ADVERTISEMENT

എണ്ണൂറു വര്‍ഷം പഴക്കമുള്ള വൈന്‍ സെല്ലര്‍, അതും അഗ്നിപര്‍വതത്തിനുള്ളിലെ ഗുഹയ്ക്കുള്ളില്‍. പടിയിറങ്ങിച്ചെന്ന്,കയ്യിലൊരു ഗ്ലാസ് വൈനുമായി അതിനുള്ളിലൂടെ നടക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ! അത്തരമൊരു മനോഹരമായ അനുഭവം ഒരുക്കുന്ന ഒരിടമുണ്ട്, ഐസ്‌ലൻഡിലെ ഗ്രിൻഡാവിക്കിൽ പുതുതായി തുറന്ന മോസ് റസ്റ്ററന്‍റിലാണ് ഇങ്ങനെയൊരു അപൂര്‍വ അവസരം സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

 

 

സുന്ദരമായ ഒരു ലാവ പാടത്തിനു നടുവിലാണ് ഈ റസ്റ്റോറന്‍റ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ മെനുവിനും പ്രത്യേകതയുണ്ട്. പ്രാദേശികമായി കിട്ടുന്ന ചേരുവകള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനാല്‍, സീസണ്‍ അനുസരിച്ച് ഏഴു കോഴ്സുള്ള മെനു എപ്പോഴും മാറിക്കൊണ്ടിരിക്കും. ലോകത്ത് മറ്റെവിടെയും കിട്ടാത്ത സ്പെഷ്യല്‍ രുചികളാണ് ഇവിടെ വിളമ്പുന്നത്. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഡൈവര്‍മാര്‍ ശേഖരിച്ച് കൊണ്ടുവരുന്ന കടല്‍ച്ചേന, ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്തുന്ന രൂക്ഷഗന്ധമുള്ള ഐസ്‌ലാൻഡിക് ചെടിയായ വസാബി, ഫ്രഷ്‌ മട്ടന്‍ എന്നിവയെല്ലാം ഇവിടുത്തെ മെനുവില്‍ ഉള്‍പ്പെടുന്നു. 

 

 

എന്നാല്‍ ഇവിടുത്തെ താരം ഇവയൊന്നുമല്ല, ഈ റസ്റ്ററന്‍റില്‍മാത്രം കിട്ടുന്ന രുചികരമായ വെണ്ണ ആണ് അത്. 2018 ൽ ബ്ലൂ ലഗൂൺ ഐസ്‌ലൻഡിലെ റിട്രീറ്റിൽ റെസ്റ്റോറന്‍റ് ആദ്യമായി തുറന്നപ്പോൾ മുതല്‍ ഇവിടുത്തെ വെണ്ണ പ്രസിദ്ധമാണ്. തൈരിന്‍റെ കട്ടിയുള്ള ഐസ്‌ലാൻഡിക് പതിപ്പായ സ്കൈര്‍ ഉപയോഗിച്ചാണ് ഈ മൃദുവായ വെണ്ണ ഉണ്ടാക്കുന്നത്. ഇതിലേക്ക് അറ്റ്ലാന്റിക് ഡൾസ് കടൽപ്പായലും ഉപ്പും വിതറുന്നു. ഇതാണ് ഇവിടുത്തെ വെണ്ണയ്ക്ക് പ്രത്യേക രുചി നല്‍കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധമായ പാലാണ് തൈരും വെണ്ണയുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

 

വെണ്ണ വളരെക്കാലമായി ഐസ്‌ലൻഡിക് ഭക്ഷണത്തിന്‍റെ പ്രധാന ഘടകമാണ്. കഠിനമായ കാലാവസ്ഥയില്‍ ജീവിക്കുന്ന ഇവിടുത്തെ ആളുകള്‍ക്ക് ഇത് പോഷകങ്ങളുടെയും കാൽസ്യത്തിന്‍റെയും നല്ല ഉറവിടമാണ്.

 

 

വെണ്ണയില്‍ ചേര്‍ക്കുന്ന ഉപ്പിനുമുണ്ട് പ്രത്യേകത. ഇവരുടെ തന്നെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിൽ നിർമ്മിച്ചതാണ് ഇവിടെ ഉപയോഗിക്കുന്ന ഉപ്പ്. ഭൂമിക്കകത്ത് നിന്ന് 2000 മീറ്റർ അകലെയുള്ള ജിയോതെർമൽ കടൽജലത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഈ ഉപ്പ്, ഇന്ന് കഴിക്കാൻ കഴിയുന്ന ഏറ്റവും ശുദ്ധമായ ലവണങ്ങളിൽ ഒന്നാണെന്ന് റെസ്റ്റോറന്‍റ് അവകാശപ്പെടുന്നു.

English Summary: Eatouts Moss Restaurant - Blue Lagoon Iceland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com