ADVERTISEMENT

എത്ര കഴിച്ചാലും മടുക്കാത്ത രുചികൾ കൊണ്ട് മനസും വയറും നിറയ്ക്കാൻ മൽസ്യവിഭവങ്ങൾ കഴിഞ്ഞേ വേറെന്തുമുള്ളൂ. മീൻ രുചികൾ ഇഷ്ടപ്പെടുന്നവരെങ്കിൽ ഉച്ചയൂണിനു ഒരു മീൻ വറുത്തതെങ്കിലും കൂട്ടിയാലേ പൂർണ തൃപ്തി ലഭിക്കുകയുള്ളൂ. അങ്ങനെയുള്ളവർക്ക് മടിക്കാതെ കടന്നു ചെല്ലാവുന്നൊരിടമാണ് പുലരി ഹോട്ടൽ. കടൽ മൽസ്യങ്ങളുടെ ഒരു ചാകര തന്നെയാണ് ഇവിടുത്തെ അടുക്കള. വറുത്തും റോസ്റ്റ് ചെയ്തും വിളമ്പുന്നതിലധികം മീൻ വിഭവങ്ങൾ തന്നെയാണ്. ഒരു സീഫുഡ് പ്രേമിയെങ്കിൽ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരിടമാണിത്. 

1690907125
Photo Credit: World Through Lens 000/Shutterstock

കണ്ണൂർ ജയിൽ റോഡിലാണ് പുലരി ഹോട്ടൽ. മറ്റുള്ള രുചിശാലകളെ പോലെയല്ലാതെ പ്രഭാത ഭക്ഷണത്തിനൊപ്പം തന്നെ ഇവിടെ മൽസ്യവിഭവങ്ങൾ വിളമ്പി തുടങ്ങും.അപ്പത്തിനും പൊറോട്ടയ്ക്കുമെല്ലാം കൂട്ടായി മീൻകറി ലഭിക്കുമെന്നു ചുരുക്കം. ഉച്ച നേരമാകുമ്പോഴേക്കും  മീൻ പൊരിക്കുന്ന വാസന ആ നാട് മുഴുവൻ നിറയും. ലഭ്യതയ്ക്കു അനുസരിച്ച് ആവോലിയും ഐക്കൂറയും ഹമൂറും മാന്തലും ചെമ്മീനും കല്ലുമ്മക്കായും കൂന്തലും തുടങ്ങി വിഭവങ്ങളുടെ ഒരു നീണ്ട നിര ഇവിടുത്തെ അടുക്കളയിൽ അതിഥികളായി എത്തുന്നവർക്ക് വേണ്ടി, രുചിക്കൂട്ടുകളെല്ലാം ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നുണ്ട്. 

142789822
Photo Credit: SAM THOMAS A/Shutterstock

മീൻ വറുക്കുന്നതിനുമുണ്ട് പ്രത്യേകത. ചൂടായി കിടക്കുന്ന വലിയ കല്ലിൽ അവിടെ തയാറാക്കിയ സ്പെഷൽ  മസാല വിതറുന്നു. അതിനു മുകളിലേക്ക് കറിവേപ്പില ചേർക്കുന്നു. തുടർന്നാണ് എണ്ണയൊഴിക്കുന്നത്. ഇനി വറുക്കാനുള്ള മസാല പുരട്ടിവെച്ച മീനുകൾ കല്ലിലേക്കു വെച്ചുകൊടുക്കുന്നു. വീണ്ടും മസാല വിതറുന്നു. എണ്ണയൊഴിക്കുന്നു. ഇങ്ങനെ നീളുകയാണ് മീൻ വറുക്കൽ എന്ന സങ്കീർണപ്രക്രിയ. മറിച്ചും തിരിച്ചുമിട്ടു മസാലയിൽ വെന്തു മൊരിഞ്ഞു വരുന്ന മീൻ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും. മത്തിയും അയലയും പോലുള്ളവയിൽ തുടങ്ങി മാന്തലും ആവോലിയും ഐക്കൂറയും ഹമൂറുമൊക്കെ ഇത്തരത്തിൽ പൊരിച്ചു കിട്ടും. 

ചെമ്മീൻ വറുത്തു മാത്രമല്ല, റോസ്റ്റ് ചെയ്തും വിളമ്പുന്നുണ്ട്. കല്ലുമ്മക്കായും കൂന്തലും പ്ലേറ്റിൽ നിറയുന്നതും റോസ്റ്റ് ചെയ്താണ്. തക്കാളിയും ഉള്ളിയുമൊക്കെ ചേരുന്ന ആ കൂട്ട് രുചിച്ചറിയുക തന്നെ വേണമെന്നാണ് ഇവിടെയെത്തുന്നവർ ആവർത്തിച്ചു പറയുന്നത്. മിതമായ വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നതും പുലരിയുടെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്. ഊണിനു 60 രൂപ മാത്രമേയുള്ളൂ. മീൻ കറിയും സാമ്പാറും തോരനും അച്ചാറുമൊക്കെ ചേരുന്നതാണ് ഉച്ചയൂണ് കൂടെ രുചികരമായ പായസവും. പതിനൊന്ന് മണി മുതൽ ഊണ് വിളമ്പി തുടങ്ങും. എപ്പോൾ ഭക്ഷണം തീരുന്നോ ആ സമയം വരെ വിളമ്പുകയും ചെയ്യും. ഊണ് മാത്രമല്ല, പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ബിരിയാണിയുമൊക്കെ അതീവ സ്വാദിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്. മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, മിതമായ തുക മുടക്കി ഊണ് കഴിക്കാവുന്നൊരിടമാണ് പുലരി.

English Summary:

Eatouts Seafood Restaurant Pulari in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com