കോവിഡിന്റെ വരവ് 15 വർഷം മുൻപേ ‘അറിഞ്ഞവർ’! വാക്സീനിൽ സംഭവിച്ച കാറ്റലിൻ-ഡ്രൂ അദ്ഭുതം! ഇല്ലെങ്കിൽ ഇന്നും ലോക്ഡൗണ്‍?
Mail This Article
2015ലാണ് ഹംഗറിയിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഗവേഷക കാറ്റലിൻ കാരിക്കോയും യുഎസ് ഗവേഷകൻ ഡ്രൂ വെയ്സ്മാനും ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. എംആർഎൻഎ അഥവാ മെസഞ്ചർ ആർഎൻഎയുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ അപ്പോഴൊന്നും അവർക്കറിയില്ലായിരുന്നു അവരുടെ ആ കണ്ടെത്തൽ ഒന്നര പതിറ്റാണ്ടിനിപ്പുറം കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ പോകുന്നതാണെന്ന്. പറഞ്ഞുവരുന്നത് കോവിഡിനെപ്പറ്റിത്തന്നെയാണ്. 2019 അവസാനം കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് 15 വർഷം മുൻപ് കാറ്റലിനും ഡ്രൂവും നടത്തിയ പഠനമാണ് 2022ൽ ഫൈസർ, മൊഡേണ എന്നീ എംആർഎൻഎ വാക്സീനുകളുടെ കണ്ടെത്തലിലേക്കു നയിച്ചത്. ലക്ഷണങ്ങളുള്ള കോവിഡിനെ 90 ശതമാനവും പ്രതിരോധിച്ചു നിർത്താൻ ഈ വാക്സീനുകൾക്കു സാധിച്ചു. സാധാരണ ഒരു പുതിയ വൈറസിനെതിരെ വാക്സീൻ നിർമിച്ചെടുക്കുന്നതിന് കുറഞ്ഞത് എട്ടു വർഷമെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ റെക്കോർഡ് സമയംകൊണ്ട് എങ്ങനെ ഈ വാക്സീനുകൾ നിർമിക്കാനായി എന്ന് ഒട്ടേറെ പേർ ആ സമയത്ത് ചോദ്യമുന്നയിച്ചിരുന്നു. അതിന്റെ ഉത്തരമാണിപ്പോൾ ഡ്രൂവും കാറ്റലിനും നൽകിയിരിക്കുന്നത്. ഒരുപക്ഷേ, ഇരുവരും ഈ കണ്ടെത്തൽ അന്നു നടത്തിയിരുന്നില്ലെങ്കിൽ കോവിഡ് എംആർഎൻഎ വാക്സീൻ ഇനിയും വൈകുമായിരുന്നു. നാമിപ്പോഴും ലോക്ഡൗണിൽ തുടർന്നേനെ, കോടിക്കണക്കിനു പേർ ഇപ്പോഴും മരിച്ചുവീഴുന്നുണ്ടാകും. എന്തായിരുന്നു ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം? എങ്ങനെയാണത് കോവിഡ് വാക്സീൻ ഗവേഷണത്തിലും വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും നിർണായക പങ്കു വഹിച്ചത്?