ADVERTISEMENT

വിശന്നുവലഞ്ഞു വരുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനേക്കാള്‍ വലിയ പുണ്യകര്‍മം ഒന്നുമില്ല. അതിഥികളെ ദൈവങ്ങളെപ്പോലെ പരിചരിക്കുന്ന ഭാരത സംസ്കാരത്തിന്‍റെ പ്രതിഫലനമെന്നോണം, ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം തയാറാക്കി വിളമ്പുന്ന ഭീമന്‍ അടുക്കളകള്‍ നമ്മുടെ നാട്ടിലുണ്ട്. ഒരു പൈസ പോലും വാങ്ങിക്കാതെയാണ് ഇവിടങ്ങളില്‍ രുചികരമായ ഭക്ഷണം വിളമ്പുന്നത്. 

ഇന്ത്യയിലെ ഈ ജംബോ അടുക്കളകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ഇട്ടിരിക്കുകയാണ് നടിയും മോഡലും വ്ളോഗ്ഗറുമെല്ലാമായ ഷഹനാസ് ട്രഷറിവാല. യാത്ര ചെയ്യുന്ന സ്ഥലങ്ങളും അന്നാട്ടിലെ രുചിയൂറും വിഭവങ്ങളുമെല്ലാം ആരാധകർക്കായി വിഡിയോയിൽ പങ്കുവയ്ക്കാറുമുണ്ട്് താരം. ഇപ്പോഴിതാ ബെംഗളൂരുവിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് കിച്ചണില്‍ നിന്നുള്ള വിഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.

shehnas-treasurywala1
Image Source: facebook/shehnas treasurywala and Instagram

ഷഹനാസിന്‍റെ പോസ്റ്റിലുള്ള ഓരോ അടുക്കളകളെക്കുറിച്ചും കൂടുതല്‍ അറിയാം. 

ഇതെന്താ മാജിക്കോ! വെള്ളം തിളപ്പിക്കാതെ മുട്ട പുഴുങ്ങി ഒാംലറ്റ് ഉണ്ടാക്കാം

സുവർണ്ണ ക്ഷേത്രം, അമൃത്സർ

സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് അമൃത്സറിലുള്ള സുവര്‍ണക്ഷേത്രം. ഇവിടുത്തെ അടുക്കള ലോകപ്രശസ്തമാണ്. പ്രതിദിനം 1,00,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. കുറഞ്ഞത് 2,00,000 റൊട്ടികളും 1.5 ടൺ പയറും മറ്റ് വിഭവങ്ങളും തയ്യാറാക്കുന്നു. ഭക്ഷണം തയ്യാറാക്കാനായി സുവർണ്ണ ക്ഷേത്രത്തിന്‍റെ  അടുക്കളയിൽ പ്രതിദിനം 100 എൽപിജി സിലിണ്ടറുകളും 5,000 കിലോ വിറകും ഉപയോഗിക്കുന്നു. ജാതി, മത, മത വിവേചനമില്ലാതെയാണ് ഇവിടെ ഭക്ഷണം നല്‍കുന്നത്.

 

സായി സൻസ്ഥാൻ പ്രസാദാലയ, ഷിർദി, മഹാരാഷ്ട്ര

ആത്മീയതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ അടുക്കളയിൽ ഭക്ഷണം തയാറാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ അടുക്കളകളിൽ ഒന്നാണിത്. ദിവസേന 40,000 ത്തോളം പേര്‍ക്ക് ഇവിടെ ഭക്ഷണം വിളമ്പുന്നു. മാത്രമല്ല, പ്രഭാതഭക്ഷണത്തിന്‍റെ ആയിരക്കണക്കിന് പാക്കറ്റുകളും ഇവിടെ വിതരണം ചെയ്യാറുണ്ട്.

 

ജഗന്നാഥ ക്ഷേത്രം, പുരി, ഒഡീഷ

ഉത്സവസമയത്ത് ഒരു ലക്ഷത്തോളം പേര്‍ക്കും സാധാരണ ദിനങ്ങളില്‍ കാല്‍ ലക്ഷത്തോളം പേര്‍ക്കും ഭക്ഷണം വിളമ്പുന്ന ഭീമന്‍ അടുക്കളയാണ്‌ ഒഡീഷയിലെ ജഗന്നാഥക്ഷേത്രത്തില്‍ ഉള്ളത്. ഐതിഹ്യമനുസരിച്ച്, ഈ ക്ഷേത്രത്തിലെ അടുക്കളയിൽ ലക്ഷ്മി ദേവി സ്വയം പാചകം ചെയ്യുന്നതായി പറയപ്പെടുന്നു. മറ്റുള്ളവരെല്ലാം ദേവിയുടെ സഹായികളും അനുയായികളുമാണ്.

