ADVERTISEMENT

സാധാരണ കരിമീൻ പൊള്ളിക്കുന്നത് എങ്ങനെയാണ്, മസാലയൊക്കെ പുരട്ടി ഒന്ന് ചെറുതായി മൊരിച്ചെടുത്ത്, ശേഷം വാഴയിലയിൽ പൊള്ളിച്ചെടുക്കും. എങ്കിൽ വെറൈറ്റി ഇഷ്ടപ്പെടുന്നവർക്ക് നാടൻ രീതിയിൽ ഒരു കരിമീൻ പൊള്ളിച്ചാലോ? അതും തേങ്ങാപ്പാലിൽ പാകം ചെയ്തെടുക്കുന്നത് ഒന്ന് രുചിച്ച് നോക്കണോ. എങ്കിൽ നേരെ മെട്രേ കയറുക പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങാം. തൊട്ടടുത്ത് തന്നെ ഒരു ചെറിയ ഹോട്ടൽ കാണാം. പേര് വിനായക ഹോംലി മീൽസ്. ചെറിയൊരു ഹോട്ടലാണിവിടമെങ്കിലും ഇവിടുത്തെ രുചി നിങ്ങളെ വലിയൊരു ലോകത്തെത്തിയ്ക്കും. തീർച്ച. വിനായകയുടെ മീൻ ഐറ്റംസാണ് മെയ്ൻ. മിനിമം പത്തു വെറൈറ്റി മീൻ ഐറ്റംസുണ്ടാകും എന്നും. മീൻ കറി, കരിമീൻ പൊള്ളിച്ചത്, മീൻമുട്ട തോരൻ, ചെമ്മീൻ പീര, നല്ല കറുമുറ എന്നിരിക്കുന്ന മുള്ളൻ വറുത്തത്, ചാള വറുത്തത്, കക്ക ഫ്രൈ, കൊഴുവ ഫ്രൈ, പിന്നെ വീട്ടിൽ തന്നെ ഉണ്ടാക്കിയ അടിപൊളി അച്ചാർ, ഒപ്പം തോരനും ഉണ്ടാകും. 

fish-curry-meal

കൊച്ചിക്കാർക്ക് ഉച്ചയ്ക്ക് ചോറുണ്ണണമെങ്കിൽ ഒരു കഷ്ണം മീൻ വറുത്തതോ അല്ലെങ്കിൽ ഒരിത്തിരി മീൻചാറോ വേണം. അങ്ങനെ നല്ലൊരു ഊണും ഒപ്പം കിടിലൻ മീൻ വറുത്തതും കറിയും കൂട്ടി ഉണ്ണണമെങ്കിൽ വിനായക ബെസ്റ്റ് ചോയ്സാണ്. വിനായകയുടെ സാരഥികളിൽ ഒരാളായ ലതചേച്ചിയാണ് ഇവിടെ എല്ലാ വിഭവങ്ങളും ഒറ്റയ്ക്ക് പാകം ചെയ്യുന്നത്. ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത വൃത്തിയാണ്. നമ്മുടെയൊക്കെ വീട്ടിലെ അടുക്കളയിലേതുപോലെ വളരെ വൃത്തിയുള്ള അടുക്കളയിൽ നിന്നും  ലത ചേച്ചി ഇവിടെ പാചകം ചെയ്തെടുക്കുന്നതെല്ലാം നല്ല രുചിയുള്ളവയാണ്. ഉച്ചയൂണും കറികളും മാത്രമാണ് ഇവിടെ ലഭിക്കു.കൂടുതലും മീൻ ഐറ്റംസാണ്. അതെല്ലാം തന്നെ അതാത് ദിവസം രാവിയൊണ് പാകം ചെയ്യുന്നത്. പല തരം മീൻ ഫ്രൈകളുണ്ട് ഇവിടെ. ഒപ്പം ലത ചേച്ചിയുടെ സ്പെഷൽ കരിമീൻ പൊള്ളിച്ചത്. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി തേങ്ങാപ്പാലിൽ തിളപ്പിച്ച് വറ്റിച്ചെടുക്കുന്നതാണ് ഇവിടുത്തെ കരിമീൻ പൊള്ളിച്ചത്. 

