ADVERTISEMENT

മറ്റു രാജ്യങ്ങളിൽ എത്തിയാൽ ആദ്യം തിരയുക നല്ല നാടൻ ഫുഡ് കിട്ടുന്ന റസ്റ്ററന്റുകളായിരിക്കും. ഏത് വിദേശ രാജ്യത്തു ചെന്നാലും അവിടെ ഒരു  ഇന്ത്യൻ ഭക്ഷണശാലയെങ്കിലുമുണ്ടാകുമെന്ന് ഉറപ്പാണ്. ജപ്പാനിലെ പ്രശസ്തമായ ക്യോട്ടോ നഗരത്തിലുമുണ്ട് ഒരു സൗത്ത് ഇന്ത്യൻ റസ്റ്ററന്റ്, എന്നാൽ ഇത് പതിവിനു വിപരീതമായി ഇന്ത്യാക്കാരല്ല മറിച്ച് ജപ്പാൻകാരായ രണ്ട്പേർ ചേർന്നാണ് നടത്തുന്നത്. തഡ്ക എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ത്യൻ റസ്റ്ററന്റിനെ വേറിട്ടുനിർത്തുന്നത്, ഇവിടുത്തെ എല്ലാ വിഭവങ്ങളും തനത് സൗത്ത് ഇന്ത്യൻ രുചിയിൽ ഉണ്ടാക്കുന്നത് ഈ ജപ്പാൻകാർ എന്നതാണ്. 

പ്രസന്ന കാർത്തിക് എന്നയാളാണ് ട്വിറ്ററിലൂടെ ഈ റസ്റ്ററന്റിനു പിന്നിലെ രസകരമായ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ജപ്പാൻകാരായ ഈ റസ്റ്ററന്റ് ഉടമകൾ ആറുമാസം കൂടുമ്പോൾ ചെന്നൈ സന്ദർശിക്കുകയും പുതിയ വിഭവങ്ങളെപ്പറ്റി പഠിക്കുകയും മെനുവിൽ അത് ചേർക്കുന്നതിന് മുമ്പ് ഉണ്ടാക്കിനോക്കുകയും ചെയ്യാറുണ്ടെന്ന് കാർത്തിക് തന്റെ എക്സ്(ട്വിറ്റർ) അക്കൗണ്ടിലൂടെ പറയുന്നു. ഇവിടെ വിളമ്പുന്ന ദോശയും ഇഡ്ഡലിയും ഏറ്റവും സ്വാദേറിയതാണെന്ന് കാർത്തിക് സാക്ഷ്യപ്പെടുത്തുന്നു. ജപ്പാൻകാർ നടത്തുന്ന ഈ സൗത്ത് ഇന്ത്യൻ റസ്റ്ററന്റിൽ എത്തുന്നവരും ഇന്ത്യാക്കാരേക്കാൾ കൂടുതൽ ജപ്പാൻകാർ തന്നെയാണത്രേ. ക്യോട്ടോ നിവാസികളുടെ മനസുകീഴടക്കിയിരിക്കുകയാണ് ഇപ്പോൾ നമ്മുടെ സ്വന്തം ദോശയും ചട്ണിയു ഫിൽട്ടർ കോഫിയുമെല്ലാം. 

ഭക്ഷണം കഴിക്കാൻ ചോപ്പ്-സ്റ്റിക്കുകൾ ഉപയോഗിക്കുന്ന ഒരു രാജ്യത്ത്, കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് തഡ്ക. അതിന്റെ ഭാഗമായി യഥാർഥ ദക്ഷിണേന്ത്യൻ ശൈലിയിൽ, എങ്ങനെ ഭക്ഷണം കഴിക്കാമെന്നതിനുള്ള നിർദ്ദേശങ്ങളും റസ്റ്ററന്റിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. തഡ്കയുടെ ഉടമകൾക്ക് ഇന്ത്യൻ സംസ്കാരവുമായും ആത്മീയതയുമായും അഗാധമായ ബന്ധമുണ്ടെന്നും പലപ്പോഴും ചെന്നൈ സന്ദർശിക്കുകയും ഭഗവാൻ രമണ മഹർഷിയുടെ ആശ്രമത്തിൽ ധ്യാനിച്ച് സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടെന്ന് പ്രസന്ന കാർത്തിക് പോസ്റ്റിൽ പറയുന്നു. ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ച് റസ്റ്ററന്റുകളുടെ ചുമരുകൾ അലങ്കരിച്ചിട്ടുണ്ട്.  

അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തഡ്കയുടെ ഉടമയും പാചകക്കാരനുമായ ഡായ് ഒക്നോഗിയാണ് ജപ്പാനിലെ അവരുടെ ആദ്യത്തെ റസ്റ്ററന്റ് തുറക്കുന്നത്. പിന്നീട് ഇവരുടെ വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറിയപ്പോൾ 2021 ഡിസംബറിൽ ഓഷിക്കോജി സ്ട്രീറ്റിൽ മറ്റൊരു രുചിയിടവും  കൂടി ആരംഭിച്ച് അവർ തങ്ങളുടെ പാചക സംരംഭം വിപുലീകരിച്ചു. 

English Summary:

Food News, This South Indian restaurant serving authentic dosa and idli in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com