ശ്വാസമടക്കിപ്പിടിച്ച് ഐഎസ്ആർഒ വിജയിപ്പിച്ചു ടിവി–ഡി1; ജീവന്റെ വിലയുള്ള ആകാശപരീക്ഷണം
Mail This Article
അഞ്ചു വർഷം മുൻപാണ്. 2018 ഒക്ടോബർ 11ന്. റഷ്യയിലെ കസഖ്സ്ഥാനിൽനിന്ന് രണ്ട് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് എംഎസ്–10 ദൗത്യം പറന്നുയർന്നു. യാത്രികരില്‍ ഒരാൾ റഷ്യയുടെ അലക്സി ഒവ്ചിനിൻ. രണ്ടാമത്തെയാൾ യുഎസിന്റെ നിക്ക് ഹേഗ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. എന്നാൽ പറന്നുയർന്ന് രണ്ട് മിനിറ്റായപ്പോൾ കസഖ്സ്ഥാനിലെ ബൈക്കനൂരിലെ കൺട്രോൾ സെന്ററിൽ അപായ സന്ദേശമെത്തി. പേടകത്തെ വഹിച്ചിട്ടുള്ള സോയുസ് എഫ്ജി റോക്കറ്റിൽ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അതിനോടകം ഭൂമിയിൽനിന്ന് 50 കിലോമീറ്റർ മുകളിലെത്തിയിരുന്നു പേടകം. അധികസമയം ആലോചിക്കാനില്ല. പദ്ധതി പാതിവഴിയിൽ അവസാനിപ്പിച്ചേ പറ്റൂ! അപ്പോൾ അതിനകത്തെ യാത്രക്കാര്‍? ഇത്തരമൊരു സാഹചര്യത്തെപ്പറ്റി ഗവേഷകർ നേരത്തേത്തന്നെ ആലോചിച്ചിരുന്നതാണ്. അതിനാൽത്തന്നെ പേടകത്തിൽ സോയുസ് ലോഞ്ച് എസ്കേപ് സിസ്റ്റമെന്നൊരു സുരക്ഷാസംവിധാനവും ഒരുക്കിയിരുന്നു. അപകടം തിരിച്ചറിഞ്ഞയുടനെ അത് പ്രവർത്തനക്ഷമമായി. പേടകം റോക്കറ്റിൽനിന്ന് വേർപ്പെട്ടു. പേടകവും അതിനകത്തെ യാത്രികരും അതിവേഗം താഴേക്ക്. എന്നാൽ കണ്ണടച്ചു തുറക്കും മുൻപ് പേടകത്തിലെ പാരച്യൂട്ടുകൾ പ്രവർത്തനക്ഷമമായി. കസഖ്സ്ഥാനിലെ ലോഞ്ച്പാഡിനടുത്തുതന്നെ ഏതാനും കിലോമീറ്റർ മാറി പാരച്യൂട്ട് ലാൻഡ് ചെയ്തു. യാത്രികരെ ഉടനെ സുരക്ഷാമേഖലയിലേക്കു മാറ്റി, വൈദ്യസഹായം നൽകി.