ഉമ്മിണിത്തങ്ക ആത്മഹത്യ ചെയ്ത ‘നാഗവല്ലിയുടെ മുറി’; ഭീതി ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയ 30 വർഷം!
Mail This Article
‘അരവിന്ദ മിഴിമാരേ...’ എന്ന കഥകളിപ്പദം പാടി, ‘രാഘവോ..രാജപ്പോ..’ എന്നും വിളിച്ച് മാടമ്പിള്ളിയിലേക്ക് നടന്നു കയറിയതാണ് ഉണ്ണിത്താൻ. 1993 ഡിസംബർ 25ലെ ഒരു ക്രിസ്മസിനായിരുന്നു അത്. വർഷമിത്ര കഴിഞ്ഞു; ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ആ ഓപണിങ് സീൻ മാത്രമല്ല, സിനിമയൊട്ടാകെ ഇനിയും മലയാളിയുടെ മനസ്സിൽനിന്നിറങ്ങിപ്പോയിട്ടില്ല. ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയാൽ, പിന്നൊരാൾക്കും അകത്തു കയറി കവർച്ച നടത്താനാകില്ലെന്നാണ്. എന്നാൽ കേരളത്തിൽ ‘മണിച്ചിത്രത്താഴിട്ട’ എല്ലാ തീയറ്ററിലും ജനം ഇടിച്ചു കയറി. ഗംഗയും നകുലനും സണ്ണിയും അല്ലിയും ശ്രീദേവിയും കിണ്ടിയും കാട്ടുപറമ്പനും ഭാസുരച്ചേച്ചിയും ദാസപ്പനുമെല്ലാം പ്രേക്ഷകരുടെ മനസ്സു കവരുകയും ചെയ്തു. ഇനിയും ഭേദിക്കാനാകാത്ത ഒട്ടേറെ റെക്കോർഡുകളുമായി ആ സിനിമാപ്പൂട്ട് ഇന്നും ഭദ്രം. 30 വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് പുലരിയിലാണ് സംവിധായകൻ ഫാസിലും സംഘവും ‘സിനിമ ഹിറ്റാവുമോ’ എന്ന ആശങ്കയുമായി നിന്നത്. പലരും പറഞ്ഞ ഒരു പേടി അവരുടെ മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു വിഷയം പ്രേക്ഷകർക്ക് മനസ്സിലാകുമോ? ഈ സിനിമ എങ്ങനെ ഓടാനാണ്? അങ്ങനെ എത്രയെത്ര ചോദ്യങ്ങളായിരുന്നു തലയ്ക്കു മുകളിൽ. പക്ഷേ ആദ്യ പ്രദർശനം കഴിഞ്ഞതോടെ എല്ലാം ശുഭം. പിന്നീടങ്ങോട്ട് റെക്കോർഡ് കലക്‌ഷൻ, സംസ്ഥാന–ദേശീയ പുരസ്കാരങ്ങൾ, ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രമെന്ന ബഹുമതി... വർഷങ്ങൾക്കിപ്പുറം 2023 നവംബറിൽ സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തെ ‘കൈരളി’ തീയറ്ററിൽ മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയവരുടെ നിര തീയറ്ററിനു പുറത്തേക്കും നീണ്ടു. പിന്നീട് നിള, ശ്രീ എന്നീ രണ്ട് തീയറ്ററുകളിൽ കൂടി പ്രദർശനങ്ങൾ നടത്തിയാണ് സർക്കാർ പ്രേക്ഷകരെ ആശ്വസിപ്പിച്ചത്. ഇതിനോടകം എത്രയോ തവണ ടിവിയിൽ മണിച്ചിത്രത്താഴ് കണ്ടെന്ന് പ്രേക്ഷകർക്കുതന്നെ ഓർമയുണ്ടാകില്ല. എന്നിട്ടും തീയറ്ററിൽ അന്ന് ഡോക്ടർ സണ്ണിക്കും നകുലനും ഗംഗയ്ക്കുമെല്ലാം കയ്യടികളോടെയായിരുന്നു വരവേൽപ്. പലരും പടം കണ്ടത് നിലത്തിരുന്ന്.