ADVERTISEMENT

രുചികരമായി ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, അതിഗംഭീരമായി തീൻമേശയിൽ എത്തിക്കുകയെന്നതും മികവു തന്നെയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. പേരുകേട്ട റസ്റ്ററന്റുകളിൽനിന്നു രുചികരമായി വിഭവങ്ങൾ കഴിക്കുമ്പോൾ അതിനെ ഇത്രയും സ്വാദോടെ തയാറാക്കിയ ഷെഫിനെ ആരും ഓർക്കാതിരിക്കില്ല, പാചകം `ഒരു കല തന്നെയാണ്. ഇന്ന് പുരുഷൻമാർക്കും കുക്കിങ്ങിൽ താൽപര്യമേറെയാണ്  മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും പാചകം ആണുങ്ങളുടേതാണ്. ചോറും കറികളും മുതൽ ഉത്തരേന്ത്യൻ വിഭവങ്ങളും ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങളും വരെ വിളമ്പി അവർ ഭക്ഷണപ്രിയരുടെ പ്രശംസ നേടിയിട്ടുമുണ്ട്. അങ്ങനെയൊരാളാണ് ഷെഫ് ആനന്ദ് ജോർജ്.

eatouts-uk
Image Credit: Anand Joseph George/Instagram

ഉലകം ചുറ്റുന്നതിനോടൊപ്പം ഭക്ഷണപ്രേമികളുടെ ഹൃദയവും കീഴടക്കിയയാളാണ് അറിയപ്പെടുന്ന ഷെഫായ ആനന്ദ്. ഫോർട്ട് കൊച്ചിയിലെ ചിരട്ടപ്പാലം സ്വദേശിയായ ആനന്ദ് ജോർജിന് യുകെയിലെ കാർഡിഫിൽ പർപ്പിൾ പപ്പടം, ടക്ക ടക്ക് കാന്റീൻ എന്നീ റസ്റ്ററന്റുകളുണ്ട്. ‘‘കുക്കിങ് ഈസ് ആൻ ആർട്ട്. വി എൻജോയ് കുക്കിങ്.’’ നമ്മുടെ കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് പാചകം കലയായി മാറുന്നത്. പാചകത്തെക്കുറിച്ച് പറയുമ്പോൾ വാചാലനാകും ആനന്ദ്. ഏറ്റെടുക്കുന്ന ഏത് ജോലിയും ആത്മാർത്ഥതയോടെ ചെയ്യുക എന്നതാണ് ആനന്ദിന്റെ വിജയ രഹസ്യം. നിരവധി അവാർഡുകളും ആനന്ദ് സ്വന്തമാക്കിയിട്ടുണ്ട്. ഷെഫ് ആനന്ദ് ജോർജ്ജിന്റെ രുചിയാത്രയിലൂടെ സഞ്ചരിക്കാം. 

യാത്രയിലൂടെ പാഷനിലേക്ക്

‘‘കുക്കിലേക്കുള്ള ടേണിങ് പോയിന്റ് യാത്രകൾ ആണെന്നുതന്നെ പറയാം. ഇന്ത്യക്കകത്തും വിദേശത്തുമായി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഒാരോ നാടിനും കാഴ്ചകളിൽ മാത്രമല്ല, ഭക്ഷണവൈവിധ്യങ്ങളിലും മാറ്റമുണ്ട്. തനതു രുചികളും പാരമ്പര്യങ്ങളുമൊക്കെയുണ്ട്. അതൊക്കെ മനസ്സിലാക്കുവാനും നാടിന്റ‌െ പരമ്പരാഗത രുചിക്കൂട്ട് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഒരുപാട് ഇഷ്ടമാണ്. എന്ത് ഉണ്ടാക്കിയാലും അതിലെ പോരായ്മകൾ കണ്ടെത്താനും അടുത്തതവണ തിരുത്തി കൂടുതൽ സ്വാദേറിയത് തയാറാക്കാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. വീഴ്ചകളിൽ നിന്നാണല്ലോ കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നത്, അതുപോലെ പാചക പരീക്ഷണങ്ങളിലൂടെയാണ് കൂടുതൽ കണ്ടെത്തുന്നതും പഠിക്കുന്നതും.’’– ആനന്ദ് പറയുന്നു. 

