മമ്മൂട്ടിയും മോഹൻലാലും വ്യക്തമാക്കുന്നു: ഞങ്ങൾ ഇവിടൊക്കെത്തന്നെ കാണും; ‘നേര്’ പറഞ്ഞാൽ സൂപ്പർ സ്റ്റാറുകളോട് ‘കാതൽ’ തോന്നിയ വർഷം
Mail This Article
‘‘ഇത്രയും വർഷമായില്ലേ, ഇനിയെങ്കിലും ന്യൂജെൻ പിള്ളേർക്കു വേണ്ടി വഴിമാറിക്കൊടുത്തൂടേ...’’ മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും നേരെ കഴിഞ്ഞ വർഷം വരെ കേട്ടിരുന്ന ആരോപണങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇരുവരും ഒന്നും മിണ്ടിയില്ല. പകരം വീണ്ടും സിനിമകളിൽ അഭിനയിച്ചുകൊണ്ടേയിരുന്നു. 2023ൽ അവർ ഒരു മാജിക്കും കാണിച്ചു. തൊടുന്നതെല്ലാം (കോടികളുടെ) പൊന്നാക്കുന്ന മാജിക്. ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘ഇതുവരെ എത്തിയില്ലേ സാർ, ഇനി അവന്മാരെ പിടിച്ചിട്ടേ ഞങ്ങൾ തിരികെ വരുന്നുള്ളൂ...’’. ആ ഡയലോഗൊന്നു മാറ്റിപ്പിടിച്ചാൽ ഇങ്ങനെ പറയാം: ‘‘ഇതുവരെ എത്താൻ ഞങ്ങൾക്കറിയാമെങ്കിൽ ഇനിയും തീയറ്ററുകളും ജനമനസ്സുകളും പിടിച്ചെടുത്തിട്ടുതന്നെയേ പിന്മാറാൻ ഞങ്ങൾക്ക് മനസ്സുള്ളൂ...’’ എന്ന്. സൂപ്പര്‍ താരങ്ങളെല്ലാം ശരിക്കും സൂപ്പറായ വർഷമാണ് 2023. എന്നു കരുതി ന്യൂജെൻ താരങ്ങൾക്കു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ‘കൊച്ചുപിള്ളേർ’ അഭിനയിച്ച നെയ്മർ പോലും ഹിറ്റായി മാറിയ അദ്ഭുതവും 2023 നമുക്കു കാണിച്ചുതന്നു. ഇങ്ങനെ കാലങ്ങളായി മലയാള സിനിമയ്ക്കൊപ്പമുള്ള താരങ്ങളും പിച്ചവച്ചു തുടങ്ങിയ താരങ്ങളും പുതുമുഖങ്ങളുമെല്ലാം ഹിറ്റുകൾ സമ്മാനിച്ച വർഷമാണു കടന്നു പോകുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയ വർഷം. ഇരുന്നൂറ്റി ഇരുപത്തിയഞ്ചോളം സിനിമകളിറങ്ങിയപ്പോൾ അതിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് തിയറ്ററിൽ ഹിറ്റായത്. ചിലതെല്ലാം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി. പതിവു പോലെ തിയറ്ററുടമകൾക്കു പറയാനുള്ളത് ലാഭത്തിന്റെയും നഷ്ടത്തിന്റെയും ‘സമ്മിശ്ര പ്രതികരണ’മാണ്. പക്ഷേ, മലയാളത്തിലെ ചലച്ചിത്ര പ്രേക്ഷകർക്ക് സിനിമയുടെ അദ്ഭുത ലോകത്തേക്ക് ആഴ്ന്നിറങ്ങി ആനന്ദിക്കാനും അഭിമാനിക്കാനും അവസരമൊരുക്കിയ സിനിമകൾ സമ്മാനിച്ചാണ് 2023 വിടപറയുന്നതെന്നു നിസ്സംശയം പറയാം.