സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന കൊച്ചിയിലെ ഇടം; ആഡംബരം ഈ ഹോട്ടൽ
Mail This Article
രുചിയൂറും ഭക്ഷണം മാത്രമല്ല, ഹോട്ടലുകളിലെ അന്തരീക്ഷവും പ്രധാനമാണ്. ഇന്ന് മിക്ക ഭക്ഷണശാലകളും കാഴ്ചയിൽത്തന്നെ ആരെയും ആകർഷിക്കും. ഉള്ളിലെ ലൈറ്റിങ്ങും ഇരിപ്പിടങ്ങളും വളരെ ശാന്തമായ അന്തരീക്ഷത്തിൽ ലളിതമായ സംഗീതവുമൊക്കെയായി നല്ല വൈബുള്ള ഇടങ്ങൾ. അങ്ങനെ ആഡംബരസമൃദ്ധം തന്നെയാണ് കൊച്ചിയിലെ ഹോട്ടൽ മാരിയറ്റ്. സെലിബ്രിറ്റികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന കൊച്ചിയിലെ മാരിയറ്റിന്റെ പ്രധാന ആകർഷണം നല്ല താമസവും രുചിയൂറും ഭക്ഷണവുമാണ്.
കൊച്ചി നഗരമധ്യത്തിൽ ലുലു ഇന്റർനാഷനൽ ഷോപ്പിങ് മാളിന്റെ ഭാഗമായ പഞ്ചനക്ഷത്ര ഹോട്ടൽ സഞ്ചാരികൾക്കു സുഖപ്രദമായ സുഖസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും 24 മണിക്കൂർ റൂം സേവനവും നൽകുന്ന ഇവിടെ സ്റ്റൈലിഷ് ഹോട്ടൽ മുറികളും സ്യൂട്ടുകളും ഉണ്ട്. റസ്‌റ്ററന്റുകളിലും ലോഞ്ചുകളിലും രുചികരമായ രാജ്യാന്തര വിഭവങ്ങളും ആസ്വദിക്കാം.
ഹോട്ടലിന് മാറ്റുകൂട്ടും
സ്‌പാ, ഔട്ട്‌ഡോർ സ്വിമ്മിങ് പൂൾ, 24 മണിക്കൂറും ഉപയോഗിക്കാവുന്ന ഫിറ്റ്‌നസ് സെന്റർ, മീറ്റിങ്ങുകൾക്കും വിവാഹങ്ങൾക്കും സജ്ജമാക്കിയിട്ടുള്ള വേദികൾ, കാറ്ററിങ് സേവനം തുടങ്ങിയവ ഹോട്ടലിന്റെ മാറ്റുകൂട്ടുന്നു. അവധിക്കാലം ആഘോഷിക്കാനും തനിനാടൻ വിഭവങ്ങൾ തുടങ്ങി കോണ്ടിനെന്റല്‍ വിഭവങ്ങൾ ആസ്വദിക്കാനും ഇവിടെ എത്താം. ഹോട്ടലിന് സമീപം ചെറായി ബീച്ചും ബോൾഗാട്ടി പാലസും ഉണ്ട്. മാരിയറ്റ് ഹോട്ടലിന് അടുത്താണ് കൊച്ചി രാജ്യാന്തര വിമാനത്താവളം.
കൊച്ചി കിച്ചനും കസവ റസ്റ്ററന്റും
കൊച്ചി മാരിയറ്റില്‍ പ്രധാനമായും രണ്ടു റസ്റ്ററന്റുകളാണ് ഉള്ളത്, കൊച്ചി കിച്ചനും കസവ റസ്റ്ററന്റും. പാശ്ചാത്യ, ഏഷ്യൻ, അറബിക് വിഭവങ്ങൾ ഉൾക്കൊള്ളുന്ന റസ്റ്ററന്റാണ് കൊച്ചി കിച്ചൻ. മീറ്റിങ്ങുകൾ നടത്തുന്നതിനും കുടുംബത്തോടൊപ്പം മനോഹരമായ ഭക്ഷണം ആസ്വദിക്കുന്നതിനുമൊക്കെ ഈ റസ്റ്ററന്റ് അനുയോജ്യമാണ്. ബൊഫേയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതൽ 11 വരെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകും. ഉച്ചഭക്ഷണം 12.30 മുതൽ 3.30 വരെയാണ്. ഡിന്നർ 7 മണി മുതൽ 11 വരെ.
