ഇറാന്റെ തടവിൽ വനിതകൾക്ക് പീഡനത്തിന്റെ ‘വൈറ്റ് ടോർച്ചർ’, 154 ചാട്ടയടി; ‘എന്റെ കുഞ്ഞുങ്ങൾക്ക് വേദനകൊണ്ട് ഉറങ്ങാനാകുന്നില്ല’
Mail This Article
മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ പേര് ഇറാൻ ഭരണകൂടത്തിന് അത്ര പെട്ടെന്ന് മറക്കാനാവില്ല. തല മറയ്ക്കും വിധം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതകാര്യ പൊലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടി. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും മഹ്സ അമിനീയുടെ മരണം കൊളുത്തിയ തീജ്വാല ഇറാനിൽ ആളിപ്പടർന്നു. ഇറാനിൽ ഉടനീളം നടന്ന പ്രക്ഷോഭത്തിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. മഹ്സയുടെ മരണത്തിന് 2023 ൽ ഒരു വർഷം പൂർത്തിയാകുമ്പോഴാണ്, ഹിജാബിന്റെ പേരിൽ പതിനാറുകാരി അർമിത ഗെരാവന്ദിനെ ട്രെയിനിൽ വച്ച് പൊലീസ് ആക്രമിച്ചുവെന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. വീണ്ടും ഒരു പ്രക്ഷോഭത്തിലേക്ക് രാജ്യം പോകാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ട് അർമിതയെ ചികിത്സിക്കുന്ന ആശുപത്രിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെയാണ് ആ വാർത്ത വരുന്നത്; ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം! മഹ്സ അമീനിയുടെ പേരിൽ നടന്ന പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസിനുള്ള പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പേരിലാണ് ആ പ്രക്ഷോഭം അറിയപ്പെട്ടത്.