കാത്തുനിന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; രാജ്യം നല്കിയത് പരമോന്നത ബഹുമതി; കാർത്യായനി അമ്മയ്ക്ക് ഒന്നും അസാധ്യമല്ലായിരുന്നു
Mail This Article
ആറു മക്കളുള്ള, വളരെ ചെറുപ്പത്തിൽ തന്ന വിധവയായ സ്ത്രീ. തൂപ്പു ജോലി ചെയ്ത് തന്റെയും മക്കളുടെയും വിശപ്പകറ്റിയ യൗവനം. പറക്കമുറ്റുന്നതിനു മുൻപ് തന്നെ 3 മക്കളുടെ മരണം കൂടി കാണേണ്ടി വന്ന നിരാലംബയായ സ്ത്രീ. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാൻ പഠിക്കണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ കാലം ആ സ്ത്രീയെ കൊണ്ടുചെന്നെത്തിച്ചത് ലോകത്തിന്റെ നെറുകയിലായിരുന്നു. 98–ാം വയസ്സിൽ ഇന്ത്യയിൽ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. ‘നഗ്നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ വിദേശികൾ ആ അമ്മയെക്കുറിച്ച് പുസ്തകമെഴുതി. ഒക്ടോബർ 10ന് അന്തരിച്ച അക്ഷരമുത്തശ്ശി ചേപ്പാട് മുട്ടം പടീറ്റതിൽ കാർത്യായനിയമ്മയുടെ (101) ജീവിതം, പരാജയപ്പെട്ടു എന്നു കരുതുന്ന സകലർക്കും ഒരു മാതൃകയാണ്. ജീവിതത്തിൽ വിജയിക്കാനും സ്വപ്നങ്ങളെ സ്വന്തമാക്കാനും ‘വയസ്സ്’ ഒരു ഘടകമല്ല എന്നു തെളിയിച്ചുകൊണ്ടാണ് കാർത്യായനി അമ്മയുടെ മടക്കം.