ADVERTISEMENT

നാവിന്റെ മുകുളങ്ങളെ രുചിലഹരിയിലാഴ്ത്തുന്ന ഭക്ഷണം എവിടെ കിട്ടുമോ, അവിടേയ്ക്ക് ഭക്ഷണപ്രേമികൾ എത്തും.  കൊച്ചിയിലെ ഈ കടയ്ക്ക് അങ്ങനെ പ്രത്യേകിച്ച് പേരൊന്നുമില്ല. ഇവിടെ വന്ന് ഭക്ഷണം കഴിച്ചവർ പരസ്പരം പറഞ്ഞ് ഒരു പേര് വീണു, ചേച്ചിമാരുടെ കട. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം പുറത്തുനിന്നാക്കിയാലോ എവിടെ പോകും എന്ന ചോദ്യത്തിന് ചേച്ചിമാരുടെ കടയിൽ പോകാം എന്ന് പറഞ്ഞ് പറഞ്ഞ് പഴകി അത് ഇന്ന് കേരളം മുഴുവനും അറിയപ്പെടുന്ന ചേച്ചിമാരുടെ കടയായി മാറിയിരിക്കുന്നു. ഒരു പിടി നാടൻ വെറൈറ്റി ഫുഡ് കലർപ്പില്ലാത്ത സ്നേഹത്തിൽ ചാലിച്ച് ചേച്ചിമാർ വിളമ്പുമ്പോൾ കഴിച്ചവരെല്ലാം ഒരുപോലെ ആരാധകരായിമാറുന്നു. വെറൈറ്റികൾ എന്നുപറയുമ്പോൾ കോട്ടയം പാലാ പ്രദേശങ്ങളിലും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുമെല്ലാം പതിവായി വീടുകളിൽ ഉണ്ടാക്കുന്ന ചില രുചികളുണ്ട്. നമ്മുടെ വീട്ടിലെ കറികൾക്ക് അല്ലെങ്കിലും ഒരു പ്രത്യേക രുചിയാ അല്ലേ, ആ വീട്ടുരുചികൾ അങ്ങനെതന്നെ ഒട്ടുംകുറയാതെ എല്ലാവരിലേക്കും എത്തിക്കുകയാണ് ഈ ചേച്ചിമാർ. 

കൈപുണ്യമേറും ചേച്ചിമാരുടെ കൂട്ടായ്മ
എറണാകുളം പാലാരിവട്ടം തമ്മനം റോഡിലായി ഒരു വീടിന്റെ താഴെയും മേലേയുമായിട്ടാണ് ചേച്ചിമാരുടെ കടയെന്ന ഫുഡ് സ്പോട്ടുള്ളത്. ഇവിടെ ഉച്ചനേരത്ത് പാലാരിവട്ടത്തേയ്ക്ക് ഒരു ഒഴുക്ക് നമുക്ക് കാണാം,. ചെന്നുനോക്കിയാലറിയാം തിരക്ക് എത്രത്തോളമുണ്ടെന്ന്. ഇൻസ്റ്റഗ്രാം വ്ലോഗേഴ്സ് മുഴുവൻ ഇവിടെ വന്ന് ഭക്ഷണം കഴിച്ച് റിവ്യു പറഞ്ഞുപോകുന്നു. പല നാടുകളിൽ നിന്നും ചേച്ചിമാരുടെ കൈപുണ്യം റീലുകളിലൂടെ കണ്ട് നൂറുകണക്കിനുപേർ ഇവിടെയെത്തുന്നു. കഴിഞ്ഞ 14 വർഷമായി സ്വാദിഷ്ടമായ ഭക്ഷണം നൽകി ഏവരുടേയും മനസും വയറും നിറച്ച് സ്‌നേഹത്തിന്റെയും സ്വാദിഷ്ടമായ ഭക്ഷണത്തിന്റെയും പര്യായമായി മാറിയത് കുഞ്ഞിമോളി ചേച്ചിയുടെയും അവർക്കൊപ്പം അർപ്പണബോധമുള്ള ചേച്ചിമാരുടെയും പ്രയത്നമാണ്. 

ചേച്ചിമാരുടെ കടയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
12.30 ഓടെ തുടങ്ങുന്ന ഉച്ചഭക്ഷണം 4 മണി വരെകാണും. നഗരത്തിലെ നിരവധി ഭക്ഷണശാലകളിൽ നിന്ന് ചേച്ചിമാരുടെ കടയെ വ്യത്യസ്തമാക്കുന്നത് എന്താണ്?രുചി തന്നെ പ്രധാനകാരണം. ബീഫ് വരട്ടിയതും ഫിഷ് മോളിയും അപ്പവും, നല്ല മുളകിട്ട മീൻകറിയുമെല്ലാം ഇവിടുത്തെ സ്പെഷ്യാലിറ്റികളാണ്.ഭക്ഷണം കഴിക്കാനിരിക്കുന്ന നമ്മുടെ മുന്നിലേക്ക്പുഞ്ചിരിയുമായി കടന്നുവരുന്ന ചേച്ചിമാരെ കാണുമ്പോൾ നമ്മൾ അവരുടെ വലിയ കുടുംബത്തിലെ അംഗമായി തോന്നും. ഫിഷ് കറി മീൽസ്, പോർക്ക് വിന്താലു, ഫിഷ്മോളി, പോർക്ക് റോസ്റ്റ് തുടങ്ങി നല്ലനാടൻ വിഭവങ്ങൾ ഇവിടെ വന്ന് രുചിച്ചറിയാം. ഇവിടുത്തെ താറാവ് റോസ്റ്റും സൂപ്പറാണ്. 

ചേച്ചിമാരുടെ കടയിലെ മറ്റൊരു വെറൈറ്റിയാണ് ഉപ്പിട്ട് വേവിച്ച ബീഫും പുട്ടും. അധികം മസാലകളോ മറ്റ് ചേരുവകളോ ചേർക്കാതെ ഓതന്റിക്കായി തയാറാക്കുന്ന ബീഫ് കറിയും കൂട്ടി ഒരു കഷ്ണം പുട്ടുകഴിക്കുന്നത് ആലോചിച്ചുനോക്കു, അപ്പോൾ തന്നെ വായിൽ കപ്പിലോടിക്കാനുള്ള വെള്ളം നിറയും.  വേറെയും ഉണ്ട് ചേച്ചിമാരുടെ രുചികൾ. പിടിയും കോഴിയും, പാൽ കപ്പയും മീനും. എന്തൊക്കെയുണ്ടെൻ പറഞ്ഞാലും അവിടുത്തെ ഫിഷ് മോളിയും അപ്പവുമാണ് കഴിക്കേണ്ട വിഭവം. തിരക്ക് അധികമാണെങ്കിലും ഒരു 12 മണിയോടെ അവിടെയെത്തിയാൽ ആദ്യം തന്നെ കഴിക്കാനുള്ള ചാൻസ് ലഭിക്കും. അപ്പോൾ ഇനി കൊച്ചി നഗരത്തിൽ നല്ല നാടൻ ഫുഡ് അന്വേഷിച്ച് കറങ്ങിനടക്കേണ്ട നേരേ ചേച്ചിമാരുടെ അടുത്തേയ്ക്ക് വിട്ടോ, ഫിഷ് മോളി കഴിക്കാൻ മറക്കല്ലേ… 

English Summary: Eatouts, Chechimarude Kada in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com