ADVERTISEMENT

കള്ളും കപ്പയും കഴിഞ്ഞേ ഷാപ്പിൽ മറ്റേതൊരു വിഭവവുമുള്ളൂ. കപ്പയ്ക്ക് ഒപ്പമോ പല തരത്തിലുള്ള, എരിവും പുളിയും ഉപ്പുമൊക്കെ മുന്നിട്ടു നിൽക്കുന്ന വിഭവങ്ങളുടെ സമൃദ്ധിയും. എങ്കിലും മുളകിട്ടു വെച്ച നല്ല എരിപൊരിയൻ മീൻകറിയാണ് കപ്പയുടെ എക്കാലത്തെയും ഏറ്റവുമടുത്ത കൂട്ടുകാരൻ. കപ്പയും മീൻകറിയും മാത്രമല്ല വറുത്ത മീനുകളുടെ നീണ്ട നിര. കൂടെ ചിക്കനും ബീഫും മട്ടനും പോലുള്ളവ വേറെയും. രുചികരമായ വിഭവങ്ങൾ വിളമ്പുന്നതിൽ കേരളത്തിലെ ഷാപ്പുകൾ കഴിഞ്ഞിട്ടേ മറ്റേതൊരു റസ്റ്ററന്റും ഉള്ളുവെന്ന് തോന്നിപോകും ഇവിടുത്തെ രുചി വൈവിധ്യം കണ്ടാൽ. എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങളാണ് ഈ ചെറു ഷാപ്പിന്റെ അടുക്കളയിൽ അതിഥികൾക്കായി തയാറാക്കുന്നത്. വിവിധ രുചികളിൽ മൽസ്യ വിഭവങ്ങളും റോസ്റ്റ് ചെയ്തും ഫ്രൈ ചെയ്തും മാംസ വിഭവങ്ങളും ഇവിടെ തയാറാക്കുന്നു. ഇത് മോന്താൽ കള്ളുഷാപ്പ്.  

palkappa
Representative Image- Photo Credit: Maya Pix-crab-louisooi/Shutterstock

മാഹി അഴിയൂർ എന്ന സ്ഥലത്താണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. പുഴയും കാഴ്ചകളും മീൻപിടുത്തവും രുചിക്കൂട്ടുകളും മധുരക്കള്ളും എന്നുവേണ്ട മോന്താൽ ഷാപ്പിലെത്തിയാൽ ആസ്വദിക്കാൻ ഒരുപാട് വിഭവങ്ങളുണ്ട്. മൽസ്യ വിഭവങ്ങൾ തന്നെയാണ് ഷാപ്പിലെ രുചികളിൽ എടുത്തു പറയേണ്ടത്. പല തരത്തിലുള്ള മീനുകൾ മുളകിട്ടു വച്ച കറികൾ ഇവിടെയുണ്ട്. അയലയും തെരണ്ടിയും ചെമ്മീനും ഏട്ടയുമൊക്കെ കറികളായി കപ്പയ്ക്ക് ഒപ്പം കഴിക്കാം. പത്തിലും പാൽ കപ്പയും പൊറോട്ടയും ഒറോട്ടിയും പുട്ടുമൊക്കെയാണ് ഷാപ്പിലെ കറികൾക്കൊപ്പം ആസ്വദിക്കാവുന്ന മറ്റു വിഭവങ്ങൾ. ഇവയ്ക്കൊപ്പം കഴിക്കാനായി മട്ടൻ സ്റ്റൂവും ചെമ്മീൻ ഫ്രൈയും ഞണ്ട് വറുത്തരച്ചതും ബീഫും ചിക്കൻ വറുത്തരച്ചതും ചെമ്പല്ലി വറുത്തതും കാടയും മുരുവും കല്ലുമ്മക്കായും എളമ്പക്കയും ഒക്കെ ലഭിക്കും. തീർന്നിട്ടില്ല, ഇനിയുമുണ്ട് രുചി വൈവിധ്യങ്ങളുടെ നീണ്ട നിര. മാന്തലും ഞണ്ടും വറുത്തതും ചിക്കൻ പാർട്സും ലിവർ റോസ്റ്റും പൊടിമീൻ വറുത്തതും തുടങ്ങി ഒറ്റയിരുപ്പിൽ എണ്ണിത്തീരാത്തത്രയും വിഭവങ്ങൾ വിളമ്പുന്നു മോന്താൽ ഷാപ്പ്.

Representative Image-Photo Credit: Mashed tapioca -Jogy Abraham and Beef roast -AALA IMAGES/Istock
Representative Image-Photo Credit: Mashed tapioca -Jogy Abraham and Beef roast -AALA IMAGES/Istock

പഞ്ചനക്ഷത്ര ഹോട്ടലുകളെക്കാൾ വിഭവങ്ങൾക്ക് വിലയീടാക്കുന്ന ഷാപ്പുകൾ നമ്മുടെ നാട്ടിലുണ്ട്. അതിനൊരപവാദമാണ് മോന്താൽ ഷാപ്പ്. ഏതു വിഭവത്തിനും മിതമായ വില മാത്രമേയുള്ളൂ. വലിയ മീനുകൾക്കു ഭാരം കണക്കാക്കിയാണ് വില നിശ്ചയിക്കുന്നതെങ്കിലും അതും ന്യായവില മാത്രം.

ഉദാഹരണമായി 450 ഗ്രാം വരുന്ന വറുത്ത ചെമ്പല്ലിയ്ക്ക് 300 രൂപ മാത്രമേയുള്ളൂ. 100 നും 150 നും ഇടയിൽ മാത്രമാണ് മറ്റു വിഭവങ്ങളുടെ നിരക്ക്. ഷാപ്പുകളിലെ കറികൾക്ക് എരിവ് അല്പം അധികമാണെങ്കിൽ ഇവിടെ അതും മിതമായി മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ കുടുംബങ്ങൾക്കും ഇവിടെയെത്തി രുചി ആസ്വദിക്കാവുന്നതാണ്. കറികൾ  മാത്രമല്ല, നല്ല മധുരക്കള്ളും ഷാപ്പിലെത്തിയാൽ നുകരാം. എരിവുള്ള കറിയും മധുരമുള്ള കള്ളും കൂടെ താളത്തിലൊരു പാട്ടും..ഹാ...സ്വർഗം!

English Summary:

Eatouts Monthal toddy shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com