ADVERTISEMENT

ബിരിയാണി രുചി നമ്മുടെ നാവിൽ കയറിപറ്റിയിട്ടു കാലമേറെയായി. വ്യത്യസ്ത രുചികളിൽ ഈ വിഭവം ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. കേരളത്തിൽ തന്നെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്രചെയ്താൽ പല ഗന്ധത്തിലും രുചിയിലുമുള്ള ബിരിയാണികൾ ആസ്വദിക്കാവുന്നതാണ്. തലശ്ശേരി ബിരിയാണിയിൽ നിന്നും തുടങ്ങുകയാണെങ്കിൽ പിന്നീട് മലബാറും റാവുത്തറും മാഞ്ഞാലിയും കൊച്ചിക്കാരുടെ സ്വന്തം ബിരിയാണിയും എന്നുവേണ്ട രുചിയിൽ വേറിട്ട് നിൽക്കുന്ന, എന്നാൽ ബിരിയാണി എന്ന ഒറ്റപേരിൽ അറിയപ്പെടുന്ന വിഭവം. എന്നാലിവിടെ മേല്‍പറഞ്ഞതൊന്നുമല്ലാതെ, ബിരിയാണി പ്രേമികൾക്ക് പോലും അത്ര സുപരിചിതമല്ലാത്ത ഒന്ന്. സംഭവം കൊച്ചിയിൽ തന്നെയാണ്. പേരിൽ തന്നെയുണ്ട്  വ്യത്യസ്തത, ചുട്ട ചിക്കൻ ബിരിയാണി. 

വൈറ്റില, പൊന്നുരുന്നി പാലത്തിനു താഴെയാണ് ബിരിയാണി ബാഷ് എന്ന റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ രുചിക്കാത്ത, പല തരത്തിലുള്ള ബിരിയാണികൾ ഇവിടെ നിന്നും ലഭിക്കും. അതിൽ ഏറ്റവും ഹിറ്റായ  ഒന്നാണ് ചുട്ട ചിക്കൻ ഉപയോഗിച്ച് തയാറാക്കുന്ന ബിരിയാണി. നല്ലതു പോലെ വെന്ത ജീരകശാല അരിയും അതിനൊപ്പം ചെറു ചിക്കൻ കഷ്ണങ്ങളും. ബിരിയാണിക്കൊപ്പമല്ലെങ്കിൽ പോലും ആ ചിക്കൻ അതീവ രുചികരമാണ്. ഈ ഒരെണ്ണം കൊണ്ട് തീരുന്നില്ല, ഇവിടുത്തെ സ്പെഷ്യൽ ബിരിയാണി നിര. ചിക്കൻ മഞ്ചൂരിയൻ ബിരിയാണിയും ബീഫ് കിഴി ബിരിയാണിയും എന്നുവേണ്ട പല തരത്തിൽ, പല രുചികളിൽ തയാറാക്കുന്ന ബിരിയാണികൾ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. 

മഞ്ചൂരിയൻ ചിക്കൻ ബിരിയാണിയും ഏറെ വ്യത്യസ്തമാണ്. ചൈനീസ് വിഭവങ്ങളിലെ പോലെ തന്നെ സോസുകൾ ചേർത്ത് തയാറാക്കുന്ന മസാല തന്നെയാണ് ഹൈലൈറ്റ്. അതിനൊപ്പം മസാല പിടിച്ച ചിക്കൻ കഷ്ണങ്ങളും. വേറിട്ടൊരു ബിരിയാണി ആസ്വദിക്കണമെന്നുള്ളവർക്കു ഇതും പരീക്ഷിക്കാവുന്നതാണ്. ഇവ കൂടാതെ, നാടൻ ചേരുവകൾക്കൊപ്പം നല്ലതു പോലെ വെന്തു പാകമായ പോത്തിറച്ചി കൂടി ചേരുന്ന ബീഫ് കിഴി ബിരിയാണിയും ഇവിടുത്തെ സ്പെഷ്യലാണ്. 

പല തരത്തിലുള്ള ബിരിയാണികൾ ലഭ്യമെങ്കിലും ഇവയ്ക്കു മിതമായ വില മാത്രമേ ഈടാക്കുന്നു എന്നുള്ളതും ഈ റസ്റ്ററന്റിന്റെ സവിശേഷത തന്നെയാണ്. മാത്രമല്ല, കൂടുതൽ ക്വാണ്ടിറ്റി ഉണ്ടെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. കോംബോ ഓഫറുകളും ഇവിടെയുണ്ട്. ചിക്കൻ ദം ബിരിയാണിയ്‌ക്കൊപ്പം ഒരു ലൈം ജ്യൂസ് കൂടി ചേരുമ്പോൾ 125 രൂപ മാത്രമേയാകുന്നുള്ളൂ. ബീഫ് ദം ബിരിയാണിയും ഒപ്പമുള്ള  ലൈം ജ്യൂസിനും 135 രൂപയെ ഈടാക്കുന്നുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com