ADVERTISEMENT

രുചികരമായ വിഭവങ്ങൾ വിളമ്പുന്നതിൽ നമ്മുടെ നാട്ടിലെ ഷാപ്പുകളെ കഴിഞ്ഞേയുള്ളൂ മറ്റേതൊരു  ഭക്ഷണശാലയും. പലതരത്തിലുള്ള മാംസ വിഭവങ്ങളും മൽസ്യ രുചികളും എന്തിനു കപ്പയും അപ്പവും പൊറോട്ടയുമൊക്കെ കൊണ്ട് സമ്പന്നമാണ് ഷാപ്പിലെ അടുക്കളകൾ. നേരത്തെ പുരുഷന്മാരുടെ മാത്രം സ്വന്തമായിരുന്ന ആ രുചിയിടങ്ങളിലേയ്ക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ കൂടി എത്തിയതോടെ കള്ളുഷാപ്പുകളിൽ സൗകര്യങ്ങൾ മാത്രമല്ല, വിഭവങ്ങളും കൂടി. മറ്റുള്ള ഇടങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഒരു രുചിതാരവും കൊണ്ട് പ്രശസ്തമായ ഷാപ്പാണ് വെള്ളയാണി കരുമം കള്ളുഷാപ്പ്. വിഭവങ്ങൾ ധാരാളമുണ്ടെങ്കിലും ഇവിടുത്തെ പ്രധാനി മുയൽ പെരട്ടാണ്. ഇത് തയാറാക്കുന്ന കാഴ്ച തന്നെ വായിൽ വെള്ളമൂറിക്കുമെന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, ഈ രുചിയിൽ മറ്റെല്ലാം മാറിനിൽക്കുമെന്ന്.

നല്ല നാടൻ വെളിച്ചെണ്ണയിലാണ് മുയൽ പെരട്ട് തയാറാക്കുന്നത്. ചൂടായി വരുന്ന എണ്ണയിൽ കടുകും വറ്റൽ മുളകും ഇട്ടു പൊട്ടുന്നതോടെ ആ രുചിമേളത്തിനു ആരംഭമായി. പിന്നീട് ചെറിയുള്ളിയും ഇഞ്ചി വെളുത്തുള്ളിയും അരച്ചതും കൂടി എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ മൂപ്പിക്കണം. ശേഷം സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി അതിലേയ്ക്ക് മുളക് പൊടി, മല്ലിപൊടി, മസാല പൊടി, കുരുമുളക്, ഗരം മസാല എന്നിവ കൂടി ചേർക്കണം. പൊടികൾ മൂക്കുമ്പോൾ 

ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചു വെച്ചിരിക്കുന്ന മുയലിറച്ചിയിലെ വെള്ളം ചേർക്കണം. ഇനിയാണ് കലാശക്കൊട്ട്. നല്ലതുപോലെ ഇളക്കി കുറുകി വരുന്ന ആ ഗ്രേവിയിലേക്ക് മുയലിറച്ചി കൂടി ഇട്ടുകൊടുക്കാം. ശേഷം നല്ലതുപോലെ വറ്റി കുറുകി വരുന്ന ആ ഇറച്ചിക്കറിയുടെ മുകളിൽ കുറച്ചു മല്ലിയില കൂടി തൂകുന്നതോടെ മുയൽ പെരട്ട് ശുഭപര്യവസായിയായി.  ഇനി ആവശ്യക്കാർക്ക് വിളമ്പി നൽകാം. മറ്റുള്ള വിഭവങ്ങൾ പോലെ വലിയ അളവിൽ വെയ്ക്കാത്തതു കൊണ്ടുതന്നെ എളുപ്പം തീർന്നുപോകും ഈ ' സ്റ്റാർ ഡിഷ് '. അപ്പമോ പൊറോട്ടയോ ദോശയോ കപ്പയോ എന്തുവേണമെങ്കിലും ഇതിനൊപ്പം കഴിക്കാനായി തെരഞ്ഞെടുക്കാം.

 

മുയൽ പെരട്ട് മാത്രമല്ല, ബീഫും ചിക്കനും താറാവും പോർക്കുമടക്കമുള്ള വിഭവങ്ങളെല്ലാം വിവിധ തരത്തിലുള്ള കറികളായും റോസ്റ്റായും ഒക്കെ ഇവിടെയുണ്ട്. പല തരത്തിലുള്ള മീൻ കറികളും വറുത്ത മീനുകളുമൊക്കെ ലഭിക്കുന്ന ഒരിടം കൂടിയാണിത്. എല്ലാത്തിനും  അവിടെ തയാറാക്കിയെടുക്കുന്ന മസാല പൊടികൾ ചേർത്ത് ഉണ്ടാക്കുമ്പോൾ രുചി ഒരല്പം കൂടുമെന്നാണ് പാചകക്കാരുടെ അഭിപ്രായം. എരിവ് കുറച്ചു മുന്നിൽ നിൽക്കുന്ന ഷാപ്പിലെ കറികൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും പോകേണ്ട ഒരിടം തന്നെയാണ് കരുമം ഷാപ്പ്.

English Summary: Eatouts, Tasty Food in Kallushapp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com