ഇനി വേണ്ട സെഡാനും സെലീനയും; ആരാധകർ കരയുന്നു: ‘അയ്യോ ബീബറേ പോകല്ലേ....’
Mail This Article
കച്ചവടം പൂട്ടുമ്പോൾ എല്ലാം വിലകുറച്ചു വിൽക്കുന്ന ഏർപ്പാടുണ്ട് നാട്ടിൽ. എന്നാൽ കരിയർ ഉപേക്ഷിക്കുകയാണെന്നു തീരുമാനിച്ചപ്പോൾ പാടിയ പാട്ടുകളെല്ലാം വില കുറച്ചല്ല, അൽപം വില കൂട്ടിത്തന്നെയാണ് പോപ് രാജാവ് ജസ്റ്റിൻ ബീബർ വിറ്റു തീർത്തത്. ആ ശബ്ദം മോഹവിലയ്ക്കു വിറ്റുപോകുമെന്നതുകൊണ്ടായിരിക്കാം അധികം വിലപേശൽ പോലും വേണ്ടി വന്നില്ല. 1644 കോടിക്കാണ് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് തന്റെ പാട്ടുകളുടെ അവകാശം ഗായകൻ കൈമാറിയത്. ബീബർ 29ാം വയസ്സിൽ പാട്ട് നിർത്തി എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോൾ കൈവീശി ‘റ്റാറ്റാ’ പറഞ്ഞ് മാറിയിരിക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന ‘ബിലീബേഴ്സ്’ എന്ന ആരാധകവൃന്ദത്തിന്. പാട്ട് നിർത്തുന്നു, എനിക്കൊരു സാധാരണ കുടുംബനാഥനായി ജീവിക്കണമെന്ന് ബീബറിന് എളുപ്പത്തിൽ പറയാം. പക്ഷേ നിങ്ങൾ പോയാൽ ആരാധകർക്കുണ്ടാകുന്ന നിരാശയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഹേയ് ബീബർ, അങ്ങനെയങ്ങു പോയാലോ? താരമൂല്യത്തേക്കാൾ വലുതാണോ കുടുംബനാഥനെന്ന പദവി? ഇങ്ങനെ നീളുന്നു ജസ്റ്റിനോടുള്ള ആരാധകരുടെ ചോദ്യങ്ങൾ. പാടിത്തുടങ്ങിയ കാലം മുതൽ ഹൃദയത്തിനാഴങ്ങളിലേക്ക് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്ന ആ പാട്ടിന്റെ പനിനീരരുവി പെട്ടെന്നങ്ങു നിലയ്ക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് അത്ര വേഗം അംഗീകരിക്കാനാവില്ല. എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നു പറയുമ്പോഴും ‘ബീബറേ നിങ്ങൾ പോകല്ലേ’ എന്നുകൂടി പറയുകയാണ് ബിലീബേഴ്സ്. പാട്ട് പാടി ലോകത്തിന്റെ നെറുകയിൽ ചുംബിച്ച ബീബർ ഇത്ര ചെറുപ്രായത്തിൽ വിരമിക്കാനൊരുങ്ങുമ്പോൾ ആ ജീവിത വഴികളിലേക്കൊന്നു തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്.