ADVERTISEMENT

നാടൻ രുചികളുടെ ഈറ്റില്ലമാണ് കള്ളുഷാപ്പുകൾ. രുചിയുടെ മേളപ്പെരുക്കങ്ങളും താളക്കൊഴുപ്പുകളും കണ്ടും രുചിച്ചുമറിയണമെങ്കിൽ ഷാപ്പുകൾ മാത്രമാണ് ഇന്ന് ശരണം. നല്ല എരിവുള്ള മീൻകറിയും മീൻ വറുത്തതും പൊള്ളിച്ചതും തുടങ്ങി പലതരം മൽസ്യ വിഭവങ്ങൾ. മാംസാഹാര പ്രിയർക്കു ബീഫും പോർക്കും താറാവും കോഴിയും തുടങ്ങി അവിടെയും പലസ്വാദുകളുടെ സമ്മേളനം. അത്തരം നാടൻ വിഭവങ്ങളുടെ രുചിനിറച്ച ഒരു രുചിപ്പുരയാണ് കടവ് കള്ളുഷാപ്പ്. 

beef-dry
Image Credit: Santhosh Varghese/shutterstock

തൃശൂർ മണലൂരിലാണ് കടവ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുഴയുടെ കരയിൽ തണുത്ത കാറ്റേറ്റ് പലതരം രുചികൾ ആസ്വദിക്കാൻ പറ്റുന്നൊരിടം. നല്ല ഫ്രഷ് മൽസ്യവിഭവങ്ങൾ തന്നെയാണ് ഷാപ്പിലെ ഹൈലൈറ്റ്. വരാലും കൂന്തലും ഞണ്ടും ചെമ്മീനും കൊഞ്ചും കരിമീനും പോലുള്ളവ നാടൻ മസാല ചേർത്ത് കറിവെച്ചും റോസ്റ്റ് ചെയ്തും വറുത്തും കിട്ടും. കൂടെ മീന്മുട്ട പൊരിച്ചതും. ചട്ടിചോറ് ലഭിക്കുന്ന ഷാപ്പുകൾ കേരളത്തിൽ വളരെ ചുരുക്കമാണ്. പലതരം വിഭവങ്ങൾ നിറച്ച ചട്ടിച്ചോറാണ് ഉച്ചനേരങ്ങളിൽ ഇവിടെയെത്തുന്ന അതിഥികൾക്കായി കാത്തിരിക്കുന്നത്. പപ്പടമുൾപ്പെടെയുള്ള  വിഭവങ്ങൾ ചേർത്താണ് ചട്ടിച്ചോറ് വിളമ്പുന്നത്. എരിവും ഉപ്പും പുളിയുമെല്ലാം മുന്നിട്ടു നിൽക്കുന്ന മീൻകറിയും വറുത്തമീനും എല്ലാം കൂട്ടി കഴിക്കുമ്പോൾ മനസുനിറയും. വരാലും കരിമീനുമൊക്കെ മസാലയിലും നാടൻ വെളിച്ചെണ്ണയിലും മൊരിഞ്ഞു വരുന്ന ഗന്ധം മൂക്കിലെത്തുമ്പോഴേ വായിൽ കപ്പലോടാനുള്ള വെള്ളം നിറയും.

ഷാപ്പിലെ മധുരക്കള്ളിനു എപ്പോഴും കൂട്ടായി കഴിക്കാൻ പലർക്കും താൽപര്യം ബീഫ് റോസ്റ്റും ലിവർ ഫ്രൈയുമൊക്കെയായിരിക്കും. ഇവിടെയും നല്ല മസാലയുടെ അകമ്പടിയിൽ വെന്തു പാകമായ ബീഫും ലിവറുമൊക്കെ കിട്ടും. നല്ല വലുപ്പമുള്ള കാട പൊരിച്ചതും ചിക്കൻ 65 യുമൊക്കെ ഷാപ്പിലെ വിഭവങ്ങളെ വേറെ തലങ്ങളിലേക്കുയർത്തുമെന്നു പറയേണ്ടതില്ലല്ലോ. പോർക്ക് പ്രിയർക്കും ഇവിടെയെത്തിയാൽ ഒട്ടും തന്നെയും നിരാശപ്പെടേണ്ടി വരുകയില്ല. അത്രയേറെ രുചികരമാണ് പോർക്ക് റോസ്റ്റ്. മേൽപ്പറഞ്ഞ വിഭവങ്ങൾക്കൊപ്പം കഴിക്കാനായി കള്ളുചേർത്ത് തയാറാക്കിയ അപ്പവും റെഡിയാണ്. കുറച്ചു മധുരവും നല്ല മാർദ്ദവമേറിയതുമായ ആ അപ്പം കറികളുടെ അകമ്പടിയില്ലാതെ തന്നെ കഴിക്കാനേറെ രുചികരമാണ്. ചെമ്മീനോ കൂന്തലോ ബീഫോ എന്തുവേണമെങ്കിലും അപ്പത്തിനൊപ്പം അന്യായ കോമ്പിനേഷൻ ആണ്. ഇടയ്ക്കൊന്നു കൊറിക്കാൻ പൊടിമീൻ വറുത്തതും വാങ്ങാം. കപ്പയും പൊറോട്ടയും തുടങ്ങി വേറെയും വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. 

kappa-toddy
Image Credit: Santhosh Varghese/shutterstock

ഷാപ്പിലെ വിഭവങ്ങളുടെ പ്രധാനാകർഷണം എരിവ് അല്‍പം മുന്നിട്ടു നിൽക്കുന്ന നാടൻ വിഭവങ്ങൾ തന്നെയാണ്. ആദ്യകാലങ്ങളിൽ ആണിടങ്ങൾ മാത്രമായിരുന്ന ഷാപ്പ് രുചികൾ ആസ്വദിക്കാൻ ഇന്ന് കുടുംബങ്ങളും എത്തിത്തുടങ്ങി. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ നിരയും നീണ്ടു ഷാപ്പുകളിലെ സൗകര്യങ്ങളും വർധിച്ചു. തനിനാടൻ വിഭവങ്ങൾ രുചിക്കണമെന്നുള്ളവർക്കു ഇപ്പോൾ മടിക്കാതെ കയറിചെല്ലാവുന്ന ഇടങ്ങളായി ഷാപ്പുകൾ മാറി കഴിഞ്ഞു.

English Summary:

Food News, Eatouts, Kadavu Toddy shop thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com