ADVERTISEMENT

ലോകം മുഴുവനും ഒന്നിച്ചു ചേര്‍ക്കുന്ന മധുരമൂറും വികാരമാണ് ചായ. ഒരു കപ്പ്‌ ആവി പറക്കുന്ന ചായയില്‍ അലിഞ്ഞു പോകാത്ത ടെന്‍ഷനുണ്ടോ! ഇന്ത്യയെപ്പോലെ തന്നെ എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട് ഒരു ചായകുടി സംസ്കാരം. ചായ കുടിക്കുന്നത് ജാപ്പനീസ് സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട് ഇവിടുത്തെ ചായക്കഥകള്‍ക്ക്. 

ജപ്പാനില്‍ ചായകുടി ആദ്യം ആരംഭിച്ചത് അവിടെ പഠനത്തിനായി എത്തിയ ഒരു സെന്‍ ബുദ്ധസന്യാസിയായിരുന്നത്രേ. ദീർഘനേരം ധ്യാനിക്കുമ്പോൾ ഉണർന്നിരിക്കാൻ സഹായിക്കുന്ന ഒരു പാനീയം എന്ന നിലയ്ക്കാണ് ജപ്പാനിലേക്ക് ചായ ആദ്യമായി കൊണ്ടുവന്നത്. നൂറുകണക്കിന് വർഷങ്ങളോളം അത് അങ്ങനെ തന്നെ തുടർന്നു, ഒടുവിൽ ജപ്പാനിലെ ഉയർന്ന സാമൂഹിക വിഭാഗങ്ങൾക്കിടയിലും സമ്പന്ന കുടുംബങ്ങൾക്കിടയിലും ആഡംബരത്തിന്‍റെ ചിഹ്നമായി ചായകുടി മാറി. 

tea-shop-japan
Image Credit:tsuentea.ca-Official Site

ക്യോട്ടോയിൽ നിന്ന് വളരെ അകലെയല്ലാത്ത ജാപ്പനീസ് ഗ്രാമമായ ഉജിയിലാണ് ഇന്നുള്ളതില്‍ വച്ച് ഏറ്റവും പഴക്കമേറിയ ചായക്കടയുള്ളത്. 1160 ൽ സ്ഥാപിതമായ ഈ ചായക്കടയുടെ പേര് സ്യൂൻ ടീ എന്നാണ്. ഹെയാൻ കാലഘട്ടത്തിൽ ജനറൽ മിനാമോട്ടോ നോ യോറിമാസയുടെ കീഴിലുള്ള ഒരു ഒരു സമുറായി യോദ്ധാവായിരുന്ന ഫുരുകാവ ഉനൈ എന്നയാളാണ് ഈ ചായക്കട സ്ഥാപിച്ചത്. 1160 ൽ തന്‍റെ സൈനിക ജീവിതത്തിന്‍റെ അവസാനകാലത്ത് ഇയാള്‍ കട തുടങ്ങി. 

 സു(Tsu), എന്‍(En) എന്നീ രണ്ടു വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഉനൈ തന്‍റെ ചായക്കടയ്ക്ക് പേരിട്ടത്. ജാപ്പനീസ് ഭാഷയില്‍,  Tsu എന്നാൽ വഴി അല്ലെങ്കിൽ പാത എന്നും En എന്നാൽ ശാന്തത എന്നുമാണ് അര്‍ത്ഥം.

ഇരുപത് വർഷങ്ങൾക്ക് ശേഷം,  ഉനൈ ഒരിക്കൽ കൂടി യുദ്ധത്തിലേക്ക് മടങ്ങി, ആ യുദ്ധത്തിൽ അദ്ദേഹം മരിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ കുടുംബം ബിസിനസ് തുടർന്നു. ഇന്നും ഉനൈയുടെ പിന്‍ഗാമികള്‍ ഈ ചായക്കട നടത്തുന്നു. നിലവിൽ 24 ആം തലമുറയാണ് ചായക്കട നടത്തുന്നത്.

ഉജി പാലത്തിന് സമീപം, പണ്ട് തുടങ്ങിയ അതേ സ്ഥലത്താണ് ഇന്നും ചായക്കട നില്‍ക്കുന്നത്. എന്നാല്‍  1672 ല്‍ പുതുക്കിപ്പണിത കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കട പഴയതാണെങ്കിലും ആധുനിക രീതിയില്‍ ഓണ്‍ലൈന്‍ കച്ചവടവും ഇവിടെ ഇന്നുണ്ട്. സെഞ്ച ടീ, ജെൻമൈച്ച ടീ, ലൂസ് ടീ, മാച്ച, ഹോജിച്ച, കരിഗനെ തുടങ്ങിയ വ്യത്യസ്ത തരം ചായകള്‍ ഈ കടയില്‍ നിന്നും ഓണ്‍ലൈനിലും വാങ്ങിക്കാം. വിവിധ രാജ്യങ്ങളിലെ കടകളിലും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

English Summary:

Food News, The Worlds Oldest Tea Shop Is Located In Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com