ട്വന്റി20 ഇന്നിങ്സ് ബാക്കി നിൽക്കെ തോറ്റടിഞ്ഞു പാക്കിസ്ഥാൻ; ബോളർമാർ നിറഞ്ഞാടി; മുന്നിൽ നിന്ന് നയിച്ച് രോഹിത്
Mail This Article
117 പന്തുകൾ ബാക്കി നിൽക്കെയാണ് ചിരകാല വൈരികളായ പാക്കിസ്ഥാനെ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ 7 വിക്കറ്റിന് തച്ചുതകർത്തത്. ട്വന്റി20 മത്സരത്തിൽ ഒരു ടീമിന് ആകെ ലഭിക്കുന്നത് 120 പന്താണെന്ന് ഓർമിക്കണം. അഹമ്മദാബാദിൽ പാക്കിസ്ഥാനുമേൽ ആധികാരിക വിജയത്തിന് ശേഷം ഇന്ത്യ അവശേഷിപ്പിച്ചത് ഇതിൽ നിന്ന് 3 പന്ത് മാത്രം കുറച്ച് 117 പന്തുകളാണ്. ഇന്ത്യയോടേറ്റ ഈ വൻ പരാജയം പാക്കിസ്ഥാനെ ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിലും പിന്തുടരുമെന്നതിൽ സംശയമില്ല. കളിയുടെ ഒരു മേഖലയിലും പാക്ക് ടീം ഇന്ത്യയുടെ അയലത്തുപോലും എത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തലച്ച ഒരു ലക്ഷത്തിലേറെ ക്രിക്കറ്റ് ആരാധകരെ ഈ വിജയം സന്തോഷിപ്പിച്ചിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ, അവരെ തൃപ്തിപ്പെടുത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം സുഖകരമാകില്ല. ഇന്ത്യ–പാക്ക് മത്സരങ്ങളിലെ നാടകീയതകളും ത്രസിപ്പിക്കുന്ന നിമിഷങ്ങളും പ്രതീക്ഷിച്ചെത്തിയ അവർ നിരാശരായിരിക്കാനാണ് സാധ്യത. സംഭവിച്ചത്, കളിയുടെ എല്ലാ മേഖലകളിലും പൂർണ ആധിപത്യം ഉറപ്പാക്കി തികച്ചും ഏകപക്ഷീയമായി ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു.