ADVERTISEMENT

ചട്ടിച്ചോറ്, പൊതിച്ചോറ് അങ്ങനെ വെറൈറ്റി ചോറുകളാണല്ലോ ഇന്നത്തെ ട്രെൻഡിങ്. ആ നിരയിലേക്ക് പുതിയൊരു താരം, കായൽച്ചോറ്. പേര് പോലെ തന്നെ കായൽ വിഭവങ്ങൾ ചേർന്ന ഒരു സദ്യ എന്ന് വിളിക്കാം. ഈ സ്പെഷൽ സദ്യ കഴിക്കണമെങ്കിൽ കണ്ണൂരുവരെ പോകണമെന്ന് മാത്രം. ചട്ടിച്ചോറു പോലെ സമൂഹമാധ്യമത്തിൽ വൈറലാണ് ആ വിഭവം.

കായൽ വിഭവങ്ങൾ ചേർത്തു വിളമ്പുന്ന സദ്യ 

സീഫുഡ് വെറൈറ്റികൾ കൊണ്ട് പ്രസിദ്ധമായ കണ്ണൂരിലെ ഫുഡ്ബെ ആണ് ഈ കായൽച്ചോറിന്റെ ഉപജ്ഞാതാക്കൾ. സമുദ്രസദ്യ പോലെ ഇലയിൽ എല്ലാത്തരം സീഫുഡും വിളമ്പുന്നതല്ല കായൽച്ചോറ്. ചട്ടിച്ചോറുപോലെ എല്ലാംകൂടി ഒരു ചട്ടിയിലാക്കി തരുന്നതുമല്ല. കായൽച്ചോറിനായി ആദ്യം റസ്റ്ററന്റിന്റെ സ്വന്തം മസാലക്കൂട്ട് തയാറാക്കും.

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ എണ്ണയിലിട്ട് മൊരിയിക്കുന്നു, അതിലേക്ക് വാളംപുളിയും കശ്മീരി മുളക്പൊടിയും വറ്റൽ മുളകും കറിവേപ്പിലയും പിന്നെ അവരുടെ സ്വന്തം മസാലപേസ്റ്റും കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുന്നു. ഇതിലേക്ക്, ചെമ്മീൻ, കൂന്തൽ, ഞണ്ട്, ഹമൂർ മീൻകഷ്ണം എന്നിവ കൂട്ടിയോജിപ്പിച്ച് ഇളക്കിയെടുക്കുന്നു. വെള്ളയരിയാണ് ഇവർ കായൽച്ചോറിനായി എടുക്കുന്നത്. ഇനി ഈ മീൻകൂട്ടിൽനിന്നു കുറച്ച് എടുത്ത് ഒരു മുളങ്കുറ്റിയിലേക്ക് നിറയ്ക്കും. അതിന് മുകളിലേക്ക് ചോറിടും. ഇങ്ങനെ മൂന്ന് തട്ടുകളായി ചോറും കറിയും ചേർക്കും. ശേഷം മുളങ്കുറ്റി അടയ്ക്കുന്നതോടെ കായൽച്ചോറ് റെഡി. 

ഇതോടൊപ്പം മോര്, രസം, സാമ്പാർ, അച്ചാർ പപ്പടം എന്നിവയും എട്ട് തരം കറികളും ഉണ്ടാകും. ചൂടോടെ ഇലയിലേക്ക് മുളങ്കുറ്റിയിൽനിന്നു കായൽച്ചോറ് വിളമ്പിത്തരും. ആവിപറക്കുന്ന ചോറിനൊപ്പം നല്ല മുളകിട്ട ഞണ്ടും ചെമ്മിനുമെല്ലാം കൂട്ടിക്കുഴച്ച് കഴിക്കാം. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ഈ ഹോട്ടലിൽ കായൽച്ചോറ് കിട്ടുന്നത്.

English Summary:

Special Kayal Choru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com