'എനിക്ക് വക്കാലത്തുമായി ആരും വരേണ്ട; ഇത് പ്രതിഷേധമാണ്': 94 വയസ്സിലും ജയിലിൽ പോരാട്ടവുമായി 'വാസുവേട്ടൻ'
Mail This Article
കേരളത്തിന്റെ സമരപോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ നിലകൊണ്ട, ഒരു തൊണ്ണൂറ്റിനാലുകാരന്‍ ജൂലൈ 29 മുതൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്നുണ്ട്. ഗ്രോ വാസു എന്ന പേരിലറിയപ്പെടുന്ന എല്ലാവരുടെയും വാസുവേട്ടൻ (എ.വാസു). ഏത് മേഖലയിലാണോ തൊഴിലാളികളുടെ അവകാശങ്ങളും മനുഷ്യാവകാശവും ലംഘിക്കപ്പെടുന്നത്, അവിടെ നീതിയുടെ പക്ഷത്തുനിന്ന് ഏതറ്റംവരെയും പോരാടാൻ എന്നും നിലയുറപ്പിച്ച വാസുവേട്ടൻ. ഒട്ടേറെ ജയിൽശിക്ഷകൾ അനുഭവിച്ചിട്ടുണ്ട് ഗ്രോ വാസു. പക്ഷേ, ഇത്തവണത്തേത് അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. പുറത്ത് അദ്ദേഹത്തെ കാത്തിരിക്കുന്ന വലിയൊരു ജനക്കൂട്ടമുണ്ട്. അവരുടെ മനസ്സിൽ ഒന്നേയുള്ളൂ–വാസുവേട്ടൻ ആരോഗ്യവാനായി കഴിയണം. അതറിയാൻ പലരായി, പല സംഘങ്ങളായി ജയിലിലേക്കെത്തുന്നുമുണ്ട്. അങ്ങനെ വാസുവേട്ടനെ കാണാൻ ഞങ്ങളും ജയിലിലെത്തി. നിരവധി അനുമതികളുടെ ഇടനാഴികളിലൂടെ കടന്ന് ഇരുമ്പുവേലി തീർത്ത മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് വാസുവേട്ടനോടു സംസാരിച്ചു. ഒരു മാറ്റവുമില്ല അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ വീര്യത്തിന്. ചിരിച്ചുകൊണ്ടാണ് അദ്ദേഹം ഒന്നൊഴികെ എല്ലാത്തിനും മറുപടി പറഞ്ഞത്.