കസവാ റസ്റ്ററന്റിൽ തനിനാടൻ വിഭവങ്ങളും വിഭവ സമൃദ്ധമായ സദ്യയുമുണ്ട്. കസവയിൽ എത്തുന്ന അതിഥികൾക്ക് ഏറെ പ്രിയമാണ് മീൻകറിയും അപ്പവും ബീഫും ചോറും കറികളും അടക്കമുള്ള വിഭവങ്ങൾ. കസവ റസ്റ്ററന്റിന്റെ ആംബിയൻസും കിടിലമാണ്. കൂടാതെ ഒാരോ വർഷവും വിഭവങ്ങളിൽ മാറ്റംവരുത്തുവാനും പുതിയത് ചേർക്കാനും ഇവിടുത്തെ ഷെഫ് ശ്രദ്ധിക്കാറുണ്ട്. പഴമയിൽ ന്യൂജെൻ ടച്ചപ്പ് എന്നു തന്നെ പറയാം. ശാന്തമായ അന്തരീക്ഷത്തിൽ സംഗീതമാസ്വദിച്ച് കുടുംബമായും അല്ലാതെയും ഭക്ഷണം കഴിക്കാൻ മികച്ചയിടമാണ് കസവ റസ്റ്ററന്റ്.
ഫ്രെഷ് മീനുകളും ഞണ്ടും ചെമ്മീനുമൊക്കെയാണ് കസവയിലെ ഏറ്റവും വലിയ പ്രത്യേകത. റസ്റ്ററന്റിലെ കിച്ചനിൽ മുന്നിൽ തന്നെ ഫ്രെഷ് മീനുകൾ നിരത്തിവച്ചിട്ടുണ്ട്. അതിഥികൾക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു കറിയായും ഫ്രൈയായും ആവശ്യപ്പെടുന്നതനുസരിച്ച് തയാറാക്കി നൽകും.
ഇവിടുത്തെ സ്പെഷൽ ഐറ്റമാണ് കാളാഞ്ചി മാങ്ങയിട്ടത്. സ്ഥിരം ഇവിടെ എത്തുന്ന ഭക്ഷണപ്രേമികളിൽ മിക്കവരും ഒാർഡർ ചെയ്യുന്ന വിഭവമാണിത്.. ഇത് വളരെ സിംപിളാണെന്നും ഇത് എങ്ങനെയാണ് തയാറാക്കുന്നതെന്നും ഷെഫ് ബിനീഷ് പറയുന്നു. കൊച്ചി മാരിയറ്റ് കസവയിലെ സ്പെഷൽ വിഭവത്തിന്റെ റെസിപ്പി അറിയാം.
മാങ്ങയിട്ട കാളാഞ്ചി കറി
ചുവടുരുണ്ട ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ചൂടാകുമ്പോൾ ഉലുവ ചേർത്തതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റാം. ഇളം ബ്രൗൺ നിറം ആകുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർക്കാം. ചേരുവകൾ മൂത്ത് കഴിയുമ്പോൾ കശ്മീരി മുളക് പൊടിയും മഞ്ഞപ്പൊടിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം. ഒപ്പം ആവശ്യത്തിനുള്ള മാങ്ങ കഷ്ണങ്ങളാക്കിയതും ചേർത്ത് വേവിക്കാം.
കാളാഞ്ചി പെട്ടെന്ന് വേവുന്ന മീനാണ്. മാങ്ങയുമൊക്കെ നന്നായി വെന്ത് കഴിയുമ്പോൾ മീൻ ചേർക്കാം. മീനിന്റെ ഫ്ലെഷ് മാത്രമാണ് എടുത്തിരിക്കുന്നത്. കറിയിലെ തിള മാറുമ്പോൾ അവസാനം നല്ല കട്ടിയുള്ള തേങ്ങാപാൽ ചേർക്കാം. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് ചേർക്കാം. നല്ല രുചിയൂറും കാളാഞ്ചി മാങ്ങയിട്ടത് റെഡി. അപ്പത്തിനും ചോറിനുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്.