fish-fry

പത്തിലധികം മീൻ ഫ്രൈ ഐറ്റംസിനൊപ്പം ചോറിൽ ഒഴിച്ച് കഴിക്കാൻ നാലുതരം കറികളും ഇവിടെ കിട്ടും. സാമ്പാർ, മോരുകറി, ചെമ്മീൻചാറ്, പിന്നെ മീൻ ചാറും, ഈ ചെമ്മീൻചാർ ലത ചേച്ചിയുടെ മാത്രം സ്പെഷ്യലാണ്. അതുപോലെ ചെമ്മീൻ റോസ്റ്റൊക്കെ നല്ല ക്വാണ്ടിറ്റിയിലാണ് ഇവിടെ നൽകുന്നത്. അപാര ടേസ്റ്റാണ് ഇവിടുത്തെ കരിമീൻ പൊള്ളിച്ചതിന്. സാമാന്യം നല്ല വലിയ കരിമീൻ തന്നെയാണ് ഉണ്ടാവുക. 90 രൂപയ്ക്ക് ഇത്ര രുചിയേറിയ കരിമീൻ പൊള്ളിച്ചത് വേറെ എവിടെയെങ്കിലും കിട്ടുമോ എന്ന കാര്യം സംശയമാണ്. വിനായകയിലെ എല്ലാ വിഭവങ്ങളുടേയും റസിപ്പി ലത ചേച്ചിയുടെ സ്വന്തം. കൃത്യതതോടെ എല്ലാ വിഭവങ്ങൾക്കും കൂട്ട് ചേർത്തും അടിക്കുപിടിക്കാതെയും കരിഞ്ഞുപോവാതെയും ഇവിടെ പാകപ്പെടുത്തിയെടുക്കുന്ന ഈ അമ്മയുടെ കൈപുണ്യം വിനായകയിലെത്തി ഒരു നേരം ഊണ് കഴിച്ചു തന്നെ അറിയേണ്ടതാണ്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം ഊണ് വിളമ്പിത്തുടങ്ങും. ചെറിയ ഹോട്ടലാണെങ്കിലും തിരക്കിനൊട്ടും കുറവില്ലിവിടെ. ഏറിപ്പോയാൽ 3 മണിവരെ മാത്രമേ ഫുഡ് ഉണ്ടാകു അതിനുള്ളിൽ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. പേട്ട മെട്രോ സ്റ്റേഷന് തൊട്ടടുത്ത് തന്നെയാണ് ഹോട്ടലുള്ളത്. തന്റെ വെറൈറ്റി കരിമീൻ പൊള്ളിച്ചതിന്റെ റസിപ്പി ലതചേച്ചി ഒരു മടിയും കൂടാതെ നമുക്കായി പങ്കുവച്ചു. ഇനി കരിമീനെ ഇങ്ങനെയൊന്ന് പാകം ചെയ്തുനോക്കാം. 

ആവശ്യമുള്ള ചേരുവകൾ

നല്ല ഇടത്തരം കരിമീൻ- 6 എണ്ണം 

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി- ചതച്ചത് ഒരു ചെറിയ ബൗൾ 

ചെറിയ ഉള്ളി- അരിഞ്ഞത് ഒരു ബൗൾ 

കറിവേപ്പില- ആവശ്യത്തിന് 

മുളകുപൊടി- 2 ടേബിൾസ്പൂൾ 

മഞ്ഞൾപൊടി- 1 ടീസ്പൂൺ 

തേങ്ങാപ്പാൽ- ഒന്നാം പാൽ ഒരു കപ്പ്, രണ്ടാം പാൽ രണ്ട് കപ്പ് 

കുടംപുളി- 4 എണ്ണം 

ഉപ്പ് - ആവശ്യത്തിന് 

വെളിച്ചെണ്ണ- ആവശ്യത്തിന് 

കടുക്, ഉലുവ- വറുത്തിടാൻ ആവശ്യത്തിന് 

പാകം ചെയ്യുന്നതെങ്ങനെ 

കരിമീൻ നല്ലതുപോലെ വെട്ടി കഴുകി വൃത്തിയാക്കി വയ്ക്കുക. നല്ലൊരു ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കണം. തുടർന്ന് അരിഞ്ഞുവെച്ചിരിക്കുന്ന ചെറിയ ഉള്ളിയും കറിവേപ്പിലയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചതും ചേർത്ത് ഇളക്കുക. ഇത് മൂത്ത് വരുമ്പോൾ പൊടികൾ ചേർക്കുക. പച്ച മണം മാറുന്നതുവരെ ഇളക്കുക. എണ്ണ തെളിഞ്ഞുവരുമ്പോൾ വെള്ളത്തിലിട്ട് വച്ചിരിക്കുന്ന കുടംപുളി ചേർത്തിളക്കണം. ഇനി രണ്ടാം പാൽ ഒഴിക്കാം. ഇത് തിളച്ചുവരുമ്പോൾ മീൻ പെറുക്കിയിടാം അതിലേക്ക്. 

fish-curry-cook

തുടർന്ന് ഒന്നാം പാൽ കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. മീൻ വേഗം പാകപ്പെടും എന്നതിനാൽ കുറച്ചുകഴിയുമ്പോൾ കോരി മാറ്റി വയ്ക്കണം. ഇനി ഗ്രേവി നല്ലതുപോലെ വച്ചിച്ചെടുക്കണം. നല്ല കുറുകുറായെന്ന് ആകുമ്പോൾ മാറ്റിവച്ച മീൻ ചേർത്ത് വീണ്ടുമൊന്നുകൂടി വച്ചിക്കണം. നമ്മുടെ തേങ്ങാപ്പാലിൽ കിടന്ന് തിളച്ച കരിമീൻ ഇപ്പോൾ അടിപൊളി രുചിയിൽ പാകമായിട്ടുണ്ട്. അപാര ടേസ്റ്റാണ് എന്ന് വീണ്ടും പറയുന്നു. ഇനി അതിതികൾ വരുമ്പോൾ ഈ സ്പെഷൽ കരിമീൻ പൊള്ളിച്ചത് ഒന്ന് ട്രൈ ചെയ്തുനോക്കു.

English Summary:

Eatouts,Vinayaka Home meals Hotel Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com