സത്യമാകുമോ അന്ന് ശിവനെ കെട്ടിപ്പിടിച്ച് മോദി പറഞ്ഞ വാക്ക്? ഇതാ, ഇന്ത്യയുടെ മൂന്നാം ചന്ദ്രയാൻ
Mail This Article
2019 സെപ്റ്റംബർ 6. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ ആസ്ഥാനം. ചന്ദ്രയാൻ 2 പേടകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവിടെനിന്നാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും ശാസ്ത്രതൽപരർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രനേട്ടത്തിലേക്ക് ഇനി നിമിഷങ്ങളുടെ ദൂരം മാത്രം. ചന്ദ്രയാൻ2 ലാൻഡിങ്ങിന് ശ്രമിക്കുകയാണ്. ലാൻഡിങ്ങിലെ ഏറ്റവും നിർണായകമായ റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി പുലർച്ചെ 1.37ന് ട്വീറ്റെത്തി. അതായത്, ലാൻഡർ സ്വയം വേഗത കുറച്ച് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്കിറങ്ങിയിരിക്കുന്നു. ഏറ്റവും കഠിനമായ ഘട്ടം കടന്നിരിക്കുന്നു. ഗവേഷകർ കൈയ്യടിച്ച് ആഹ്ലാദിച്ചു. ഇനി അതീവസൂക്ഷ്മമായി, നിയന്ത്രണങ്ങളോടെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ഫൈൻ ബ്രേക്കിങ് ആണ്. അതിലേക്കു കടക്കുകയാണെന്ന ഐഎസ്ആർഒയുടെ ട്വീറ്റ് 1.49ന് എത്തി. എന്നാൽ പിന്നീട് നടന്നത് തികച്ചും നാടകീയ സംഭവങ്ങൾ. വലിയ സ്ക്രീൻ ചന്ദ്രയാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന ഗവേഷകരുടെ മുഖത്ത് ആശങ്ക. അവർ എന്തൊക്കെയോ ചർച്ച നടത്തുന്നു. പതിയെ പലരുടെയും മുഖത്ത് വിഷാദവും നിരാശയും നിറയുന്നു.