‘ഒരു രാത്രി കൂടി വിടവാങ്ങി’യിട്ടും ‘പിന്നെയും പിന്നെയും’ മലയാളികളെ പിന്തുടരുന്ന ഓണപ്പാട്ടുകള്‍
Mail This Article
"ഓണത്തിന് ഏതാടാ പുതിയ പടം" "മൂന്നെണ്ണം ഉണ്ട്" "പാട്ടൊക്കെ എങ്ങനൊണ്ട്?" "കേട്ടില്ല" "സീ ഡി ഇല്ലേ?" "ഇപ്പൊ ആരും സീ ഡി ഇറക്കുന്നില്ല അച്ഛാ" "ഇതെന്തുവാടാ! ഓണം വരുന്നത് അറിയുന്നതന്നെ പുതിയ പടത്തിലെ പാട്ടും കേട്ടോണ്ടല്ലേ!" ഒരു നിമിഷം ഞാൻ ഇരുന്നാലോചിച്ചു. പുതിയ മൂന്നു പടങ്ങളുടെയും പാട്ടുകൾ ഓൺലൈൻ ആയാണു വന്നത്. മൊബൈൽ ഇന്റർനെറ്റ് ഉള്ള പുതുതലമുറ കുഞ്ഞുങ്ങളെല്ലാം പാട്ടും കേട്ട്, കമന്റും ചെയ്‌ത്, അടുത്ത ട്രാക്കിലേക്ക് പോയിക്കഴിഞ്ഞു! ഓണത്തിന്റെ വരവ് ഓണച്ചിത്രങ്ങളിലെ പാട്ടുകൾ കേട്ട് അറിഞ്ഞിരുന്ന തലമുറയിലെ ലാസ്‌റ്റ് സീസൺ കഥാപാത്രം ആണ് ഞാനും എന്ന തിരിച്ചറിവ് സന്തോഷം തന്നില്ല. ജഗതി സ്റ്റൈലിൽ പറഞ്ഞാൽ "എന്റെ ഓണം ഇങ്ങനല്ല". പുതുതലമുറ, "നൊസ്റ്റുക്കൾ" എന്ന് കളിയാക്കുന്ന ഞങ്ങൾ ‘80's-90's’ തരക്കാരുടെ എല്ലാ ഓണ ഓർമകളുടെയും പിന്നണിയിൽ അതാത് വർഷത്തെ ഓണച്ചിത്രങ്ങളിലെ പാട്ടുകളും ഉണ്ട്. "ഒന്നാം വട്ടം കണ്ടപ്പം" കേട്ട ഓണമാണ് തൊണ്ണൂറ്റിഏഴിലേത്. "പൊന്നാമ്പൽ പുഴയിറമ്പി"ലും "കൺഫ്യൂഷൻ തീർക്കണമേ"യും മുഴങ്ങിയ ഓണമാണ് തൊണ്ണൂറ്റി എട്ടിലേത്.