കോടികളുടെ സ്വർണം, വജ്രം... സിംബാംബ്വെയിലെ ഇന്ത്യൻ ഖനി രാജാവ്; മരണത്തിലേക്ക് സെസ്ന വീണ്ടും!
Mail This Article
നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്‌വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്‌വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്‌വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന്‍ ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്‍വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്‍വെയിലെ സ്വർണവും വജ്രവും അപൂര്‍വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.