 

ധർമതല മഞ്ജുനാഥ ക്ഷേത്രം, കർണാടക

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്ന ക്ഷേത്രമാണ് ഉഡുപ്പി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ധർമ്മത്തല മഞ്ജുനാഥ ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒരു കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ളതാണ്. കഴിഞ്ഞ 21 തലമുറകളായി ഈ കുടുംബം ഭക്തരെ ഊട്ടുന്നു.ഇവിടുത്തെ അടുക്കളയിൽ ഒരുദിവസം കുറഞ്ഞത് 70 ക്വിന്റൽ അരിയും 15 ക്വിന്റൽ പച്ചക്കറികളും തയ്യാറാക്കുന്നു. വിവിധ വിഭവങ്ങള്‍ക്കായി ദിവസവും 2000 നാളികേരം ഉപയോഗിക്കുന്നു. ഇവിടുത്തെ കൂറ്റൻ ഹാളില്‍ ഒരേ സമയം 2500 പേർക്ക് ഭക്ഷണം കഴിക്കാൻ ഇടമുണ്ട്.

 

ഇസ്‌കോൺ ക്ഷേത്രങ്ങൾ

ഇസ്‌കോൺ ഫൗണ്ടേഷന്‍റെ കീഴില്‍, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അക്ഷയപാത്ര. ഇതിന്‍റെ മെഗാ-അടുക്കള ഹൂബ്ലിയിലാണ് സ്ഥിതി ചെയ്യുന്നത്. 5 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 150,000 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ഗ്രാമീണ സ്കൂളുകളിലുള്ള ദരിദ്രരായ കുട്ടികൾക്ക്  ഉച്ചഭക്ഷണവും ഇവര്‍ നല്‍കിവരുന്നു. 

 

തിരുപ്പതി, ആന്ധ്രാപ്രദേശ്

തിരുപ്പതി ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് രുചികരമായ ഭക്ഷണം സൗജന്യമായി ലഭിക്കും.വേദപാഠങ്ങൾ അനുസരിച്ച്, "പകരം ഒന്നും വാങ്ങാതെ ഭക്ഷണം വിളമ്പുന്നത് ഏറ്റവും മികച്ച ആരാധനയായി കണക്കാക്കപ്പെടുന്നു". ഭക്തർക്ക് ഭക്ഷണം വിളമ്പുന്നത് സ്വർഗം നേടുന്നതിനേക്കാൾ വിലപ്പെട്ടതായാണ് ഇവിടെ കണക്കാക്കുന്നത്.

 

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കർണാടക

കർണാടകയിലെ അതിമനോഹരമായ പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കുക്കെ ക്ഷേത്രം, സുബ്രഹ്മണ്യന് സമർപ്പിച്ചിരിക്കുന്നു. കർണാടക സന്ദർശന വേളയിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു ഇടമാണിത്. സ്വാദിഷ്ടവും ശുചിത്വപൂര്‍ണ്ണവുമായ ഭക്ഷണമാണ് ഇവിടെ നല്‍കുന്നത്.

 

വൈഷ്ണോ ദേവി, ജമ്മു

ദിവസേന ആയിരക്കണക്കിന് തീർത്ഥാടകർക്ക് രുചികരമായ ഭക്ഷണം സൗജന്യമായി നൽകുന്നതിന് പേരുകേട്ടതാണ് ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം. ഇവിടേക്കുള്ള യാത്രയ്‌ക്കിടയിൽ വിവിധ ചെക്ക്‌പോസ്റ്റുകളിൽ ഭണ്ഡാരങ്ങൾ സ്ഥാപിച്ചത് കാണാം. 

 

അന്നപൂർണ ഡൈനിങ് ഹാൾ, ആർട്ട് ഓഫ് ലിവിംഗ്, ബെംഗളൂരു

ഭക്ഷ്യ സുരക്ഷയിലും ശുചിത്വത്തിലും ഉയർന്ന നിലവാരം പുലർത്തുന്നതിന് "ISO 22000: 2005" സർട്ടിഫിക്കേഷൻ ലഭിച്ച രാജ്യത്തെ ആദ്യത്തെ മെഗാ അടുക്കളകളിൽ ഒന്നാണ് അന്നപൂർണ ഡൈനിംഗ് ഹാൾ എന്ന് വിളിക്കപ്പെടുന്ന കമ്മ്യൂണിറ്റി കിച്ചൺ. സാത്വികവും പാരിസ്ഥിതിക സൗഹാർദ്ദപരവുമായാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 

 

നാഷണൽ ജിയോഗ്രാഫിക് ചാനലിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ മെഗാ കിച്ചൻസ് എന്ന ജനപ്രിയ ഇംഗ്ലീഷ് ഡോക്യുമെന്ററി പരമ്പരയിലും അന്നപൂർണ ഇടംപിടിച്ചിട്ടുണ്ട്. 2004 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഇതിന് 60,000 പേർക്ക് ഭക്ഷണം നൽകാനുള്ള ശേഷിയുണ്ട്. വൈവിധ്യമാർന്ന ഭക്ഷണം പാകം ചെയ്യുന്നതിൽ പ്രാവീണ്യമുള്ള 30-35 മുഴുവൻ സമയ സന്നദ്ധ പ്രവർത്തകർ ആണ് ഭക്ഷണം തയാറാക്കുന്നത്. നവരാത്രി പോലുള്ള ആഘോഷവേളകളിൽ ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും കൂടുതല്‍ ആളുകള്‍ എത്തും.

English Summary: shehnas treasurywala shares video about indias mega kitchen 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com