഒരു വറ്റുപോലും കഴിച്ചില്ലല്ലോ ! എല്ലാം കുട്ടികൾക്കു മാത്രമാണ് കൊടുത്തത്. നീയതു ശ്രദ്ധിച്ചോ എന്ന മട്ടിൽ അവർ നോക്കി. അതു വേണ്ടായിരുന്നു എന്ന ഭാവം അവരുടെ മുഖത്തുകണ്ടു.

എന്താ ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ?

അവർ പറഞ്ഞു... ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിക്കാതിരുന്നത്. ഇഷ്ടപ്പെട്ടാ‍ൽ വീണ്ടും വേണമെന്നൊക്കെ മോഹം തോന്നും. മോഹങ്ങൾ പല തീരുമാനങ്ങൾക്കും തടസ്സം നിൽക്കും. 

അപ്പോൾ കുട്ടികളെ കഴിപ്പിച്ചതോ?

അവരുടെ ഒരിഷ്ടവും നഷ്ടപ്പെടുത്തരുത് എന്നതുകൊണ്ട്. ഇന്ന് ഇളയ കുട്ടിയുടെ പിറന്നാളാണ്.

കുട്ടിയെ നോക്കി ഹാപ്പി ബേത്ഡേ എന്നു പറയാൻ തുടങ്ങുന്നതു  കണ്ട് ആ യുവതി ആജ്ഞാശക്തിയുള്ള ചുണ്ടുവിരൽ സ്വന്തം ചുണ്ടിനോടു ചേർത്ത് അരുതെന്ന് ആംഗ്യം കാട്ടി.

അഖിലിനെ തൊട്ടാണ് കുട്ടികൾ കടന്നുപോയത്. പോകുമ്പോൾ ഇളയകുട്ടി തിരിഞ്ഞുനോക്കുന്നതും നിലാവു പോലെ ചിരിക്കുന്നതും അവൻ കണ്ടു. 

അഖിന് വല്ലാത്ത സങ്കടം തോന്നി. അവൻ പിന്നാലെ ഓടിച്ചെന്നു ചോദിച്ചു. നിങ്ങൾ മരിക്കാൻ പോവുകയാണെന്ന് എന്റെ മനസ്സു പറയുന്നു. ചില തോന്നലുകൾ. അത് ചിലപ്പോൾ ശരിയാവാറുണ്ട്. ഒന്നും പറയാതെ, ഒരു മഞ്ഞവെയിൽച്ചിരി മാത്രം ചിരിച്ച് കുട്ടികളുടെ കൈയും പിടിച്ച് അവർ മുന്നോട്ടു നടന്നു.

English Summary:

An Emotional Journey Through a Cold Breakup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com