ടേണിങ് പോയിന്റും കരിയറും

‘‘പാചകത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിച്ചതും എന്റെ കരിയർ ഇതാണെന്നു തിരിച്ചറിഞ്ഞതും ഡല്‍ഹിയിലെ ജീവിതത്തിലാണ്. ഡൽഹിയിലെത്തി ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ചേരാനുള്ള എൻട്രൻസ് പഠനത്തിനൊപ്പം ഹയാത്ത് റീജൻസിയിൽ കിച്ചൺ ട്രെയിനിയായി അഞ്ചുമാസം ജോലി ചെയ്തു. ഔറംഗാബാദിലെ താജ് സ്കൂളിലെ പഠനവും ചേർന്നപ്പോൾ പ്രഫഷനൽ ഷെഫായി കോളജിൽനിന്ന് സ്വർണ മെഡൽ നേടി.

chef-anand-george
Chef Anand Joseph George

ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു. അവിടെനിന്നു പടിപടിയായി ആഗ്രഹങ്ങൾ എല്ലാം സാധിച്ചു. 2005 ൽ ലണ്ടനിൽ ഷെഫായി ജോലിക്ക് എത്തി.  2007 ൽ വെയ്ൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ മിന്റ് ആൻഡ് മസ്റ്റാർഡ് എന്ന ഇന്ത്യൻ റസ്റ്ററന്റ് ആരംഭിച്ചു. ഇവിടുത്തെ ഇന്ത്യൻ ഭക്ഷണശാലകൾ കറി ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.’’

സൂപ്പർ ഹിറ്റായി കാർഡിസിലെ രുചിയിടം

2011ൽ പർപ്പിൾ പപ്പടം എന്ന രുചിയിടം തുടങ്ങി. മോഡേൺ സ്റ്റൈലിൽ ഇന്ത്യൻ രുചിക്കൂട്ടുകളാണ് വിളമ്പുന്നത്. ശേഷം 2016 ൽ സ്ട്രീറ്റ് ഫുഡ്പ്രേമികൾ‌ക്കായി ടക്ക ടക്ക് എന്ന ഭക്ഷണശാലയും തുടങ്ങി. ടക്ക ടക്ക് എന്ന ഫൂഡ് ട്രക്ക് വിജയമായതോടെ ഇപ്പോൾ 4 ഫൂഡ് ട്രക്കുകളുണ്ട്. അവിടെ സൗത്ത് ഇന്ത്യൻ വിഭവങ്ങളും കിട്ടും. അപ്പവും ഇഡ്ഡലിയും പൊറോട്ടയുമൊക്കെയുണ്ട്.

eatouts-dosa-uk
Image Credit: Anand Joseph George/Instagram

തനി നാടൻ രുചിക്കൂട്ടും ആലപ്പുഴ, കോട്ടയം സ്റ്റൈൽ വിഭവങ്ങളുമൊക്കെ കാർഡിസിൽ സൂപ്പർസ്റ്റാറാണ്. വെയ്ൽസിൽ 3 വ്യത്യസ്ത യൂണിറ്റുകൾ ഉണ്ട്. കൊച്ചി, ആലപ്പുഴ, പാലക്കാട്, തലശ്ശേരി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രുചിയാത്രയിലൂടെ കിട്ടിയ അനുഭവങ്ങളും വിഭവങ്ങളുമൊക്കെയായി ദ് 5000 മൈൽ ജേണി എന്ന പുസ്തകവും ആനന്ദ് എഴുതിയിട്ടുണ്ട്.

eatouts-biryani
Image Credit: Anand Joseph George/Instagram

പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവങ്ങളും ശ്രീലങ്കൻ വിഭവങ്ങളുമൊക്കെ ലണ്ടനിലെ റസ്റ്ററന്റിലുണ്ട്. വിഭവങ്ങളിൽ മാത്രമല്ല, റസ്റ്ററന്റിന്റെ ആംബിയൻസിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വളരെ ഭംഗിയിലാണ് അതൊരുക്കിയിരിക്കുന്നത്. ഇവിടെ  മൺപാത്രങ്ങളിലും ഭക്ഷണം വിളമ്പാറുണ്ട്. എന്തിലും വ്യത്യസ്തത കൊണ്ടുവരിക എന്നതാണ് ഷെഫ് ആനന്ദിന്റെ സിഗ്‍‍നേചർ. 

ഒറ്റക്കെട്ടായി കുടുംബവും

ഷെഫ് ആനന്ദിന്റെ ജീവിത വിജയത്തിനു പിന്നിൽ കുടുംബവുമുണ്ട്. ഭാര്യ സീമയും മക്കളായ അഡ്‍‍ലി ആനന്ദും അമേയയും ആനന്ദിനു കരുത്തായി ഒപ്പമുണ്ട്. തന്റെ പ്രവര്‍ത്തന മേഖലയില്‍ എപ്പോഴും വേറിട്ട ആശയങ്ങളുമായി വന്ന് അതിനൂതനമായ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആനന്ദിന്റെ രുചിയിടത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതല്‍ ഈ റസ്റ്ററന്റ് അതിന്റെ അസാധാരണമായ പാചകരീതികള്‍ക്കും ഡൈനിങ് അനുഭവത്തിനും വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്.

English Summary:

The Success Story of Kerala Chef Anand George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com